റിയാദ്- യെമനിൽ ഹൂത്തികളെ ലക്ഷ്യമിട്ട് സഖ്യസേന നടത്തിയ ശക്തമായ വ്യോമാക്രമണങ്ങളിൽ 136 സൈനിക ലക്ഷ്യങ്ങൾ തകർത്തതായി സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി അറിയിച്ചു. ഹൂത്തികളുടെ ബാലിസ്റ്റിക് മിസൈൽ ശൃംഖല പൂർണ്ണമായി തകർക്കുക എന്ന ലക്ഷ്യത്തോടെ യെമൻ സായുധ സേനാ യൂണിറ്റുകൾക്ക് സഖ്യസേന നിരന്തരമായ വ്യോമ പിന്തുണ നൽകിവരുന്നുണ്ട്.
‘ഡോൺ ഓഫ് യെമൻ’ എന്ന പേരിൽ നടക്കുന്ന സൈനിക നീക്കത്തിന്റെ ഭാഗമായി ഹൂത്തികളുടെ നിയന്ത്രണത്തിലുണ്ടായിരുന്ന തന്ത്രപ്രധാനമായ ദുബാബ് ജില്ലയും ബാബ് അൽമന്ദബ് കടലിടുക്കും പൂർണ്ണമായി മോചിപ്പിച്ചതായി യെമൻ ഡെപ്യൂട്ടി പ്രതിരോധ മന്ത്രി മേജർ ജനറൽ സമീർ അൽസ്വബ്രി പ്രഖ്യാപിച്ചു. തഇസ്, മാരിബ് തുടങ്ങിയ വിവിധ മുന്നണികളിൽ യെമൻ സൈന്യം ശക്തമായ പോരാട്ടമാണ് കാഴ്ചവെക്കുന്നത്. ഹൂത്തികളുടെ നിയന്ത്രണം പൂർണ്ണമായി അവസാനിപ്പിക്കുക എന്നതാണ് ഈ സൈനിക വിജയങ്ങളുടെ ലക്ഷ്യമെന്നും ഹുദൈദ, സൻആ, സഅ്ദ തുടങ്ങിയ പ്രദേശങ്ങളിലാണ് നിലവിൽ പ്രധാന ശ്രദ്ധയെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ അഞ്ച് ദിവസമായി തുടരുന്ന സൈനിക നടപടികളുടെ ഭാഗമായി സൗദി വ്യോമ പിന്തുണയോടെ യെമൻ സർക്കാർ സേന ബാബ് അൽമന്ദബ് കടലിടുക്കിന്റെയും തന്ത്രപ്രധാനമായ മയൂൻ ദ്വീപിന്റെയും നിയന്ത്രണം പിടിച്ചെടുത്തു. ജയന്റ്സ് ബ്രിഗേഡുകളും ഹോംലാന്റ് ഷീൽഡ് സേനയും ചേർന്ന് അൽഅറദി ക്യാമ്പും സമീപത്തെ കോട്ടകളും കീഴടക്കിയതോടെ പ്രദേശത്തിന്റെ സുരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ട്. ഈ ക്യാമ്പിലുണ്ടായിരുന്ന ഒട്ടനവധി ഹൂത്തി അംഗങ്ങൾ ആയുധങ്ങൾ താഴെവെച്ച് കീഴടങ്ങിയതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഹൂത്തി കേന്ദ്രങ്ങൾക്ക് നേരെ 2,750ലധികം കൃത്യമായ വ്യോമാക്രമണങ്ങളാണ് യെമൻ സായുധസേന നടത്തിയത്. പ്രഥമിക കണക്കുകൾ പ്രകാരം ഈ ആക്രമണങ്ങളിൽ 1,400ലധികം ഹൂത്തികൾ കൊല്ലപ്പെട്ടതായി സൈനിക വക്താവ് കേണൽ മാജിദ് അബ്ദുല്ല അൽനുസൈലി വ്യക്തമാക്കി. ഹൂത്തികളുടെ നിരീക്ഷണ- രഹസ്യാന്വേഷണ കേന്ദ്രങ്ങൾ, പീരങ്കി കേന്ദ്രങ്ങൾ, ആയുധപ്പുരകൾ, ലോജിസ്റ്റിക് വെയർഹൗസുകൾ എന്നിവയാണ് പ്രധാനമായും തകർത്തത്. കൂടാതെ 250ലധികം സൈനിക വാഹനങ്ങളും യുദ്ധ ഉപകരണങ്ങളും വ്യോമാക്രമണങ്ങളിൽ പ്രവർത്തനരഹിതമാക്കി. കരസേനയുടെ മുന്നേറ്റത്തിന് ഈ വ്യോമാക്രമണങ്ങൾ വലിയ പിന്തുണയാണ് നൽകുന്നതെന്നും സൈനിക വക്താവ് കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







