ബീജിംഗ് – ഹോര്‍മുസ് കടലിടുക്ക് കടക്കുന്ന കപ്പലുകളില്‍ നിന്ന് ഇറാന്‍ പുതിയ ഫീസ് ഈടാക്കുമെന്നും സൗഹൃദ രാജ്യങ്ങള്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുമെന്നും ചൈനയിലെ ഇറാന്‍ അംബാസഡര്‍ അബ്ദുറെസ റഹ്‌മാനി ഫസ്‌ലി ബീജിംഗില്‍ വേള്‍ഡ് പീസ് ഫോറത്തില്‍ പറഞ്ഞു. ഹോര്‍മുസില്‍ ടോളോ ഫീസുകളോ ഏര്‍പ്പെടുത്തുന്നത് അമേരിക്ക എതിര്‍ക്കുന്നു. യുദ്ധം അവസാനിപ്പിക്കാനായി ഇറാനും അമേരിക്കയും തമ്മില്‍ ഉണ്ടാക്കിയ പ്രാരംഭ കരാറില്‍ വാണിജ്യ കപ്പലുകള്‍ കടലിടുക്കിലൂടെ 60 ദിവസത്തേക്ക് സൗജന്യമായി കടത്തിവിടുമെന്ന് വ്യവസ്ഥ ചെയ്യുന്നു. എന്നാല്‍ ഈ കാലയളവിനുശേഷം എന്തായിരിക്കുമെന്ന് വ്യക്തമല്ല. സുപ്രധാന ജലപാതക്കായി ഒമാനുമായി ചേര്‍ന്ന് പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഇറാന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അംബാസഡര്‍ വ്യക്തമാക്കി.
ഹോര്‍മുസ് തങ്ങളുടെ പ്രദേശിക ജലാശയത്തിന്റെ ഭാഗമായ ഒരു രാജ്യമെന്ന നിലയില്‍, ഞങ്ങള്‍ തീര്‍ച്ചയായും സേവന ഫീസ് ഈടാക്കും. അത്തരം ഫീസ് ടോള്‍ ആയിരിക്കില്ല. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗത സുരക്ഷ ഉറപ്പാക്കല്‍, കപ്പല്‍ സഞ്ചാരത്തിന്റെ മേല്‍നോട്ടം, വന്‍തോതിലുള്ള കപ്പലുകളുടെ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ കൈകാര്യം ചെയ്യല്‍ എന്നിവയുമായി ബന്ധപ്പെട്ടായിരിക്കും പുതിയ ക്രമീകരണങ്ങള്‍. ഇറാനോട് സൗഹൃദം പുലര്‍ത്തുകയും പ്രയാസകരമായ സമയങ്ങളില്‍ നമ്മെ പ്രത്യേകമായി പിന്തുണക്കുകയും ചെയ്ത രാജ്യങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നത് ഞങ്ങള്‍ തീര്‍ച്ചയായും പരിഗണിക്കുമെന്ന് അബ്ദുറെസ റഹ്‌മാനി ഫസ്‌ലി കൂട്ടിച്ചേര്‍ത്തു.
സാധാരണയായി ലോകത്തിലെ അസംസ്‌കൃത എണ്ണയുടെയും ദ്രവീകൃത പ്രകൃതിവാതകത്തിന്റെയും അഞ്ചിലൊന്ന് ഹോര്‍മുസിലൂടെയാണ് കടന്നുപോകുന്നത്. എന്നാല്‍ മിഡില്‍ ഈസ്റ്റ് യുദ്ധസമയത്ത് ഇറാന്‍ ഹോര്‍മുസ് അടച്ചുപൂട്ടി. ഇത് ഊര്‍ജ വില കുതിച്ചുയരാന്‍ കാരണമായി. മിഡില്‍ ഈസ്റ്റ് യുദ്ധം അവസാനിപ്പിക്കാന്‍ യു.എസുമായി പ്രാരംഭ കരാറില്‍ ഏര്‍പ്പെട്ടതിന് ശേഷം ഇറാന്‍ ഹോര്‍മുസ് ഉപരോധം പിന്‍വലിച്ചു. സംഘര്‍ഷത്തിന് ശാശ്വതമായ പരിഹാരത്തിനുള്ള ചര്‍ച്ചകള്‍ അമേരിക്കയും ഇറാനും തുടരുകയാണ്.



