വാഷിംഗ്ടണ്‍: ആഗോള എണ്ണ വിപണിയുടെ ജീവന നാഡിയായ ഹോര്‍മുസ് കടലിടുക്ക് വഴി കയറ്റുമതി ചെയ്യുന്ന എല്ലാ ചരക്കുകൾക്കും 20 ശതമാനം ടോൾ ചുമത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനെതിരെ വീണ്ടും ശക്തമായ നാവിക ഉപരോധം ഏര്‍പ്പെടുത്തുമെന്നും ഫോക്‌സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കി.
തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടുന്നതായി ഇറാന്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് അന്താരാഷ്ട്ര തലത്തിൽ വൻ ചലനങ്ങൾ സൃഷ്ടിക്കാനിടയുള്ള ട്രംപിന്റെ പ്രസ്താവന പുറത്തുവന്നത്.
‘കടലിടുക്കിന്റെ കാവൽ മാലാഖയാകും’
മേഖലയിലെ സുരക്ഷ ഉറപ്പാക്കാനുള്ള ഭീമമായ ചെലവ് നികത്താനാണ് 20% ടോൾ ഈടാക്കുന്നതെന്ന് ട്രംപ് വ്യക്തമാക്കി. കടലിടുക്കിന്റെ നിയന്ത്രണവും സംരക്ഷണവും അമേരിക്ക ഏറ്റെടുക്കുമെന്ന സൂചനയും അദ്ദേഹം നൽകി.
“ഞങ്ങള്‍ ഹോര്‍മുസ് കടലിടുക്ക് നിയന്ത്രിക്കും, ഒരുപക്ഷേ ഞങ്ങൾ അത് നേരിട്ട് കൈകാര്യം ചെയ്യും. ഞങ്ങള്‍ കടലിടുക്കിന്റെ സംരക്ഷകരോ ‘കാവല്‍ മാലാഖയോ’ എന്ന് വിളിക്കപ്പെട്ടേക്കാം. എന്നാൽ ഈ സംരക്ഷണത്തിന് ഞങ്ങള്‍ക്ക് കൃത്യമായ പ്രതിഫലം ലഭിക്കണം. ലോകത്തിലെ സമ്പന്ന രാജ്യങ്ങൾ ഇതിനായി ഞങ്ങളെ പിന്തുണക്കുന്നുണ്ട്. ഇതൊന്നും സൗജന്യമായി ചെയ്യാൻ അമേരിക്കയ്ക്ക് കഴിയില്ല.” – ഡൊണാൾഡ് ട്രംപ്
നേരത്തെ ഒപ്പിട്ട കരാറുകൾ ഇറാൻ ലംഘിച്ചതാണ് നിലവിലെ കടുത്ത നടപടികൾക്ക് കാരണം. ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖാംനഇ കൊല്ലപ്പെട്ടിരിക്കാനുള്ള സാധ്യത 90 ശതമാനമാണെന്നും, സൈനിക ശേഷി പുനര്‍നിര്‍മ്മിക്കാന്‍ ഇറാന് ഇനി കഴിയില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
അമേരിക്കയെ തടയുമെന്ന് ഇറാൻ
അതേസമയം ഹോര്‍മുസ് കടലിടുക്കിന്റെ മാനേജ്‌മെന്റില്‍ ഇടപെടാന്‍ അമേരിക്കയെ അനുവദിക്കില്ലെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് വ്യക്തമാക്കി. ഇറാന്റെ അനുമതിയില്ലാതെ കടലിടുക്ക് കടക്കാനുള്ള യു.എസ് നീക്കങ്ങളെ ശക്തമായി നേരിടുമെന്ന് ഇറാന്‍ സംയുക്ത സേനാ കമാന്‍ഡ് മുന്നറിയിപ്പ് നൽകി.
ജലപാതയിലെ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കണമെങ്കിൽ യു.എസ് സൈനിക ഇടപെടലുകള്‍ അവസാനിപ്പിക്കുകയാണ് ഏക മാർഗമെന്നാണ് ഇറാന്റെ നിലപാട്. വാണിജ്യ കപ്പലുകള്‍ക്ക് സൈനിക അകമ്പടി സേവിക്കാനുള്ള അമേരിക്കയുടെ നീക്കം മേഖലയിലെ അസ്ഥിരത വര്‍ദ്ധിപ്പിക്കുമെന്നും ഇറാന്‍ വിദേശ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഗായ് പറഞ്ഞു.
കടലിടുക്ക് അടച്ചിട്ട ഇറാന്റെ നടപടി ഇതിനകം തന്നെ ആഗോളതലത്തിൽ ഊര്‍ജ വില വര്‍ദ്ധിപ്പിക്കാനും പണപ്പെരുപ്പ ഭീതി ഉയര്‍ത്താനും കാരണമായിട്ടുണ്ട്.
ഡ്രോൺ ആക്രമണവുമായി യു.എസ് സെന്‍ട്രല്‍ കമാന്‍ഡ്
വാഗ്വാദങ്ങൾക്കിടെ ഇറാനിലെ തന്ത്രപ്രധാന നാവിക താവളത്തിന് നേരെ അമേരിക്ക ഞായറാഴ്ച ഡ്രോൺ ആക്രമണം നടത്തി. ബന്ദര്‍ അബ്ബാസിലെ അന്തര്‍വാഹിനി-കപ്പല്‍ അറ്റകുറ്റപ്പണി കേന്ദ്രം ലക്ഷ്യമിട്ടായിരുന്നു ആക്രമണം. മൂന്ന് ‘കോര്‍സെയര്‍ മാരിടൈം ഡ്രോണുകള്‍’ ഉപയോഗിച്ചാണ് യു.എസ് സൈന്യം ആക്രമണം നടത്തിയത്. ഈ യുദ്ധത്തിൽ ആദ്യമായാണ് യു.എസ് സേന സമുദ്ര ഡ്രോണുകള്‍ ഉപയോഗിക്കുന്നത്.



