ജിദ്ദ – ഈ വര്‍ഷം ആദ്യ പകുതിയില്‍ സൗദിയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നടത്തിയ പരിശോധനകളില്‍ രണ്ടര ലക്ഷത്തോളം തൊഴില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തി. സംയോജിത ഡിജിറ്റല്‍, ഫീല്‍ഡ് മോണിറ്ററിംഗ് സംവിധാനം ഉപയോഗിച്ച് ആറു മാസത്തിനിടെ സ്വകാര്യ സ്ഥാപനങ്ങളില്‍ അഞ്ചു ലക്ഷത്തിലേറെ പരിശോധനകള്‍ നടത്തിയതിൽ 2,40,000 ലേറെ തൊഴില്‍ നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്.
പരിശോധനകള്‍ക്കിടെ നിയമ, വ്യവസ്ഥകള്‍ പാലിക്കാത്ത 50,000 ലേറെ സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പുകള്‍ നല്‍കി. രണ്ടു ലക്ഷത്തിലേറെ സ്ഥാപനങ്ങള്‍ തൊഴില്‍ നിയമങ്ങളും നിയമാവലികളും പൂര്‍ണമായും പാലിക്കുന്നതായി പരിശോധനകളില്‍ വ്യക്തമായി. ഇത് നിയമപാലനത്തിന്റെ വളരുന്ന സംസ്‌കാരത്തെയും നിരീക്ഷണ ശ്രമങ്ങളുടെ ഫലപ്രാപ്തിയെയും പ്രതിഫലിപ്പിക്കുന്നു. സൗദിവല്‍ക്കരണം പാലിക്കാത്തതുമായി ബന്ധപ്പെട്ട 80,000 ലേറെ നിയമ ലംഘനങ്ങളും ആറു മാസത്തിനിടെ കണ്ടെത്തി. തൊഴിലവസരങ്ങളുടെ സംരക്ഷണത്തിനും ബിസിനസ് സ്ഥാപനങ്ങള്‍ക്കിടയില്‍ നീതി പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്ന നിലക്ക്, സൗദിവല്‍ക്കരണം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചു.
സ്ഥാപനങ്ങളുടെ ഡാറ്റ തുടര്‍ച്ചയായി റീഡ് ചെയ്തും വിശകലനം ചെയ്തും നിയമ ലംഘനങ്ങളുടെ സൂചകങ്ങള്‍ തത്സമയം നിരീക്ഷിക്കുന്ന ഓട്ടോമേറ്റഡ് ഇലക്ട്രോണിക് സംവിധാനങ്ങള്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ നിരീക്ഷിക്കാന്‍ മന്ത്രാലയം ആശ്രയിക്കുന്നു. ഇത് നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിന്റെ വേഗത വര്‍ധിപ്പിക്കുകയും നിയമ ലംഘനങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനെ പിന്തുണക്കുകയും ചെയ്യുന്നുണ്ട്. പരാതികളുടെയും സംശയത്തിന്റെ സൂചകങ്ങളുടെയും അടിസ്ഥാനത്തില്‍ നടത്തുന്ന ഫീല്‍ഡ് പരിശോധനകളുമാണ് ഈ സംവിധാനങ്ങള്‍.
മേല്‍നോട്ട കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായി, ഈ വര്‍ഷം ആദ്യ പകുതിയില്‍ മന്ത്രാലയം ആരംഭിച്ച സ്മാര്‍ട്ട് പരിശോധനാ സംവിധാനം 60,000 ലേറെ നിയമ ലംഘനങ്ങള്‍ കണ്ടെത്താനും തിരിച്ചറിയാനും സഹായിച്ചു. കൂടുതല്‍ കൃത്യതയോടും കാര്യക്ഷമതയോടും കൂടി സ്ഥാപനങ്ങളുടെ നിയമപാലനം നിരീക്ഷിക്കാനുള്ള മേല്‍നോട്ട സംവിധാനത്തിന്റെ ശേഷി ഇത് ശക്തിപ്പെടുത്തി.



