ഏദന്‍– ഹൂത്തി വിമതര്‍ തങ്ങളുടെ സൈനികരുടെ മൃതദേഹങ്ങള്‍ വികൃതമാക്കുകയും അനാദരിക്കുകയും ചെയ്തതായി യെമന്‍ സൈന്യം ആരോപിച്ചു. തെക്കുപടിഞ്ഞാറന്‍ നഗരമായ തഇസില്‍ കൊല്ലപ്പെട്ട സര്‍ക്കാര്‍ സൈനികരുടെ മൃതദേഹങ്ങളാണ് ഇറാന് പിന്തുണയുള്ള ഹൂത്തികള്‍ മനഃപൂര്‍വം വികൃതമാക്കിയതെന്ന് യെമന്‍ സായുധ സേനാ വക്താവ് കേണല്‍ മാജിദ് അല്‍നുസൈലി എക്സ് പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കി.
ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് റെഡ് ക്രോസ് വഴിയാണ് മൃതദേഹങ്ങള്‍ കൈമാറിയത്. തഇസിലെ സൈനിക ആശുപത്രിയിലെ മെഡിക്കല്‍ ജീവനക്കാര്‍ നടത്തിയ പരിശോധനയില്‍ മൃതദേഹങ്ങളില്‍ ഒടിഞ്ഞ അവയവങ്ങളും മുഖത്ത് ഗുരുതരമായ പരിക്കുകളും രാസവസ്തുക്കള്‍ മൂലമുണ്ടായ പൊള്ളലുകളും കണ്ടെത്തിയതായി അല്‍നുസൈലി അറിയിച്ചു. ഇത്തരം ക്രൂരതകള്‍ യെമന്‍ നിയമങ്ങള്‍ക്കും അന്താരാഷ്ട്ര തത്ത്വങ്ങള്‍ക്കും ഇസ്ലാമിക അധ്യാപനങ്ങള്‍ക്കും ഗോത്രവര്‍ഗ കീഴ്വഴക്കങ്ങള്‍ക്കും വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
ഹൂത്തികളുടെ ഭാഗത്തുനിന്ന് ഇത്തരമൊരു പ്രവൃത്തി ഉണ്ടാകുന്നത് ഇതാദ്യമല്ലെന്നും 2023ലും കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധം കത്തിക്കരിഞ്ഞ നിലയില്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ‘ഡോണ്‍ ഓഫ് യെമന്‍’ എന്ന സൈനിക നടപടിയുടെ ഭാഗമായി ചൊവ്വാഴ്ച ഹൂത്തി കേന്ദ്രങ്ങള്‍ക്ക് നേരെ സര്‍ക്കാര്‍ സേന 1,382 ആക്രമണങ്ങള്‍ നടത്തിയതായി കേണല്‍ മാജിദ് അല്‍നുസൈലി അറിയിച്ചു. ആക്രമണങ്ങളില്‍ 440-ഓളം ഹൂത്തി അംഗങ്ങളും ഫീല്‍ഡ് കമാന്‍ഡര്‍മാരും കൊല്ലപ്പെട്ടു. കൂടാതെ, 146 സൈനിക വാഹനങ്ങളും ആയുധങ്ങളും മറ്റ് ഉപകരണങ്ങളും തകര്‍ക്കുകയോ ഉപയോഗശൂന്യമാക്കുകയോ ചെയ്തതായും സൈനിക വക്താവ് വ്യക്തമാക്കി.



