ജനീവ– കായിക മേഖലയിലൂടെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ശാക്തീകരണം നടപ്പിലാക്കുന്നതിന് വേണ്ടി ഖത്തര്‍ അവതരിപ്പിച്ച പ്രമേയം ഏകകണ്ഠമായി അംഗീകരിച്ച് ജനീവയിലെ ഐക്യരാഷ്ട സഭയുടെ മനുഷ്യാവകാശ സമിതി. ഇന്തോനേഷ്യയും മൊറോക്കോയും ഉള്‍പ്പെടുന്ന കോര്‍ ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് ഖത്തര്‍ നിര്‍ദ്ദേശിച്ച പ്രമേയമാണ് ഒറ്റക്കെട്ടായ അംഗീകാരം നേടിയെടുത്തത്. 71 രാജ്യങ്ങള്‍ സഹ-പ്രായോജകരായി ചേര്‍ന്നതോടെ പ്രമേയത്തിന് മനുഷ്യാവകാശ കൗണ്‍സിലിനുള്ളില്‍ വിശാലമായ പിന്തുണ ലഭിച്ചുവെന്ന് വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
എല്ലാ ആളുകളെയും ഒന്നിപ്പിക്കുന്ന ഒരു ആഗോള ഭാഷയെയാണ് കായികം പ്രതിനിധീകരിക്കുന്നതെന്ന് ജനീവ ഐക്യരാ്ഷ്ട്ര സഭ ഓഫീസിലെ ഖത്തര്‍ പ്രതിനിധി ഡോ. ഹിന്ദ് അബ്ദുര്‍റഹിമാന്‍ അല്‍മുഫ്ത പറഞ്ഞു. കായികരംഗം മനുഷ്യാവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലും സഹിഷ്ണുതയുടെ മൂല്യങ്ങള്‍ വളര്‍ത്തുന്നതിലും സുസ്ഥിര വികസനത്തിന് സംഭാവന നല്‍കുന്നതിലും പങ്കു വഹിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. ശാരീരികവും മാനസികവുമായ ആരോഗ്യ രംഗത്തും വ്യക്തിപരവും തൊഴില്‍പരവുമായ വികാസത്തിലും പ്രതിസന്ധി നേരിടുന്നവരാണ് വനിതകള്‍. ഇപ്പോഴും നേതൃത്വ സ്ഥാനങ്ങളിലെ കുറഞ്ഞ പ്രാതിനിധ്യമാണ് ഉള്ളത്. ശമ്പളം ലഭിക്കുന്നതിലെ വിടവുകളും പരിമിതമായ മാധ്യമ കവറേജും ഉള്‍പ്പെടെ വിവിധ വെല്ലുവിളികളല്‍ നേരിടുന്ന ഘട്ടത്തില്‍ കായികരംഗത്തെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും പങ്കാളിത്തത്തിലൂടെ ലഭ്യമാവുന്ന നേട്ടങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. അന്തസ്സും സമത്വവും അവിഭാജ്യ ഘടകമാണെന്നും കായികരംഗത്തെ പുരോഗതി ജീവിതത്തിലെ മറ്റു വശങ്ങളിലും വിജയം കൈവരിക്കാന്‍ സഹായിക്കും. 2027 ല്‍ നടക്കുന്ന ഫിഫ വനിതാ ലോകകപ്പ് വനിതാ ശാക്തീകരണം നടപ്പിലാക്കനുള്ള ഒരു പ്രധാന അന്താരാഷ്ട്ര അവസരമായും മാറുമെന്നും ഡോ. ഹിന്ദ് കൂട്ടിച്ചേര്‍ത്തു.