ജിദ്ദ – ഇസ്ലാമിക, ദഅ്‌വ, ഗൈഡന്‍സ് കാര്യ മന്ത്രാലയം നടപ്പാക്കുന്ന കിംഗ് സല്‍മാന്‍ ഹജ്, ഉംറ, സിയാറത്ത് പ്രോഗ്രാമിന്റെ ഭാഗമായി ഈ വര്‍ഷം തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ ആതിഥേയത്വത്തില്‍ ലോക രാജ്യങ്ങളില്‍ നിന്നുള്ള ആയിരം പേര്‍ക്ക് ഉംറ കര്‍മ്മം നിര്‍വിക്കാന്‍ അവസരമൊരുക്കുന്നു. 250 പേര്‍ വീതം അടങ്ങിയ നാലു ബാച്ചുകളായാണ് രാജാവിന്റെ അതിഥികളായി തെരഞ്ഞെടുക്കുന്നവര്‍ക്ക് ഉംറ നിര്‍വഹിക്കാന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുക. ഇന്തോനേഷ്യ, കിഴക്കന്‍ തിമോര്‍, ഫിലിപ്പീന്‍സ്, മലേഷ്യ, കംബോഡിയ, തായ്ലന്‍ഡ്, വിയറ്റ്‌നാം, മ്യാന്‍മര്‍, ലാവോസ്, സിംഗപ്പൂര്‍, ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, ഹോങ്കോംഗ്, തായ്വാന്‍, മംഗോളിയ എന്നീ 16 ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള 250 തീര്‍ഥാടകരാണ് ആദ്യ തീര്‍ഥാടക സംഘത്തിലുണ്ടാവുക.
ഇസ്ലാമിനെയും മുസ്ലിംകളെയും സേവിക്കുന്നതില്‍ കാണിക്കുന്ന ശ്രദ്ധക്കും, ഉംറ നിര്‍വഹിക്കാനും പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും മുസ്ലിംകളെ പ്രാപ്തരാക്കാനുള്ള താല്‍പ്പര്യത്തിനും സല്‍മാന്‍ രാജാവിനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഇസ്ലാമിക, ദഅ്‌വ, ഗൈഡന്‍സ് കാര്യ മന്ത്രിയും കിംഗ് സല്‍മാന്‍ ഹ്, ഉംറ, സിയാറത്ത് പ്രോഗ്രാം ജനറല്‍ സൂപ്പര്‍വൈസറുമായ ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് നന്ദിയും കടപ്പാടും അറിയിച്ചു. മുസ്ലിം ജനതകള്‍ക്കിടയില്‍ സാഹോദര്യബന്ധം ശക്തിപ്പെടുത്താനുള്ള സൗദി ഭരണാധികാരികളുടെ പ്രതിബദ്ധത ഈ പദ്ധതി വ്യക്തമാക്കുന്നതായും വിവിധ രാജ്യങ്ങളിലെ മുസ്ലിം സമൂഹങ്ങളിലെ പണ്ഡിതന്മാര്‍, നേതാക്കള്‍, സ്വാധീനമുള്ള വ്യക്തികള്‍ എന്നിവരുമായി ആശയവിനിമയത്തിന്റെ പാലങ്ങള്‍ പണിയുക എന്ന സൗദി അറേബ്യയുടെ മാനുഷികവും മതപരവുമായ സന്ദേശത്തെ പ്രതിഫലിപ്പിക്കുന്നതായും മന്ത്രി പറഞ്ഞു.
കിംഗ് സല്‍മാന്‍ ഹജ്, ഉംറ, സിയാറത്ത് പ്രോഗ്രാം ആരംഭിച്ചതു മുതല്‍ തുടര്‍ച്ചയായ വിജയം കൈവരിച്ചിട്ടുണ്ട്. ഇസ്ലാമിനെയും മുസ്ലിംകളയും സേവിക്കുക എന്ന രാജ്യത്തിന്റെ ലക്ഷ്യം കൈവരിക്കുന്നതിന് പ്രോഗ്രാം സഹായിച്ചിട്ടുണ്ട്. 140 ലധികം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പദ്ധതി ഇതിനകം പ്രയോജനപ്പെട്ടിട്ടുണ്ട്. ഉയര്‍ന്ന മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി പ്രോഗ്രാം നടപ്പാക്കാനായി മന്ത്രാലയം സര്‍വ ശേഷികളും ഉപയോഗപ്പെടുത്തി. രാജാവിന്റെ അതിഥികള്‍ക്ക് ഉംറ കര്‍മ്മങ്ങള്‍ നിര്‍വഹിക്കാനും മസ്ജിദുന്നബവിയും ചരിത്ര കേന്ദ്രങ്ങളും സന്ദര്‍ശിക്കാനും ഇരു ഹറമുകളിലെയും പണ്ഡിതന്മാരെയും ഇമാമുമാരെയും കാണാനും അവസരമൊരുക്കുന്ന സംയോജിത പരിപാടികള്‍ പ്രോഗ്രാമില്‍ ഉള്‍പ്പെടുന്നതായും ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് വ്യക്തമാക്കി.



