മാഡ്രിഡ് – ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷയും ഹോര്‍മുസിലെ സമുദ്ര ഗതാഗത സ്വാതന്ത്ര്യവും ആഗോള സാമ്പത്തിക സ്ഥിരതക്ക് പ്രധാനമാണെന്ന് വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍. അന്താരാഷ്ട്ര ജലപാതകളില്‍ സമുദ്ര ഗതാഗത സുരക്ഷ നിലനിര്‍ത്തേണ്ടത് വളരെ പ്രധാനമാണെന്ന് മാഡ്രിഡില്‍ സ്പാനിഷ് വിദേശ മന്ത്രിക്കൊപ്പം നടത്തിയ സംയുക്ത പത്രസമ്മേളനത്തില്‍ ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞു. സംഘര്‍ഷം ലഘൂകരിക്കാനും കൂടുതല്‍ സംഘര്‍ഷം ഒഴിവാക്കാനും മേഖലയിലെ പ്രതിസന്ധി പരിഹരിക്കാനുള്ള നയതന്ത്രപരവും രാഷ്ട്രീയവുമായ പാതയെ പിന്തുണക്കുന്നത് സൗദി അറേബ്യ തുടരുന്നു. ഫെബ്രുവരി 28 ന് മുമ്പുള്ള നിലയിലേക്ക് ഹോര്‍മുസിലെ സമുദ്ര ഗതഗാതം പുനഃസ്ഥാപിക്കേണ്ടത് പ്രധാനമാണ്. സൗദി അറേബ്യയും സ്‌പെയിനും തമ്മില്‍ വിശിഷ്ടമായ ബന്ധങ്ങളുണ്ട്. ഇത് തുടര്‍ച്ചയായ വികാസത്തിന് സാക്ഷ്യം വഹിക്കുന്നു. സൗദി അറേബ്യയും സ്‌പെയിനും തമ്മില്‍ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കരാറില്‍ ഒപ്പുവെച്ചതായും സൗദി വിദേശ മന്ത്രി വ്യക്തമാക്കി.
സൗദി അറേബ്യയെ ലക്ഷ്യം വെച്ചുള്ള അന്യായമായ ആക്രമണങ്ങളെ സ്‌പെയിന്‍ അപലപിക്കുന്നതായി സ്പാനിഷ് വിദേശകാര്യ മന്ത്രി ജോസ് മാനുവല്‍ അല്‍വാരെസ് ബ്യൂണോ പറഞ്ഞു. സൗദി അറേബ്യ മിഡില്‍ ഈസ്റ്റിലെ ഞങ്ങളുടെ പ്രധാന വ്യാപാര പങ്കാളിയാണ്. സൗദി അറേബ്യയുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. സൗദിയുമായുള്ള ഞങ്ങളുടെ ബന്ധത്തെ ഞങ്ങള്‍ തന്ത്രപരമായ പങ്കാളിത്ത തലത്തിലേക്ക് ഉയര്‍ത്തി. ആഗോള സമാധാനവും സ്ഥിരതയും കൈവരിക്കാന്‍ സൗദി അറേബ്യ നടത്തുന്ന ശ്രമങ്ങളെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. ഹോര്‍മുസ് കടലിടുക്കിലെ നാവിഗേഷന്‍ സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഞങ്ങള്‍ ഊന്നിപ്പറയുന്നതായും സ്പാനിഷ് വിദേശ മന്ത്രി കൂട്ടിച്ചേര്‍ത്തു.



