തെഹ്‌റാൻ– അമേരിക്കയുമായി ഒപ്പുവെച്ച ധാരണാപത്രത്തിലെ ബാധ്യതകൾ നിറവേറ്റാൻ യു.എസ് തയ്യാറാകുന്നില്ലെങ്കിൽ രാജ്യം യുദ്ധത്തിന് പൂർണ്ണ സജ്ജമാണെന്ന് ഇറാൻ പാർലമെന്റ് സ്പീക്കറും ചർച്ചാ സംഘത്തിന്റെ തലവനുമായ മുഹമ്മദ് ബാഖർ ഖാലിബാഫ് വ്യക്തമാക്കി. ഇറാൻ എപ്പോഴും നയതന്ത്ര ചർച്ചകൾക്കാണ് മുൻഗണന നൽകുന്നത്, എന്നാൽ അമേരിക്ക ധിക്കാരപരമായ സമീപനവും ബലപ്രയോഗത്തിന്റെ യുക്തിയുമാണ് സ്വീകരിക്കുന്നതെങ്കിൽ അതേ രീതിയിൽ തിരിച്ചടിക്കാൻ രാജ്യം ഒട്ടും മടിക്കില്ലെന്ന് അദ്ദേഹം കർശന മുന്നറിയിപ്പ് നൽകി. അമേരിക്കയുമായി ഇപ്പോൾ നടക്കുന്ന ആശയവിനിമയങ്ങൾ പുതിയൊരു കരാർ ഉണ്ടാക്കാനല്ല, മറിച്ച് നിലവിലുള്ള ധാരണാപത്രം കൃത്യമായി നടപ്പാക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്താൻ മാത്രമാണ്. പതിനാല് പോയിന്റുകളടങ്ങിയ മെമ്മോറാണ്ടത്തിലെ ആദ്യത്തെ അഞ്ച് വ്യവസ്ഥകൾ അമേരിക്ക പൂർണ്ണമായി നടപ്പിലാക്കുന്നത് വരെ ബാക്കി കാര്യങ്ങളിലേക്ക് ഇറാൻ കടക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുറേനിയം സമ്പുഷ്ടീകരണത്തെ കുറിച്ചോ ഇറാന്റെ ആക്രമണ-മിസൈൽ ശേഷികളെ കുറിച്ചോ അമേരിക്കയുമായി ഇനി യാതൊരുവിധ ചർച്ചകൾക്കുമില്ലെന്ന് ഖാലിബാഫ് അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു. ഇറാന്റെ മിസൈൽ ശേഷി രാജ്യത്തിന്റെ സുരക്ഷ ഉറപ്പുനൽകുന്നതിലും അമേരിക്കയുടെ അമിതമായ ആവശ്യങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിലും പ്രധാന പങ്കുവഹിക്കുന്നതിനാൽ ഇതിൽ യാതൊരു വിലപേശലിനും തയ്യാറല്ല. അന്താരാഷ്ട്ര ആണവോർജ ഏജൻസിയുമായി സഹകരിക്കുമെങ്കിലും, യുറേനിയം സമ്പുഷ്ടീകരണം തങ്ങളുടെ മാറ്റാനാകാത്ത അവകാശമായാണ് ഇറാൻ കണക്കാക്കുന്നത്. മുൻപ് ഇറാൻ ഭരണകൂടത്തെ അട്ടിമറിക്കാൻ ശ്രമിച്ച അമേരിക്ക, പുതിയ മെമ്മോറാണ്ടം പ്രകാരം ലെബനോനിൽ പ്രതിരോധ മുന്നണിയുടെ തുടർച്ചയായ സാന്നിധ്യം ഉറപ്പുനൽകിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ആദ്യ വ്യവസ്ഥയെ ലംഘിക്കുന്ന തരത്തിലുള്ള അമേരിക്കയുടെ ഏത് നീക്കമുണ്ടായാലും ഇറാൻ സമാനമായ രീതിയിൽ ശക്തമായി പ്രതികരിക്കും. ഹോർമുസ് കടലിടുക്കിലെ സംഭവവികാസങ്ങളെയും ലെബനോനിലെ ഇസ്രായിലി ആക്രമണങ്ങളോടുള്ള ഹിസ്ബുല്ലയുടെ പ്രതികരണങ്ങളെയും ‘കണ്ണിന് കണ്ണ്’ എന്ന തത്വത്തിലൂന്നിയാകും ഇറാൻ ഇനി സമീപിക്കുക. ഇതിനോടകം തന്നെ, അമേരിക്ക നടത്തിയ വെടിനിർത്തൽ ലംഘനങ്ങൾക്ക് മറുപടിയായി ബഹ്‌റൈനിലെയും കുവൈത്തിലെയും യു.എസ് കേന്ദ്രങ്ങളിൽ ഇറാൻ ആക്രമണം നടത്തിയതായും ഖാലിബാഫ് വെളിപ്പെടുത്തി.
