വാഷിംഗ്ടണ്‍ – അധിനിവിഷ്ട വെസ്റ്റ് ബാങ്ക് ഇസ്രായിലില്‍ കൂട്ടിച്ചേര്‍ക്കാന്‍ അനുവദിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഗാസ സംഘര്‍ഷം പരിഹരിക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി നടത്തിയ ഫോണ്‍ കോളിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്.
‘വെസ്റ്റ് ബാങ്കിനെ കൂട്ടിച്ചേർക്കാൻ ഇസ്രായിലിനെ ഞാൻ അനുവദിക്കില്ല. അത് സംഭവിക്കാൻ പോകുന്നില്ല. മതിയാകുന്ന ഒരു സമയമുണ്ട്. നിർത്തേണ്ട സമയമാണിത്.’ എന്നാണ് വൈറ്റ്ഹൗസിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കവെ ട്രംപ് പറഞ്ഞത്. ഐക്യരാഷ്ട്ര സഭയിൽ സംസാരിക്കുന്നതിനായി ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്ന് എത്താനിരിക്കെയാണ് ട്രംപിന്റെ പ്രഖ്യാപനം.
അതേസമയം,ഗാസയുമായി ബന്ധപ്പെട്ട കരാര്‍ വളരെ അടുത്ത് സാധ്യമാകുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനെ വൈറ്റ് ഹൗസിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ട്രംപ് അറിയിച്ചു. ആറ് വര്‍ഷത്തിനു ശേഷമുള്ള തുര്‍ക്കി പ്രസിഡന്റിന്റെ ആദ്യ വൈറ്റ് ഹൗസ് സന്ദര്‍ശനമാണിത്. ഗാസയിലെ യുദ്ധത്തെ കുറിച്ച് താന്‍ നെതന്യാഹുവിനോട് സംസാരിച്ചതായും ഒരു കരാര്‍ വളരെ അടുത്ത് സാധ്യമാകുമെന്നും ട്രംപ് പറഞ്ഞു. മിഡില്‍ ഈസ്റ്റിലെ മറ്റ് നേതാക്കളുമായി താന്‍ സംസാരിച്ചതായും യുഎസ് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ട്രംപ് പുറത്തുവിട്ടിട്ടില്ല.
സമാധാന പ്രക്രിയ സംബന്ധിച്ചു പോലും കരാറുണ്ടാക്കാന്‍ സാധിച്ചേക്കുമെന്നും ട്രംപ് പറഞ്ഞു. ഗാസയില്‍ ഇപ്പോഴും തടവില്‍ കഴിയുന്ന ഇസ്രായിലി ബന്ദികളുടെ മോചനത്തെ കുറിച്ച് ഇസ്രായില്‍ പ്രധാനമന്ത്രിയുമായി താന്‍ ചര്‍ച്ച ചെയ്തതായും അദ്ദേഹം പറഞ്ഞു. ഗാസയിലെ സ്ഥിതി വളരെ മോശമാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഈ ആഴ്ച യുഎന്‍ ജനറല്‍ അസംബ്ലിക്കിടെ ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള 21 പോയിന്റ് പദ്ധതി ട്രംപ് അറബ് നേതാക്കള്‍ക്കു മുന്നില്‍ അവതരിപ്പിച്ചിരുന്നു.
വെസ്റ്റ് ബാങ്ക് പിടിച്ചടക്കാൻ ഇസ്രായിൽ ഭരണകൂടത്തിന്റെ ഭാഗമായ തീവ്ര വലതുപക്ഷ രാഷ്ട്രീയക്കാർ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൽ സമ്മർദം ശക്തമാക്കിയിരുന്നു. ഗസ്സയിൽ നടത്തുന്ന വംശഹത്യ വെസ്റ്റ് ബാങ്കിലും തുടരാൻ നെതന്യാഹു തയാറെടുക്കുന്നു എന്ന വാർത്തകൾക്കിടെ അറബ് രാഷ്ട്ര നേതാക്കൾ ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വെസ്റ്റ് ബാങ്കിൽ അധിനിവേശം നടത്തുന്നതിനെതിരെ അറബ്, മുസ്ലിം രാഷ്ട്ര നേതാക്കൾ ട്രംപിന് മുന്നറിയിപ്പ് നൽകിയതായി സൗദി വിദേശമന്ത്രി ഫൈസൽ ബിൻ ഫർദാൻ രാജകുമാരൻ പറഞ്ഞു.
വെസ്റ്റ്ബാങ്ക് ഇസ്രായിൽ പിടിച്ചടക്കുകയാണെങ്കിൽ അത് അമേരിക്കയുടെ നേതൃത്വത്തിലുള്ള അബ്രഹാം അക്കോർഡിന്റെ അന്ത്യമായിരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മക്രോൺ മുന്നറിയിപ്പ് നൽകിയിരുന്നു. വെസ്റ്റ് ബാങ്ക് പിടിച്ചടക്കാൻ ഇസ്രായിലിനെ ഡോണൾഡ് ട്രംപ് അനുവദിക്കില്ലെന്നും ന്യൂയോർക്കിൽ വെച്ച് ഒരു അഭിമുഖത്തിൽ സംസാരിക്കവെ മക്രോൺ പറഞ്ഞു. ഇതിനു പിന്നാലെയുണ്ടായ ട്രംപിന്റെ പ്രഖ്യാപനത്തിന് വൻ രാഷ്ട്രീയ പ്രാധാന്യമുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.