ജിദ്ദ – ഉത്തര ഇറാഖിലെ കുര്‍ദിസ്ഥാന്‍ പ്രവിശ്യയിലെ ഗ്രാമത്തില്‍ കുര്‍ദു യുവാവിന്റെ ഭാര്യമാര്‍ തമ്മില്‍ പൊരിഞ്ഞ അടി. സംഘര്‍ഷത്തിലേര്‍പ്പെട്ട ഭാര്യമാരെ പിടിച്ചുമാറ്റാന്‍ ശ്രമിച്ച യുവാവിനും ഭാര്യമാരിലൊരാളുടെ ഇടിയും തൊഴിയും അടിയും കിട്ടി. കുടുംബ കലഹത്തെ തുടര്‍ന്ന് രണ്ടാം ഭാര്യ അയോധന കലാഭ്യാസിയെ പോലെ ആദ്യ ഭാര്യയെ നിര്‍ത്താതെ ഇടിക്കുകയും അടിക്കുകയും തൊഴിക്കുകയും നിലത്ത് തള്ളിയിട്ട് മര്‍ദിക്കുകയുമായിരുന്നു. ഒഴിഞ്ഞുമാറി രക്ഷപ്പെടാന്‍ ശ്രമിച്ച ആദ്യ ഭാര്യയെ രണ്ടാം ഭാര്യ വിടാതെ പിന്തുടര്‍ന്ന് മര്‍ദനം തുടര്‍ന്നു. ഈ സമയത്ത് ഭര്‍ത്താവ് സമീപത്ത് നിര്‍മാണത്തിലുള്ള ഷെഡിന്റെ മേല്‍ക്കൂരയിലായിരുന്നു.
ഒച്ചവെച്ച് ഭാര്യമാര്‍ക്കിടയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ശ്രമിച്ച ഭര്‍ത്താവ് ഷെഡിനു മുകളില്‍ നിന്ന് ഇറങ്ങുന്നത് തടയാന്‍ ഷെഡിനു മേല്‍ ചാരിവെച്ച ഏണി രണ്ടാം ഭാര്യ തള്ളിയിട്ടു. തുടര്‍ന്നും യുവതി ആദ്യ ഭാര്യയെ ഇടിക്കുന്നതും അടിക്കുന്നതും തൊഴിക്കുന്നതും തുടര്‍ന്നു. ഇതോടെ യുവാവ് ഷെഡിനു മുകളില്‍ നിന്ന് താഴേക്ക് ചാടി സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടവരെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചു. ആദ്യ ഭാര്യയെ മര്‍ദിക്കുന്നത് തടയാനും പിടിച്ചുമാറ്റാനും ശ്രമിച്ച ഭര്‍ത്താവിനെയും രണ്ടാം ഭാര്യ അടിക്കുകയും തൊഴിക്കുകയും ചെയ്തു. ബ്ലാങ്കറ്റ് ഉപയോഗിച്ച് ശിരസ്സ് മൂടി നിലത്ത് തള്ളിയിട്ട് കയറെടുത്ത് രണ്ടാം ഭാര്യയെ കെട്ടിയിടാനുള്ള യുവാവിന്റെയും ആദ്യ ഭാര്യയുടെയും ശ്രമവും രണ്ടാം ഭാര്യ ചെറുത്തു തോല്‍പിച്ചു.
ഗത്യന്തരമില്ലാതെ രണ്ടാം ഭാര്യയെ അടിച്ച ഭര്‍ത്താവിനെ യുവതി അതിലേറെ വാശിയില്‍ തിരിച്ചടിച്ചു. ടാപ്പില്‍ നിന്നുള്ള വെള്ളം പൈപ്പ് ഉപയോഗിച്ച് തളിച്ച് രണ്ടാം ഭാര്യയെ തണുപ്പിക്കാന്‍ ആദ്യ ഭാര്യ ശ്രമിച്ചു. ആദ്യ ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് രണ്ടാം ഭാര്യയെ കീഴ്‌പ്പെടുത്താന്‍ ഒന്നലധികം നടത്തിയ ശ്രമങ്ങളെല്ലാം വിഫലമായി. ഇതിനിടെ പിക്കാസെടുത്ത് ഭര്‍ത്താവിനെയും ആദ്യ ഭാര്യയെയും ആക്രമിക്കാന്‍ പിന്നാലെ ഓടിയ യുവതി ഭര്‍ത്താവിന്റെ വാഹനത്തില്‍ പിക്കാസ് ഉപയോഗിച്ച് ആഞ്ഞുകുത്തുകയും കൈയില്‍ കിട്ടിയ പാത്രങ്ങളും മറ്റുമെടുത്ത് ഇരുവരെയും എറിയുകയും ചെയ്തു. മിനിറ്റുകളോളം നീണ്ടുനിന്ന പൊരിഞ്ഞ സംഘട്ടനത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി.
— GorAdd (@goradd25) July 6, 2025