കൊച്ചി: യൂട്യൂബിൽ അശ്ലീല വീഡിയോകൾ പങ്കുവെച്ച കേസിൽ ഒളിവിൽ കഴിയുന്ന പ്രമുഖ യൂട്യൂബർ ‘തൊപ്പി’ എന്ന നിഹാദിനെതിരെ പോലീസ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു. എറണാകുളം റൂറൽ സൈബർ പോലീസാണ് സർക്കുലർ ഇറക്കിയിരിക്കുന്നത്. കേസിൽ തൊപ്പി നൽകിയ മുൻകൂർ ജാമ്യാപേക്ഷയെ പോലീസ് ശക്തമായി എതിർത്തിരുന്നു. ഇതിന് പിന്നാലെയാണ് ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയത്. അശ്ലീല ദൃശ്യങ്ങൾ പങ്കുവെച്ചതിനെ തുടർന്ന് തൊപ്പിയുടെ യൂട്യൂബ് ചാനൽ നേരത്തെ പൂട്ടിയിരുന്നു.
ഗെയിമിങ് ലൈവ് സ്ട്രീമിങ്ങിലൂടെയാണ് തൊപ്പിയും സംഘവും പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെടെയുള്ള വലിയൊരു വിഭാഗം ആരാധകരെ നേടിയത്. തുടക്കം മുതൽ ഇവർ ലൈവിൽ ഉപയോഗിച്ചിരുന്ന മോശം ഭാഷ വലിയ രീതിയിലുള്ള കടുത്ത വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
യൂട്യൂബ് വരുമാനത്തെച്ചൊല്ലി തർക്കം; പിന്നാലെ പരസ്യപ്പോര്
യൂട്യൂബ്-ഗെയിമിങ് വരുമാനം പങ്കുവെക്കുന്നതിനെച്ചൊല്ലി സുഹൃത്തുക്കളായിരുന്നവർ തമ്മിലുണ്ടായ തർക്കമാണ് ഒടുവിൽ പരസ്യമായ ഏറ്റുമുട്ടലിലേക്കും ചാനൽ പൂട്ടിക്കുന്നതിലേക്കും എത്തിയത്. ഇതിനിടെ, സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ തൊപ്പിയുടെ കൂട്ടാളിയായിരുന്ന ‘മമ്മു’ എന്ന മുഹമ്മദ് മമ്മുവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മഞ്ചേരി സ്വദേശിനിയുടെ പരാതിയിലാണ് മമ്മു പിടിയിലായത്. ഈ കേസിലും തൊപ്പി പ്രതിയാണ്.
‘Mrz Shameer’ എന്ന യൂട്യൂബ് ചാനലിൽ ജൂൺ 10ന് രാത്രി നടത്തിയ ലൈവ് സ്ട്രീമീഗിനിടെ ചാനൽ ഉടമയായ ഷമീർ, ജാസി, മമ്മു എന്നിവർ ചേർന്ന് കടുത്ത അശ്ലീല-ലൈംഗിക പരാമർശങ്ങൾ നടത്തിയെന്നാണ് കേസ്. ഈ കേസിൽ ഒളിവിലുള്ള തൊപ്പിയെയും മറ്റ് പ്രതികളെയും കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിരിക്കുകയാണ്.



