ന്യൂയോർക്ക്: ലോകകപ്പ് ഗ്രൂപ്പ് ഐ പോരാട്ടങ്ങളിൽ സൂപ്പർ താരങ്ങളുടെ ഇരട്ട ഗോൾ മികവിൽ ഫ്രാൻസിനും നോർവേക്കും തകർപ്പൻ ജയം. ന്യൂയോർക്കിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ഫ്രാൻസ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ആഫ്രിക്കൻ കരുത്തരായ സെനഗലിനെ പരാജയപ്പെടുത്തിയപ്പോൾ, ബോസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക് ഇറാഖിനെ തരിപ്പണമാക്കിയാണ് നോർവേ കളം വിട്ടത്.
ആദ്യ പകുതിയിൽ ഇരുടീമുകളും ഗോൾരഹിത സമനില പാലിച്ച ശേഷമാണ് രണ്ടാം പകുതിയിൽ ഫ്രാൻസ് സെനഗലിന്റെ പ്രതിരോധക്കോട്ട പൊളിച്ചത്. അറുപത്തിയാറാം മിനിറ്റിൽ ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെയാണ് ടീമിനായി ആദ്യ ഗോൾ നേടിയത്. തുടർന്ന് എൺപത്തിരണ്ടാം മിനിറ്റിൽ സഹതാരം ബ്രാഡ്‌ലി ബാർകോള ഫ്രാൻസിന്റെ ലീഡ് രണ്ടാക്കി ഉയർത്തി. മത്സരം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ ഇഞ്ചുറി ടൈമിൽ ഇബ്രാഹിം എംബായെയിലൂടെ സെനഗൽ ഒരു ഗോൾ മടക്കിയെങ്കിലും ഫ്രാൻസിനെ തളയ്ക്കാനായില്ല. തൊട്ടടുത്ത മിനിറ്റിൽ തന്നെ എംബാപ്പെ തന്റെ ഇരട്ട ഗോൾ തികച്ചുകൊണ്ട് ഫ്രാൻസിന് മൂന്ന് ഒന്നിന്റെ ആധികാരിക വിജയം സമ്മാനിച്ചു. ഇതോടെ മൂന്ന് ലോകകപ്പുകളിലായി എംബാപ്പെ 14 ഗോളുകളാണ് സ്കോർ ചെയ്തത്. 16 ഗോളുകളുമായി ലയണൽ മെസ്സിയും മിറോസ്ലാഫ് ക്ലോസെയും 15 ഗോളുകളുമായി റൊണാൾഡോ നെസാരിയോയുമാണ് മുന്നിൽ.
മറ്റൊരു മത്സരത്തിൽ ഇറാഖിന് നോർവേയുടെ ആക്രമണങ്ങൾക്ക് മുന്നിൽ മറുപടിയില്ലായിരുന്നു. സൂപ്പർ താരം എർലിങ് ഹാളണ്ടിന്റെ ഇരട്ട ഗോൾ മികവിലാണ് നോർവേ വലിയ വിജയം സ്വന്തമാക്കിയത്. തന്റെ ലോകകപ്പ് കരിയറിലെ ആദ്യ മത്സരത്തിന് തന്നെ ഇറങ്ങിയാണ് താരം ഇരട്ട ഗോളുകൾ നേടിയത്. ഇരുപത്തിയൊൻപതാം മിനിറ്റിൽ ഹാളണ്ടിലൂടെ നോർവേയാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ മുപ്പത്തിയൊൻപതാം മിനിറ്റിൽ അയ്മൻ ഹുസൈനിലൂടെ ഇറാഖ് ഗോൾ മടക്കി സമനില പിടിച്ചു. പക്ഷെ സമനിലയുടെ ആയുസ്സ് നാല് മിനിറ്റ് മാത്രമായിരുന്നു. നാൽപ്പത്തിമൂന്നാം മിനിറ്റിൽ ഹാളണ്ട് വീണ്ടും വലകുലുക്കിയതോടെ നോർവേ ആദ്യ പകുതിയിൽ രണ്ട് ഒന്നിന് മുന്നിലെത്തി. രണ്ടാം പകുതിയിൽ എഴുപത്തിയാറാം മിനിറ്റിൽ ലിയോ ഓസ്റ്റിഗാർഡ് നോർവേയുടെ മൂന്നാം ഗോൾ നേടി. ഒടുവിൽ ഇഞ്ചുറി ടൈമിന്റെ ആറാം മിനിറ്റിൽ ഇറാഖ് താരം അയ്മൻ ഹുസൈൻ വഴങ്ങിയ സെൽഫ് ഗോൾ കൂടിയായതോടെ ഒന്നിനെതിരെ നാല് ഗോളുകളുടെ കനത്ത തോൽവിയോടെ ഇറാഖിന് കളം വിടേണ്ടി വന്നു.



