ജിദ്ദ: കാലാനുസൃതമായ വികസന പ്രവർത്തനങ്ങളിലൂടെ മഞ്ചേരിയെ ആധുനിക നഗരമാക്കി മാറ്റിയെടുക്കുമെന്ന് മഞ്ചേരി നിയോജക മണ്ഡലം എം.എൽ.എ അഡ്വ. എം. റഹ്മത്തുല്ല. വിദ്യാഭ്യാസ മേഖലയുടെ നവീകരണം, മെഡിക്കൽ കോളേജിന്റെ വികസനം, മഞ്ചേരി ടൗൺ മാനേജ്മെന്റ് എന്നിവയ്ക്ക് തന്റെ ഭരണകാലയളവിൽ അതീവ പ്രാധാന്യം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. മഞ്ചേരി നിയോജക മണ്ഡലം ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി ജിദ്ദയിലെത്തിയ അദ്ദേഹത്തിന് ജിദ്ദ മഞ്ചേരി മണ്ഡലം കെ.എം.സി.സി കമ്മറ്റി നൽകിയ സ്വീകരണ സമ്മേളനത്തിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
മഞ്ചേരിയിൽ ഒരു ഐ.ടി ഹബ്ബ് യാഥാർത്ഥ്യമാക്കുക, മണ്ഡലത്തിനായി പ്രത്യേക വിനോദസഞ്ചാര കേന്ദ്രം ഒരുക്കുക, കുടുംബങ്ങൾക്കും കുട്ടികൾക്കുമായി ഹാപ്പിനസ് സെന്റർ നിർമ്മിക്കുക തുടങ്ങിയ പ്രവാസികളുടെ ആവശ്യങ്ങൾ ഗൗരവമായി പരിഗണിക്കുമെന്ന് എം.എൽ.എ ഉറപ്പുനൽകി. സാധാരണക്കാരുടെ വിയർപ്പിന്റെ വിലയറിഞ്ഞ്, പ്രവാസി സമൂഹത്തിന്റെ പൂർണ്ണ പിന്തുണയോടെ ഈ അഞ്ച് വർഷം കൊണ്ട് മഞ്ചേരിയെ കൂടുതൽ സുന്ദരമാക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജിദ്ദ മഞ്ചേരി മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് സുലൈമാൻ കൊടവണ്ടിയുടെ അധ്യക്ഷതയിൽ നടന്ന പ്രവാസി സംഗമം ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മറ്റി പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. സുനീർ ബാബു പൊറ്റയിൽ ഖിറാഅത്ത് നടത്തി. ജിദ്ദ മഞ്ചേരി മണ്ഡലം കെ.എം.സി.സി ജനറൽ സെക്രട്ടറി മൂസ പട്ടത്ത് സ്വാഗതം ആശംസിച്ചു.


ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി വി.പി മുസ്തഫ, സൗദി കെ.എം.സി.സി നാഷണൽ കമ്മറ്റി അംഗം നസീർ വാവ കുഞ്ഞു, ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി ഭാരവാഹി അബൂട്ടി നിലമ്പൂർ എന്നിവർ ആശംസകൾ നേർന്നു. രാഷ്ട്രീയ മനോഹാരിതയുള്ള വമ്പിച്ച വിജയമാണ് മഞ്ചേരിയുടെ മണ്ണ് റഹ്മത്തുല്ല സാഹിബിലൂടെ സമ്മാനിച്ചതെന്നും, സാധാരണക്കാരിലേക്ക് ഇറങ്ങിച്ചെല്ലുന്ന ജനപ്രതിനിധിയാണ് അദ്ദേഹമെന്നും നേതാക്കൾ ഓർമ്മിപ്പിച്ചു.


ജിദ്ദ കെ.എം.സി.സി മഞ്ചേരി മണ്ഡലം കമ്മറ്റി, മഞ്ചേരി മുൻസിപ്പൽ കമ്മറ്റി, പാണ്ടിക്കാട്, തൃക്കലങ്ങോട്, കീഴാറ്റൂർ, എടപ്പറ്റ എന്നീ പഞ്ചായത്ത് കമ്മറ്റികൾ എം.എൽ.എയെ ഹാരമണിയിച്ച് ആദരിച്ചു. കൂടാതെ, പ്രവാസി സമൂഹത്തിലെ ഹജ്ജ് വളണ്ടിയർമാരെയും ആദരിച്ചു. ജിദ്ദ മഞ്ചേരി മണ്ഡലം കെ.എം.സി.സി ട്രഷറർ കുഞ്ഞി മുഹമ്മദ് കൊമ്പൻ നന്ദി പ്രകാശിപ്പിച്ചു.



