റിയാദ്: സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ പ്രവാസി വിദ്യാർഥികൾക്ക് ആധുനിക തൊഴിൽ മേഖലകളിൽ അവസരങ്ങൾ ഉറപ്പാക്കുന്ന രീതിയിൽ കേന്ദ്ര-കേരള സർക്കാരുകൾ അടിയന്തരമായി വിദ്യാഭ്യാസ രംഗത്ത് ഇടപെടലുകൾ നടത്തണമെന്ന് മർകസ് സൗദി ഈസ്റ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ചേർന്ന സ്പെഷ്യൽ മീറ്റിംഗിലാണ് കമ്മിറ്റി പ്രമേയം പാസാക്കിയത്.
പുതിയ ലോകക്രമത്തിൽ പ്രവാസി വിദ്യാർഥികളുടെ വിദ്യാഭ്യാസവും തൊഴിൽ ഭാവിയും ദേശീയ വികസനത്തിന്റെ ഭാഗമായി കാണണമെന്ന് യോഗം ചൂണ്ടിക്കാട്ടി. ഉന്നതവിദ്യാഭ്യാസ പ്രവേശനം, നൈപുണ്യ വികസനം (Skill development), സ്കോളർഷിപ്പുകൾ, പുതിയ തൊഴിൽ മേഖലകളിലേക്കുള്ള പരിശീലനം എന്നിവ ഉൾപ്പെടുത്തി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി പ്രത്യേക പദ്ധതികൾ നടപ്പിലാക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സൗദി ഈസ്റ്റ് നാഷണൽ പ്രസിഡന്റ് അഹമദ് നിസാമിയുടെ അധ്യക്ഷതയിൽ ചേർന്ന വെർച്വൽ യോഗം മർകസ് ഗ്ലോബൽ ജനറൽ കൺവീനർ അബ്ദുൽ ഗഫൂർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. 22 റീജിയനുകളിൽ നിന്നായി അറുപതോളം പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.
ഫിനാൻസ് സെക്രട്ടറി ബഷീർ നല്ലളം, എക്സലൻസി & ഇന്റർ സ്റ്റേറ്റ് സെക്രട്ടറി കബീർ ചേളാരി, ഗ്ലോബൽ സെക്രട്ടറി അഷ്റഫ് കൊടിയത്തൂർ, മുജീബുറഹ്മാൻ കാലടി, ഷാക്കിർ കൂടാളി, റാഷിദ് കാലിക്കറ്റ്, ഷമീർ രണ്ടത്താണി എന്നിവർ സംസാരിച്ചു. സൗദി ഈസ്റ്റ് നാഷണൽ ജനറൽ സെക്രട്ടറി ബഷീർ മാസ്റ്റർ നാദാപുരം സ്വാഗതവും മീഡിയ സെക്രട്ടറി അഫ്സൽ കായംകുളം നന്ദിയും പറഞ്ഞു.




