മദീന – തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ ആതിഥേയത്വത്തില്‍ പരിശുദ്ധ ഉംറ കര്‍മ്മം നിര്‍വഹിക്കാന്‍ അവസരം ലഭിച്ച തീര്‍ഥാടകരുടെ ആദ്യ സംഘം മദീനയിലെത്തി. പതിനാറ് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള 250 പേരാണ് ആദ്യ സംഘത്തിലുള്ളത്. മദീന പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ അതിഥികളെ ഇസ്ലാമികകാര്യ മന്ത്രാലയത്തിലെ കിംഗ് സല്‍മാന്‍ ഉംറ പ്രോഗ്രാം ആക്ടിംഗ് സെക്രട്ടറി ജനറല്‍ അലി അല്‍സുഗൈബിയും പ്രോഗ്രാം ഉദ്യോഗസ്ഥരും ചേര്‍ന്ന് ഹാര്‍ദ്ദമായി സ്വീകരിച്ചു. തീര്‍ഥാടകരുടെ നടപടിക്രമങ്ങള്‍ സുഗമമായി പൂര്‍ത്തിയാക്കി. പ്രവാചക പള്ളിക്ക് സമീപമുള്ള ഹോട്ടലിലാണ് ഇവര്‍ക്ക് താമസസൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഉംറ നിര്‍വഹിക്കാനും പ്രവാചക പള്ളി സന്ദര്‍ശിക്കാനും തങ്ങള്‍ക്ക് അവസരമൊരുക്കിയ സൗദി ഭരണാധികാരികള്‍ക്ക് തീര്‍ഥാടകര്‍ നന്ദിയും കടപ്പാടും പ്രകടിപ്പിച്ചു. ഇസ്ലാമിനെയും മുസ്ലിംകളെയും സേവിക്കുന്നതിലും ദൈവത്തിന്റെ അതിഥികളെ പരിപാലിക്കുന്നതിലും രാജ്യം നടത്തുന്ന മഹത്തായ ശ്രമങ്ങളെ അവര്‍ അഭിനന്ദിച്ചു. അതിഥികള്‍ക്കായി മസ്ജിദുന്നബവി, ഹറം ഇമാമുമാരുമായുള്ള കൂടിക്കാഴ്കള്‍, ആത്മീയവും സാംസ്‌കാരികവുമായ അനുഭവം സമ്പന്നമാക്കാനായി രൂപകല്‍പ്പന ചെയ്ത സന്ദര്‍ശനങ്ങള്‍ എന്നിവയുള്‍പ്പെടെ സമഗ്രമായ സാംസ്‌കാരിക, പ്രബോധന പ്രോഗ്രാം തയ്യാറാക്കിയിട്ടുണ്ടെന്ന് ഇസ്ലാമികകാര്യ മന്ത്രാലയം വ്യക്തമാക്കി.
ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരെയും സന്ദര്‍ശകരെയും സ്വീകരിക്കാനായി മന്ത്രാലയം നടപ്പാക്കുന്ന കിംഗ് സല്‍മാന്‍ ഉംറ പ്രോഗ്രാമിന്റെ ഭാഗമായി, ഇന്തോനേഷ്യ, കിഴക്കന്‍ തിമോര്‍, ഫിലിപ്പീന്‍സ്, മലേഷ്യ, കംബോഡിയ, തായ്ലന്‍ഡ്, വിയറ്റ്‌നാം, മ്യാന്‍മര്‍, ലാവോസ്, സിംഗപ്പൂര്‍, ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, ഹോങ്കോംഗ്, തായ്വാന്‍, മംഗോളിയ എന്നീ 16 ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള 250 അതിഥികളാണ് ആദ്യ സംഘത്തിലുള്ളത്. ലോക രാജ്യങ്ങളില്‍ നിന്നുള്ള ആയിരം പേര്‍ക്കാണ് ഈ വര്‍ഷം സല്‍മാന്‍ രാജാവിന്റെ അതിഥികളായി ഉംറ കര്‍മ്മം നിര്‍വഹിക്കാന്‍ അവസരമൊരുക്കുന്നത്. 250 പേര്‍ വീതം അടങ്ങിയ നാലു ബാച്ചുകളായാണ് ഇവര്‍ക്ക് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുക.



