അബുദാബി: ലോകത്തിലെ ഏറ്റവും കരുത്തുറ്റ പാസ്പോർട്ടുകളുടെ പട്ടികയിൽ രണ്ടാം സ്ഥാനം സ്വന്തമാക്കി യു.എ.ഇ. ഹെൻലി പാസ്പോർട്ട് സൂചികയുടെ 20 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ കുതിച്ചുചാട്ടമാണ് യു.എ.ഇ പാസ്പോർട്ട് നടത്തിയിരിക്കുന്നത്. അയാട്ട ടിമാറ്റിക് ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള പുതിയ റിപ്പോർട്ട് പ്രകാരം യു.എ.ഇ പാസ്പോർട്ട് ഉടമകൾക്ക് ഇപ്പോൾ 188 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിസ രഹിത അല്ലെങ്കിൽ വിസ ഓൺ അറൈവൽ പ്രവേശനം സാധ്യമാണ്. 192 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിസ രഹിത പ്രവേശനം നൽകുന്ന സിംഗപ്പൂർ പാസ്പോർട്ടാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. സിംഗപ്പൂരിന് തൊട്ടുപിന്നിൽ ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾക്കൊപ്പമാണ് യു.എ.ഇ രണ്ടാം സ്ഥാനം പങ്കിടുന്നത്.
രണ്ട് പതിറ്റാണ്ട് മുൻപ് കേവലം 35 ലക്ഷ്യസ്ഥാനങ്ങളിലേക്ക് മാത്രം വിസ രഹിത പ്രവേശനമുണ്ടായിരുന്ന യു.എ.ഇ, 2006 മുതൽ 153 പുതിയ രാജ്യങ്ങൾ കൂടി പട്ടികയിൽ കൂട്ടിച്ചേർത്താണ് ഈ ചരിത്ര വിജയം കൈവരിച്ചത്. സൂചികയുടെ ചരിത്രത്തിൽ ഒരു പാസ്പോർട്ട് രേഖപ്പെടുത്തുന്ന ഏറ്റവും വലിയ പുരോഗതിയാണിത്. സുസ്ഥിരമായ നയതന്ത്രം, അന്താരാഷ്ട്ര പങ്കാളിത്തം, ബിസിനസ്സ്-നിക്ഷേപ കേന്ദ്രമെന്ന നിലയിലുള്ള വളർച്ച എന്നിവയാണ് യു.എ.ഇയുടെ ഈ നേട്ടത്തിന് പിന്നിലെന്ന് ഹെൻലി ആൻഡ് പാർട്ണേഴ്സ് ചെയർമാൻ ഡോ. ക്രിസ്റ്റ്യൻ എച്ച്. കെയ്ലിൻ വ്യക്തമാക്കുന്നു.
പട്ടികയിൽ 187 ലക്ഷ്യസ്ഥാനങ്ങളുമായി സ്വീഡൻ മൂന്നാം സ്ഥാനത്തും, ബെൽജിയം, ഡെൻമാർക്ക്, ഫ്രാൻസ്, ജർമ്മനി, ഇറ്റലി ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങൾ നാലാം സ്ഥാനത്തുമുണ്ട്. 2006-ൽ ഒന്നാം സ്ഥാനത്തായിരുന്ന അമേരിക്കൻ പാസ്പോർട്ട് നിലവിൽ 180 ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള പ്രവേശനത്തോടെ പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. യുകെ ആറാം സ്ഥാനത്തും കാനഡ ഏഴാം സ്ഥാനത്തുമാണ് ഉള്ളത്.
സൂചികയിൽ ഏറ്റവും താഴെ അഫ്ഗാനിസ്ഥാന്റെ പാസ്പോർട്ടാണ്. അഫ്ഗാൻ പാസ്പോർട്ട് വെറും 22 ലക്ഷ്യസ്ഥാനങ്ങളിലേക്ക് മാത്രമാണ് വിസ രഹിത പ്രവേശനം നൽകുന്നത്. സിറിയ, ഇറാഖ്, യെമൻ, പാകിസ്താൻ, സൊമാലിയ എന്നിവയാണ് പട്ടികയിൽ ഏറ്റവും പിന്നിലുള്ള മറ്റ് രാജ്യങ്ങൾ. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ വിസ രഹിത ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയ ഒരേയൊരു രാജ്യം ബൊളീവിയയാണ്.