ഇറാൻ പ്രതിനിധി സംഘത്തിന്റെ സ്വിറ്റ്‌സർലൻഡ് സന്ദർശനം പുതിയൊരു ചർച്ചയല്ല, മറിച്ച് ധാരണാപത്രത്തിന് തൊട്ടുപിന്നാലെ നടപ്പാക്കേണ്ട അഞ്ച് പ്രധാന വ്യവസ്ഥകളുടെ നടപടിക്രമങ്ങൾ ആരംഭിക്കുന്നതിന് വേണ്ടിയുള്ളതായിരുന്നു. വെടിനിർത്തൽ കാലയളവിൽ അമേരിക്ക ഇറാനെതിരെ ഏർപ്പെടുത്തിയ നാവിക ഉപരോധം വെടിനിർത്തൽ കരാറിന്റെ ലംഘനമായിരുന്നു. എന്നാൽ പ്രാരംഭ കരാർ ഒപ്പുവെച്ച രാത്രിയിൽ തന്നെ ഉപരോധം അവസാനിപ്പിച്ചതായി ഡൊണാൾഡ് ട്രംപ് പ്രഖ്യാപിക്കുകയും നിലവിൽ നാവിക ഉപരോധം പൂർണ്ണമായി അവസാനിക്കുകയും ചെയ്തിട്ടുണ്ട്. ധാരണാപത്രത്തിൽ ഒപ്പുവെച്ച ഉടൻ തന്നെ അമേരിക്ക നാവിക ഉപരോധം നീക്കാൻ തുടങ്ങണമെന്നും മുപ്പത് ദിവസത്തിനകം അത് പൂർണ്ണമായി അവസാനിപ്പിക്കണമെന്നും മെമ്മോറാണ്ടത്തിൽ വ്യവസ്ഥയുണ്ടായിരുന്നു. യുദ്ധം അവസാനിച്ചതായുള്ള പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ പ്രഖ്യാപനവും നാവിക ഉപരോധം നീക്കുന്നത് സംബന്ധിച്ച ട്രംപിന്റെ ട്വീറ്റും കരാറിന് ശേഷമുണ്ടായ സുപ്രധാന സംഭവവികാസങ്ങളാണ്.
ഇറാനും അമേരിക്കയും തമ്മിലുള്ള ഇസ്ലാമാബാദ് ധാരണാപത്രത്തെ ഇസ്രായിൽ ശക്തമായി എതിർത്തിരുന്നു. കരാർ തടസ്സപ്പെടുത്താനും ലെബനോനിലെ പ്രധാന സ്ഥലങ്ങൾ പിടിച്ചെടുക്കാനും ഇസ്രായിൽ വലിയ തോതിൽ ആക്രമണം അഴിച്ചുവിട്ടു. ഈ സാഹചര്യത്തിലാണ് ഇറാൻ സംഘം സ്വിറ്റ്‌സർലൻഡിലേക്ക് പോയതും ലെബനോനിലെ വെടിനിർത്തൽ പ്രധാന വിഷയമായി ഉന്നയിച്ചതും. ഈ ധാരണാപത്രം അമേരിക്കയ്ക്കും ഇസ്രായിലിനും കനത്ത പരാജയമാണ് നൽകിയതെന്നും സ്വിറ്റ്‌സർലൻഡ് ചർച്ചകൾക്ക് ശേഷം ലെബനോന് നേരെ ഇസ്രായിൽ നടത്തുന്ന ആക്രമണങ്ങളുടെ വ്യാപ്തിയിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്നും ഖാലിബാഫ് ചൂണ്ടിക്കാട്ടി.



