ഗാസ – മധ്യ ഗാസ മുനമ്പിലെ നുസൈറാത്തില്‍ മയ്യിത്ത് സംസ്‌കാര ചടങ്ങിനിടെ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ എട്ട് ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായും 20 പേര്‍ക്ക് പരിക്കേറ്റതായും ഗാസയിലെ ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മണിക്കൂറുകള്‍ക്ക് മുമ്പ് ഇതേ പ്രദേശത്ത് ഇസ്രായില്‍ നടത്തിയ മറ്റൊരു വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഫലസ്തീനിയുടെ മയ്യിത്ത് സംസ്‌കാര ചടങ്ങിനിടെയാണ് പുതിയ ആക്രമണമുണ്ടായത്. ഗാസ മുനമ്പില്‍ മറ്റേതാനും സ്ഥലങ്ങളില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ അഞ്ചു പേര്‍ കൂടി കൊല്ലപ്പെട്ടു. ഇതോടെ മണിക്കൂറുകള്‍ക്കിടെ ഗാസയില്‍ ഇസ്രായില്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 14 ആയി ഉയര്‍ന്നു. കൊല്ലപ്പെട്ടവരില്‍ രണ്ടു പേര്‍ വനിതകളാണ്.
വിലാപയാത്രക്കാരുടെ ക്രൂരമായ കൂട്ടക്കൊല എന്ന് വിശേഷിപ്പിച്ച് നുസൈറാത്ത് ആക്രമണത്തെ ഹമാസ് അപലപിച്ചു. ഗാസയിലെ ഇസ്രായിലി ആക്രമണങ്ങള്‍ തടയാന്‍ നടപടിയെടുക്കാന്‍ മധ്യസ്ഥരോടും ഐക്യരാഷ്ട്രസഭയോടും ഹമാസ് ആവശ്യപ്പെട്ടു. ഹമാസിനൊപ്പം ഗാസ മുനമ്പിന്റെ ചില ഭാഗങ്ങളില്‍ സ്വാധീനമുള്ള ഇസ്ലാമിക് ജിഹാദ് പ്രസ്ഥാനത്തിന്റെ ഒരു സെല്ലിനെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായില്‍ സൈന്യം പറഞ്ഞു. ആക്രമണത്തിന്റെ ഫലമായി ഇസ്ലാമിക് ജിഹാദുമായി ബന്ധമില്ലാത്ത ഏതാനും പേര്‍ക്ക് ഹാനിയുണ്ടായി എന്ന അവകാശവാദത്തെ കുറിച്ച് അറിയാമെന്നും സൈന്യം വ്യക്തമാക്കി. വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തിലുണ്ടായിരുന്നിട്ടും, വീടുകള്‍ വിട്ടുപോകാന്‍ മുന്നറിയിപ്പ് നല്‍കുന്ന ഓഡിയോ സന്ദേശങ്ങള്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ഇസ്രായില്‍ സൈന്യം പ്രക്ഷേപണം ചെയ്തതായും ഇത് സുരക്ഷക്കായി പലായനം ചെയ്യാന്‍ ചില കുടുംബങ്ങളെ നിര്‍ബന്ധിതരാക്കിയതായും മധ്യ ഗാസ മുനമ്പിലെ ദെയ്ര്‍ അല്‍ബലഹിന് കിഴക്കുള്ള പ്രദേശത്തെ താമസക്കാര്‍ പറഞ്ഞു.
ഒക്ടോബറില്‍ ഇസ്രായിലും ഹമാസും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം ഇസ്രായിലി ആക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം 1,100 കവിഞ്ഞതായി ഗാസ ആരോഗ്യ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇവരില്‍ ഭൂരിഭാഗവും സാധാരണക്കാരാണ്. ഹമാസ് സാധാരണയായി തങ്ങളുടെ ഭാഗത്തുള്ള ആളപായങ്ങളുടെ കണക്കുകള്‍ വെളിപ്പെടുത്തുന്നില്ല. വെടിനിര്‍ത്തല്‍ പ്രധാന പോരാട്ടങ്ങള്‍ നിര്‍ത്തിവെച്ചെങ്കിലും ദിവസേനയുള്ള ഇസ്രായിലി വ്യോമാക്രമണങ്ങള്‍ അവസാനിപ്പിച്ചില്ല. പോരാളികളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തുന്നതെന്ന് ഇസ്രായില്‍ വാദിക്കുന്നു.



