ഗാസ – ഗാസയില്‍ നിന്ന് ഗുരുതരാവസ്ഥയിലുള്ള 41 രോഗികളെയും 145 കൂട്ടിരിപ്പുകാരെയും ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ ഒഴിപ്പിച്ചതായി ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് അറിയിച്ചു. ഗാസയില്‍ ഏകദേശം 15,000 രോഗികള്‍ വിദേശങ്ങളില്‍ വിദഗ്ധ ചികിത്സ കാത്തിരിക്കുന്നുണ്ട്. രാജ്യങ്ങള്‍ അവരുടെ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും മെഡിക്കല്‍ ഒഴിപ്പിക്കല്‍ വേഗത്തിലാക്കാന്‍ എല്ലാ വഴികളും തുറക്കാനും ഗെബ്രിയേസസ് അഭ്യര്‍ഥിച്ചു. ഇസ്രായിലും ഹമാസും തമ്മിലുള്ള രണ്ട് വര്‍ഷത്തെ സംഘര്‍ഷത്തില്‍ ഗാസയില്‍ നിരവധി പേര്‍ക്ക് മാരകമായ പരിക്കേറ്റിട്ടുണ്ട്. മറ്റുള്ളവര്‍ കാന്‍സര്‍, ഹൃദ്രോഗം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നു. ഗാസയിലെ തകര്‍ന്ന ആരോഗ്യ സംവിധാനത്തിന് കൈകാര്യം ചെയ്യാന്‍ കഴിയാത്ത രോഗാവസ്ഥകളാണിത്. യുദ്ധസമയത്ത്, ഗാസയില്‍ നിന്ന് 7,000 ലേറെ രോഗികളെ ഒഴിപ്പിച്ചു. അവരില്‍ പകുതിയിലധികം പേരെയും സ്വീകരിച്ചത് ഈജിപ്ത് ആയിരുന്നു.
2024 മെയ് മാസത്തില്‍ റഫ അതിര്‍ത്തി ക്രോസിംഗ് അടച്ചുപൂട്ടി ഇസ്രായില്‍ അതിന്റെ നിയന്ത്രണം ഏറ്റെടുത്ത ശേഷം ഗാസയില്‍ നിന്ന് ചികിത്സക്കായി രോഗികളെയും പരിക്കേറ്റവരെയും പുറത്തേക്ക് നീക്കുന്നത് ഗണ്യമായി കുറഞ്ഞു. മുമ്പ് പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ കരാര്‍ മാര്‍ച്ചില്‍ തകര്‍ന്ന ശേഷം ഓരോ ദിവസവും നാലില്‍ താഴെ രോഗികള്‍ മാത്രമാണ് ഗാസയില്‍ നിന്ന് വിദഗ്ധ ചികിത്സക്കായി പുറത്തുപോകുന്നത്. ഗാസയില്‍ 3,800 കുട്ടികള്‍ അടക്കം 15,600 രോഗികള്‍ വിദഗ്ധ ചികിത്സക്കായി ഒഴിപ്പിക്കുന്നത് കാത്തിരിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നേരത്തെ ഈജിപ്ത് വഴി കടന്നുപോകാന്‍ രോഗികള്‍ ഉപയോഗിച്ചിരുന്ന റഫ ക്രോസിംഗ് ഇപ്പോഴും യാത്രക്കാര്‍ക്കു മുന്നില്‍ അടഞ്ഞുകിടക്കുകയാണ്.
ചികിത്സക്കായി വിദേശത്തേക്ക് ഒഴിപ്പിക്കുന്നത് കാത്തിരിക്കുന്നതിനിടെ നൂറുകണക്കിന് പേര്‍ മരിച്ചതായി മെഡിക്കല്‍ സംഘടനകളും ഫലസ്തീന്‍ ആരോഗ്യ അധികൃതരും പറയുന്നു. പട്ടികയിലുള്ള 137 കുട്ടികള്‍ ഉള്‍പ്പെടെ 740 പേര്‍ 2024 ജൂലൈ മുതല്‍ മരിച്ചതായി ലോകാരോഗ്യ സംഘടന പറഞ്ഞു. ഫലസ്തീന്‍ രോഗികളെ ചികിത്സക്കായി ഒഴിപ്പിക്കാനുള്ള അംഗീകാരങ്ങള്‍ സുരക്ഷാ അവലോകനങ്ങള്‍ക്ക് വിധേയമാണെന്ന്, ഗാസയിലേക്കുള്ള സഹായ പ്രവാഹത്തിന് മേല്‍നോട്ടം വഹിക്കുന്ന ഇസ്രായിലി സൈനിക യൂണിറ്റായ ഗവണ്‍മെന്റ് ആക്ടിവിറ്റീസ് ഇന്‍ ദി ടെറിട്ടറീസ് കോ-ഓര്‍ഡിനേറ്റര്‍ നേരത്തെ പ്രസ്താവിച്ചിരുന്നു.



