ദുബായ്- ബാങ്കിൽ ഹാജരാക്കുമ്പോഴേക്കും വിവരങ്ങൾ മാഞ്ഞുപോകുന്ന പ്രത്യേക തരം മഷി ഉപയോഗിച്ച് ചെക്ക് നൽകി വഞ്ചിച്ച അറബ് വംശജനോട് 17 ലക്ഷം ദിർഹം തിരികെ നൽകാനും പരാതിക്കാരന് നഷ്ടപരിഹാരം നൽകാനും ദുബായ് സിവിൽ കോടതി ഉത്തരവിട്ടു. ചെക്കിലെ മുഴുവൻ തുകയായ 17 ലക്ഷം ദിർഹത്തിന് പുറമെ, ചെക്കിന്റെ കാലാവധി തികഞ്ഞ തീയതി മുതൽ തുക പൂർണ്ണമായി അടച്ചുതീർക്കുന്നതുവരെ അഞ്ച് ശതമാനം വാർഷിക പലിശയും നൽകണം. കൂടാതെ, വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിൽ പരാതിക്കാരനുണ്ടായ ഭൗതികവും മാനസികവുമായ പ്രയാസങ്ങൾക്ക് 30,000 ദിർഹം നഷ്ടപരിഹാരമായും പ്രതി നൽകണമെന്ന് കോടതി വിധിച്ചു.
വഞ്ചനാപരമായി തയ്യാറാക്കിയ ചെക്ക് നൽകിയതിന് പ്രതി കുറ്റക്കാരനാണെന്ന് ക്രിമിനൽ കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഒരു വർഷത്തെ തടവുശിക്ഷയ്ക്കും പിഴയ്ക്കും വിധിച്ച ഈ ഉത്തരവ്, അപ്പീൽ കോടതി ശരിവെക്കുകയും ചെയ്തിരുന്നു. തുടർന്നാണ് സിവിൽ കോടതിയുടെ ഈ നിർണായക വിധി.
കോടതി രേഖകൾ പ്രകാരം, പരാതിക്കാരൻ പ്രതിക്ക് 17 ലക്ഷം ദിർഹം നൽകുകയും, തുകയ്ക്കുള്ള ഈടായി പ്രതിയിൽ നിന്ന് ചെക്ക് വാങ്ങുകയുമായിരുന്നു. ചെക്ക് നൽകുമ്പോൾ അതിൽ ആവശ്യമായ എല്ലാ വിവരങ്ങളും വ്യക്തമായി ഉണ്ടായിരുന്നു. എന്നാൽ കാലാവധി എത്തിയപ്പോൾ പരാതിക്കാരൻ ബാങ്കിൽ ചെക്ക് ഹാജരാക്കിയെങ്കിലും തുക നൽകാൻ ബാങ്ക് വിസമ്മതിച്ചു. സമയം കഴിയുന്തോറും മാഞ്ഞുപോകുന്നതോ മാറ്റങ്ങൾ സംഭവിക്കുന്നതോ ആയ പ്രത്യേക തിരുത്തൽ മഷി ഉപയോഗിച്ചാണ് ചെക്ക് എഴുതിയതെന്ന് കണ്ടെത്തിയതിനെ തുടർന്നാണിത്. ഇതോടെ ചെക്കിന്റെ നിയമസാധുത നഷ്ടപ്പെട്ടു. ചെക്ക് മാറുന്നത് തടയാൻ വഞ്ചനാപരമായ രീതിയിലാണ് അത് തയ്യാറാക്കിയതെന്ന് ആരോപിച്ച് പരാതിക്കാരൻ ക്രിമിനൽ പരാതി നൽകുകയായിരുന്നു.
ക്രിമിനൽ കോടതി വിധി സിവിൽ കോടതിക്ക് ബാധകം
കുറ്റകൃത്യത്തിന്റെ സ്വഭാവം, നിയമപരമായ തരംതിരിവ്, പ്രതിയുടെ ഉത്തരവാദിത്തം എന്നിവയുമായി ബന്ധപ്പെട്ട് ക്രിമിനൽ കോടതി പുറപ്പെടുവിക്കുന്ന അന്തിമ വിധി സിവിൽ കോടതികൾക്ക് ബാധകമാണെന്ന് സിവിൽ കോടതി വ്യക്തമാക്കി. ചെക്ക് മാറുന്നത് തടയാനായി പ്രതി തന്ത്രപൂർവ്വം വഞ്ചനാപരമായ മാർഗ്ഗം ഉപയോഗിച്ചതായി ക്രിമിനൽ കോടതി അന്തിമമായി സ്ഥിരീകരിച്ചിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
നിയമപരമായ യാതൊരു ന്യായീകരണവുമില്ലാതെ പ്രതി പരാതിക്കാരന്റെ പണം ഉപയോഗിച്ച് സമ്പന്നനായപ്പോൾ, പരാതിക്കാരന് വർഷങ്ങളോളം തന്റെ 17 ലക്ഷം ദിർഹം നഷ്ടപ്പെടുകയും പണം തിരികെ ലഭിക്കാൻ നീണ്ട ക്രിമിനൽ, സിവിൽ നിയമനടപടികൾ സ്വീകരിക്കേണ്ടി വരികയും ചെയ്തു.
നീണ്ടുനിന്ന നിയമപോരാട്ടം പരാതിക്കാരന് സാമ്പത്തിക നഷ്ടവും മാനസിക പ്രയാസങ്ങളും ഉണ്ടാക്കിയതായി വിലയിരുത്തിയ കോടതി, മുഴുവൻ തുകയും പലിശയും തിരിച്ചടയ്ക്കാൻ ഉത്തരവിട്ടതിനൊപ്പം 30,000 ദിർഹം നഷ്ടപരിഹാരമായും കോടതിച്ചെലവുകളും വിചാരണച്ചെലവുകളും നൽകാനും പ്രതിയോട് ആവശ്യപ്പെട്ടു.




