വാഷിംഗ്ടൺ– ഇറാനെതിരെ ആണവായുധങ്ങൾ ഉപയോഗിക്കുകയോ അവരുടെ ഭൂപ്രദേശത്തിനുള്ളിലേക്ക് അമേരിക്കൻ കരസേനയെ അയക്കുകയോ ചെയ്യില്ലെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. അതേസമയം, ഇറാനെ ആണവായുധം സ്വന്തമാക്കാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ഒഹായോയിലെ യങ്സ്റ്റൗണിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കവേ അദ്ദേഹം ഊന്നിപ്പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ഭീകരതയുടെ സ്പോൺസർമാരാണ് ഇറാനെന്നും ട്രംപ് ആരോപിച്ചു.
ഇറാനിലെ മുതിർന്ന സൈനിക-ഭരണ നേതാക്കളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണങ്ങൾക്ക് ശേഷം ആരുമായാണ് നയതന്ത്ര ചർച്ചകൾ നടത്തേണ്ടതെന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ടെന്ന് ട്രംപ് സമ്മതിച്ചു. ഉന്നത നേതാക്കൾ കൊല്ലപ്പെട്ടതോടെ ചർച്ചകൾക്ക് പ്രാപ്തിയുള്ളവരെ കണ്ടെത്തുന്നത് കൂടുതൽ സങ്കീർണ്ണമായിട്ടുണ്ട്. നേതാക്കൾക്കെതിരായ സൈനിക നടപടി അമേരിക്ക അല്പം അമിതമായി പോയിരിക്കാമെന്ന് കഴിഞ്ഞ ചൊവ്വാഴ്ച അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. നിലവിലെ സാഹചര്യത്തിൽ ഇറാന്റെ പ്രസിഡന്റാകാൻ ആരും താല്പര്യപ്പെടുന്നില്ലെന്നും ട്രംപ് പരിഹസിച്ചു.
തുടർച്ചയായ ആക്രമണങ്ങളിലൂടെ ഇറാന്റെ വ്യോമ, നാവിക സേനകൾക്ക് വൻ നാശനഷ്ടങ്ങൾ വരുത്താൻ യു.എസ്. ഓപ്പറേഷനുകൾക്ക് സാധിച്ചതായി ട്രംപ് അവകാശപ്പെട്ടു. ഇറാന്റെ 159 നാവിക കപ്പലുകൾ തകർക്കപ്പെട്ടെന്നും അവയിപ്പോൾ കടലിന്റെ അടിത്തട്ടിൽ സമാധാനപരമായി വിശ്രമിക്കുകയാണെന്നും യു.എസ്. പ്രസിഡന്റ് കൂട്ടിച്ചേർത്തു.







