കറാച്ചി– ഷാർജയിൽ നിന്ന് പാകിസ്താനിലെ കറാച്ചിയിലേക്ക് സർവീസ് നടത്തുന്നതിനിടെ റഡാറിൽ നിന്ന് അപ്രത്യക്ഷമായ പാക് ചരക്കുവിമാനത്തിനായുള്ള തിരച്ചിൽ ഊർജിതമാക്കി. അഞ്ച് ജീവനക്കാരുമായി ചൊവ്വാഴ്ച യാത്രതിരിച്ച കെ2 എയർവേയ്‌സിന്റെ ബോയിങ് 737 വിമാനമാണ് എയർ ട്രാഫിക് കൺട്രോളറുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ട് കാണാതായത്. വിമാനം അറബിക്കടലിൽ തകർന്നുവീണതാകാം എന്ന സംശയത്തെ തുടർന്ന് കടലിൽ ഉൾപ്പെടെ വൻതോതിലുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. വിവിധ സുരക്ഷാ ഏജൻസികളെ ഏകോപിപ്പിച്ചുകൊണ്ടാണ് നിലവിൽ തിരച്ചിൽ പുരോഗമിക്കുന്നതെന്ന് പാകിസ്താൻ എയർപോർട്ട് അതോറിറ്റി ഔദ്യോഗിക എക്സ് ഹാൻഡിലിലൂടെ അറിയിച്ചു.
കറാച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന കെ2 എയർവേയ്‌സിന്റെ ഉടമസ്ഥതയിലുള്ള, 27 വർഷം പഴക്കമുള്ള വിമാനമാണ് അപകടത്തിൽപ്പെട്ടത്. കറാച്ചിക്ക് തെക്കുപടിഞ്ഞാറായി അറബിക്കടലിന്റെ പരിധിയിൽ വിമാനം തകർന്നുവീണിരിക്കാനാണ് പ്രഥമ ദൃഷ്ട്യാ സാധ്യതയെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. വിമാനത്തിലുണ്ടായിരുന്ന അഞ്ച് ക്രൂ അംഗങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.



