ക്യോട്ടോ: ജപ്പാനില്‍ നിര്‍മ്മിച്ച ലോകത്തെ ഏറ്റവും കൃത്യതയുള്ള ക്ലോക്ക് നിര്‍മ്മാതാക്കള്‍ വില്‍പ്പനയ്ക്ക് വച്ചു. ക്യോട്ടോ ആസ്ഥാനമായ ശിമാദ്‌സു കോര്‍പ് നിര്‍മിച്ച ‘Aether Clock OC 020’ എന്ന ക്ലോക്കിന് വിലയിട്ടിരിക്കുന്നത് 33 ലക്ഷം യുഎസ് ഡോളറാണ്. ഏകദേശം 28.6 കോടി രൂപയോളം വരും. ഒരു സെക്കന്‍ഡ് സമയം തെറ്റാന്‍ 1000 കോടി വര്‍ഷങ്ങളെടുക്കുമെന്നാണ് ഈ ക്ലോക്കിന്റെ നിര്‍മാതാക്കള്‍ പറയുന്നത്. അത്രയ്ക്കും കൃത്യതയാണ് ഈ സ്‌ട്രോന്റിയം ഒപ്റ്റിക്കല്‍ ലാറ്റിസ് ക്ലോക്ക് എന്നറിയപ്പെടുന്ന ഈ ക്ലോക്കിന്. നിലവില്‍ സെക്കന്‍ഡുകളെ നിര്‍വചിക്കുന്നതിന് മാനദണ്ഡമാക്കുന്ന സീസ്മിക് ആറ്റമിക് ക്ലോക്കുകളേക്കാള്‍ 100 ഇരട്ടി കൃത്യതയാണിവയ്ക്ക്. കാഴ്ചയില്‍ ചെറിയൊരു ഫ്രിജിനോളം വരുമിത്. ഒരു മീറ്റര്‍ ഉയരവും 250 ലീറ്റര്‍ വാഹകശേഷിയുമുള്ള പെട്ടിയിലാണ് ഈ ക്ലോക്ക് സംവിധാനിച്ചിരിക്കുന്നത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ 10 ക്ലോക്കുകള്‍ വില്‍ക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
സമയമൊക്കെ കിറുകൃത്യമാണെങ്കിലും ഈ ഘടികാരം വീട്ടിലോ ഒഫീസുകളിലോ തൂക്കാന്‍ ഉപയോഗിക്കുന്നതല്ല. ഭൗതികശാസ്ത്ര ഗവേഷണ പഠനങ്ങള്‍ക്കാണ് ഇവ ആവശ്യമായി വരിക. ആപേക്ഷികതാ സിദ്ധാന്തം (General theory of relativity) പരീക്ഷിക്കുന്നതിനു വേണ്ടി ഈ ഗണത്തിലുള്ള ഒപ്റ്റിക്കല്‍ ലാറ്റിസ് ക്ലോക്കുകള്‍ നേരത്തെ ടോക്യോയിലെ പ്രശസ്തമായ സ്‌കൈട്രീയില്‍ സ്ഥാപിച്ചിട്ടുണ്ട്. ശക്തമായ ഗുരുത്വാകര്‍ഷണമുള്ള സ്ഥലങ്ങളില്‍ സമയത്തിന് വേഗത കുറവായിരിക്കുമെന്ന് പറയുന്ന സിദ്ധാന്തമാണ് സാമാന്യ ആപേക്ഷികതാ സിദ്ധാന്തം.