ജിദ്ദ – ഇറാഖിലെ ഇറാൻ അനുകൂല സായുധ ഗ്രൂപ്പുകൾക്കെതിരെ നടത്തിയ സൈനിക നടപടി സ്വയം പ്രതിരോധത്തിന്റെ ഭാഗമാണെന്ന് സൗദി അറേബ്യ വ്യക്തമാക്കി. രാജ്യത്തെ എണ്ണ വ്യവസായ കേന്ദ്രങ്ങൾക്ക് നേരെ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഡ്രോൺ ആക്രമണങ്ങൾക്ക് പിന്നിൽ ഇറാഖ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇറാൻ പിന്തുണയുള്ള സായുധ സംഘങ്ങളാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
യു.എസ് സെൻട്രൽ കമാൻഡുമായി ഏകോപിപ്പിച്ചു നടത്തിയ ഈ ഓപ്പറേഷൻ ഐക്യരാഷ്ട്രസഭ ചാർട്ടറിന്റെ ആർട്ടിക്കിൾ 51 പ്രകാരം ന്യായീകരിക്കാവുന്നതാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കാൻ സൗദി ശ്രമിച്ചെങ്കിലും ഇറാൻ പിന്തുണയുള്ള സായുധസംഘം നിരുത്തരവാദപരമായ നിലപാടാണ് സ്വീകരിച്ചത്. കൂടുതൽ സംഘർഷം ആഗ്രഹിക്കുന്നില്ലെങ്കിലും, വീണ്ടും ആക്രമണമുണ്ടായാൽ പരമാധികാരവും പൗരന്മാരെയും ദേശീയ ആസ്തികളെയും സംരക്ഷിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും സൗദി മുന്നറിയിപ്പ് നൽകി.
ഇറാഖിൽ സൗദി സായുധ സേനയുമായി ചേർന്ന് സംയുക്ത വ്യോമാക്രമണം നടത്തിയതായി യു.എസ് സൈന്യവും സ്ഥിരീകരിച്ചു. ജൂലൈ 28-ന് നടന്ന ആക്രമണങ്ങൾ ഇറാൻ പിന്തുണയുള്ള തീവ്രവാദികളെ ലക്ഷ്യമിട്ടായിരുന്നുവെന്ന് യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു. കഴിഞ്ഞ 72 മണിക്കൂറിനിടെ ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ നിർദ്ദേശപ്രകാരം നടന്ന മുപ്പതിലേറെ ഡ്രോൺ ആക്രമണങ്ങൾക്ക് മറുപടിയായാണ് കിഴക്കൻ ഇറാഖിലെ ഭീകരരുടെ ലോജിസ്റ്റിക്‌സ്, ആയുധ സംഭരണ കേന്ദ്രങ്ങൾക്ക് നേരെ യു.എസ്-സൗദി യുദ്ധവിമാനങ്ങൾ ആക്രമണം നടത്തിയത്. 2026 ഫെബ്രുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ ഇറാഖിലെ ഇറാൻ പിന്തുണയുള്ള മിലിഷ്യകൾ യു.എസ് പൗരന്മാർക്കും കേന്ദ്രങ്ങൾക്കും നേരെ 600-ലധികം ആക്രമണ ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്നും, തുടർ തിരിച്ചടികൾ ഒഴിവാക്കാൻ ഇത്തരം ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും യു.എസ് വ്യക്തമാക്കി.
അതേസമയം, ബുധനാഴ്ച പുലർച്ചെ യു.എസ്, സൗദി സേനകൾ നടത്തിയ ആക്രമണങ്ങളിൽ തങ്ങളുടെ ഔദ്യോഗിക ആസ്ഥാനങ്ങൾ ആക്രമിക്കപ്പെട്ടതായി ഇറാഖിലെ പോപ്പുലർ മൊബിലൈസേഷൻ ഫോഴ്‌സ് സ്ഥിരീകരിച്ചു. ആക്രമണത്തിൽ കുറഞ്ഞത് 10 അംഗങ്ങൾ കൊല്ലപ്പെട്ടതായും നിരവധിയാളുകൾക്ക് പരിക്കേറ്റതായും പി.എം.എഫ് വൃത്തങ്ങൾ അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്.





