ടെഹ്റാൻ– ഇറാന് വിദേശരാജ്യങ്ങളിൽ ആയുധനിർമാണശാലകൾ ഉണ്ടെന്ന് പ്രതിരോധമന്ത്രി അസീസ് നസീർസാദെ വെളിപ്പെടുത്തി. എന്നാൽ, ഈ ഫാക്‌ടറികളുള്ള സ്ഥലങ്ങൾ ഇപ്പോൾ പുറത്തുവിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്രയേൽ-ഇറാൻ വ്യോമസംഘർഷത്തിന് രണ്ട് മാസത്തിന് ശേഷമാണ് ഈ വെളിപ്പെടുത്തൽ എന്നത് ശ്രദ്ധേയമാണ്. യങ് ജേർണലിസ്റ്റ് ക്ലബ്ബിന് നൽകിയ ടെലിവിഷൻ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
മിസൈൽ വികസനത്തിനാണ് ഇറാൻ സൈന്യം പ്രധാനമായി ശ്രദ്ധിക്കുന്നതെന്ന് അസീസ് വിശദീകരിച്ചു. ഇസ്രയേലുമായുള്ള സംഘർഷത്തിന് ശേഷം മുൻഗണനകൾ മാറ്റേണ്ടി വന്നേക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഈ ആയുധശാലകൾ ഉടൻ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു. കഴിഞ്ഞ വർഷം നൂതന ആയുധങ്ങൾ പരീക്ഷിച്ചതായും അദ്ദേഹം പറഞ്ഞു. ജൂണിലെ ഇസ്രയേൽ-ഇറാൻ സംഘർഷം കൂടുതൽ നീണ്ടുനിന്നിരുന്നെങ്കിൽ ഇറാന്റെ മിസൈലുകൾ തടയാൻ ഇസ്രയേലിന് കഴിയുമായിരുന്നില്ലെന്നും മന്ത്രി അവകാശപ്പെട്ടു.
ജൂണിൽ 12 ദിവസം നീണ്ട സംഘർഷം 15 ദിവസം വരെ നീളുകയായിരുന്നുവെങ്കിൽ, അവസാന മൂന്ന് ദിവസങ്ങളിൽ ഇറാന്റെ മിസൈലുകളെ തടയാൻ ഇസ്രയേലിന് സാധിക്കുമായിരുന്നില്ലെന്ന് അസീസ് പറഞ്ഞു. ഇതാണ് യുഎസ് മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദ്ദേശം ഇസ്രയേൽ അംഗീകരിക്കാൻ കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഘർഷസമയത്ത് ഇറാന്റെ ഏറ്റവും കൃത്യതയുള്ള മിസൈലായ ക്യാസിം ബസിർ ഉപയോഗിച്ചിരുന്നില്ലെന്ന് മന്ത്രി വ്യക്തമാക്കി. 1200 കിലോമീറ്റർ ദൂരപരിധിയുള്ള മധ്യദൂര ബാലിസ്റ്റിക് മിസൈലാണ് ക്യാസിം ബസിർ എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.