ലണ്ടൻ- മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ വെച്ച് രണ്ടു യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്യാന്‍ ബ്രിട്ടീഷ് പോലീസ് തീരുമാനിച്ചു. ഔദ്യോഗിക യൂനിഫോമിലുള്ള പോലീസ് ഉദ്യോഗസ്ഥന്‍ ഇലക്ട്രിക് തോക്ക് (ടേസര്‍) ഉപയോഗിച്ച് യുവാക്കളെ ആക്രമിക്കുകയും ശിരസ്സിലും ദേഹത്തും അതിശക്തിയായി തൊഴിക്കുകയും ചവിട്ടുകയുമായിരുന്നു.
ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത് വ്യാപക പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. എമര്‍ജന്‍സി ജീവനക്കാരനെ ആക്രമിക്കുകയും വഴക്കുണ്ടാക്കുകയും പോലീസിന്റെ ജോലി തടസ്സപ്പെടുത്തുകയും ചെയ്തതായി സംശയിച്ചാണ് യുവാക്കളെ പോലീസ് ക്രൂരമായി മര്‍ദിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ച നടന്ന സംഭവത്തെ കുറിച്ച കൂടുതല്‍ വിവരങ്ങള്‍ വിശദമായി പരിശോധിച്ച ശേഷമാണ് ഉദ്യോഗസ്ഥനെ സുരക്ഷാ ചുമതലകളില്‍ നിന്ന് തടഞ്ഞതെന്ന് ബ്രിട്ടീഷ് പോലീസ് പറഞ്ഞു. വീഡിയോ ദൃശ്യങ്ങളെ കുറിച്ച ആളുകളുടെ ആശങ്ക താന്‍ പൂര്‍ണമായും മനസ്സിലാക്കുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. ആഭ്യന്തര മന്ത്രിയും സംഭവത്തെ കുറിച്ച് മനസ്സിലാക്കിയിട്ടുണ്ട്. സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ ആഭ്യന്തര മന്ത്രി മാഞ്ചസ്റ്റര്‍ മേയറെ കണ്ടതായും ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു.
ക്യാപ്.
മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ വെച്ച് മുസ്‌ലിം യുവാക്കളില്‍ ഒരാളെ പോലീസ് ഉദ്യോഗസ്ഥന്‍ ആക്രമിക്കുന്നു.