ഇസ്ലാമാബാദ്: മൂന്ന് മാസം നീണ്ടുനിന്ന ശക്തമായ പോരാട്ടത്തിനൊടുവിൽ ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് ആശ്വാസമേകി അമേരിക്കയും ഇറാനും തമ്മിൽ യുദ്ധം അവസാനിപ്പിക്കാൻ ധാരണയായി. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് തുറക്കാനും ഇരുരാജ്യങ്ങളും തമ്മിൽ കരാറിലെത്തി. വെള്ളിയാഴ്ച സ്വിറ്റ്‌സർലൻഡിൽ കരാർ ഔദ്യോഗികമായി ഒപ്പുവെക്കുമെന്ന് ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ച പാകിസ്ഥാൻ അറിയിച്ചു. ഇറാന്റെ ആണവപദ്ധതി ഉൾപ്പെടെയുള്ള മറ്റ് പ്രധാന തർക്കവിഷയങ്ങൾ വരുംദിവസങ്ങളിൽ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇറാനുമായി കരാറിലെത്തിയ വിവരം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചു. ഹോർമുസ് കടലിടുക്കിൽ ഇറാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് പ്രതികാരമായി യുഎസ് പ്രഖ്യാപിച്ച നാവിക ഉപരോധം അവസാനിപ്പിക്കാൻ ഉത്തരവിട്ടതായി ട്രംപ് വ്യക്തമാക്കി.
“എല്ലാവർക്കും അഭിനന്ദനങ്ങൾ! ഹോർമുസ് കടലിടുക്ക് ടോൾ രഹിതമായി തുറക്കുന്നതിന് ഞാൻ പൂർണ്ണ അംഗീകാരം നൽകുന്നു. അതോടൊപ്പം ഇറാനെതിരായ യുഎസ് നാവിക ഉപരോധം ഉടനടി പിൻവലിക്കാൻ ഉത്തരവിടുകയും ചെയ്യുന്നു,” – ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
കടലിടുക്ക് വീണ്ടും തുറക്കുന്നതോടെ ഇറാന് മേലുള്ള കൂടുതൽ സാമ്പത്തിക ഉപരോധങ്ങളിൽ ഇളവ് വരുത്തുമെന്ന് അമേരിക്ക നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് ഇറാന് കൂടുതൽ എണ്ണ വിൽക്കാനും തകർച്ച നേരിടുന്ന അവരുടെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനും സഹായകരമാകും.
ഖത്തറിന്റെയും പാകിസ്ഥാന്റെയും മധ്യസ്ഥത
ഇറാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസിം ഗരിബാബാദി സ്റ്റേറ്റ് ടെലിവിഷൻ വഴി കരാർ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ വെള്ളിയാഴ്ച ഔദ്യോഗികമായി ഒപ്പുവെക്കുന്നതുവരെ ഇറാൻ ഇത് നടപ്പിലാക്കാൻ തുടങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റൊരു മധ്യസ്ഥ രാജ്യമായ ഖത്തറിന്റെ പ്രതിനിധിയുമായി തെഹ്‌റാനിൽ നടത്തിയ 14 മണിക്കൂറിലധികം നീണ്ട ചർച്ചകൾക്കൊടുവിലാണ് കരാറിന് അംഗീകാരമായത്. യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിൽ ഒപ്പുവെക്കാൻ അമേരിക്ക നിർബന്ധിതരാവുകയായിരുന്നു എന്നാണ് ഇറാൻ സ്റ്റേറ്റ് ടിവി റിപ്പോർട്ട് ചെയ്തത്.
ലെബനൻ ഉൾപ്പെടെയുള്ള എല്ലാ മേഖലകളിലെയും സൈനിക പ്രവർത്തനങ്ങൾ ഉടനടി സ്ഥിരമായി അവസാനിപ്പിക്കാൻ ഇരുപക്ഷവും സമ്മതിച്ചിട്ടുണ്ടെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അറിയിച്ചു. വരും ദിവസങ്ങളിൽ സാങ്കേതിക ചർച്ചകൾ സുഗമമാക്കാൻ മധ്യസ്ഥർ യോഗം ചേരുമെന്നും പാക് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ട്രംപിന്റെ മുന്നറിയിപ്പ്
അതേസമയം, ഇറാൻ അമേരിക്കയുമായി അന്തിമ ആണവ കരാറിലെത്തുന്നതിൽ പരാജയപ്പെട്ടാൽ സൈനിക ആക്രമണം പുനരാരംഭിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ‘ന്യൂയോർക്ക് ടൈംസിനോട്’ പറഞ്ഞു. അല്ലെങ്കിൽ മേഖലയിലെ വരുമാനത്തിന്റെ 20 ശതമാനം വിഹിതത്തിന് പകരമായി യുഎസിനെ മിഡിൽ ഈസ്റ്റിന്റെ കാവൽക്കാരാക്കേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
ഇറാനുമായി ഉണ്ടാക്കിയ കരാർ ഹോർമുസ് കടലിടുക്ക് ശാശ്വതമായി ടോൾ ഫ്രീയായി നിലനിർത്താൻ സഹായിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാനുമായുള്ള കരാറിനെതിരെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തുവന്നിരുന്നു. എന്നാൽ തന്റെ നീക്കം ഇസ്രായേലിനെ ആണവ ഭീഷണിയിൽ നിന്ന് രക്ഷിച്ചുവെന്നാണ് ട്രംപിന്റെ വാദം.



