വാഷിംഗ്ടണ്‍ – യുദ്ധം അവസാനിപ്പിക്കാനായി യു.എസും ഇറാനും ധാരണാപത്രം ഒപ്പുവെക്കാന്‍ ഒരുങ്ങുകയാണെന്ന് ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യത്തില്‍ 48 മണിക്കൂറിനുള്ളില്‍ ഇറാനില്‍ നിന്ന് പ്രതികരണം ലഭിക്കുമെന്ന് അമേരിക്ക പ്രതീക്ഷിക്കുന്നു. ഇതുവരെ ഒരു കരാറിലെത്തിയിട്ടില്ലെങ്കിലും, ഇരു രാജ്യങ്ങളും ഒരു കരാറിലേക്ക് കൂടുതല്‍ അടുക്കുകയാണെന്ന് റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.
പ്രധാന കാര്യങ്ങളില്‍ ഇറാന്റെ പ്രതികരണത്തിനായി യു.എസ് കാത്തിരിക്കുകയാണെന്ന് ആക്‌സിയോസ് സൂചിപ്പിച്ചു. യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്താനുള്ള ഇറാന്റെ പ്രതിബദ്ധതയും ഉപരോധങ്ങള്‍ നീക്കാനുള്ള യു.എസിന്റെ സമ്മതവും കരാര്‍ ഉറപ്പുനല്‍കും. ഇറാന്റെ മരവിപ്പിച്ച ബില്യണ്‍ കണക്കിന് ഡോളറിന്റെ ആസ്തികള്‍ യു.എസ് മോചിപ്പിക്കുന്നതും കരാര്‍ ഉറപ്പാക്കും. ഹോര്‍മുസ് കടലിടുക്കില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇരുവിഭാഗവും എടുത്തുകളയും.
പ്രധാന കാര്യങ്ങളില്‍ ധാരണയിലെത്തുന്ന, പതിനാല് വകുപ്പുകള്‍ അടങ്ങിയ ഒറ്റപ്പേജ് ധാരണാപത്രമാണ് തുടക്കത്തില്‍ ഒപ്പുവെക്കുക. ഇത് യുദ്ധം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിക്കും. തുടര്‍ന്ന് 30 ദിവസത്തെ ആഴത്തിലുള്ള ചര്‍ച്ചകള്‍ ആരംഭിക്കും. നിലവിലെ ചര്‍ച്ചകള്‍ യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തിവെക്കുന്ന കാലയളവില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അത് കുറഞ്ഞത് 12 വര്‍ഷമായിരിക്കും.
ധാരണാപത്രം അതിന്റെ നിലവിലെ രൂപത്തില്‍, ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിക്കുമെന്ന് യു.എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണ തോത് വര്‍ധിപ്പിച്ചാല്‍ യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തിവെക്കുന്ന കാലയളവ് നീട്ടാന്‍ അനുവദിക്കുന്ന വ്യവസ്ഥ ധാരണാപത്രത്തില്‍ അമേരിക്ക ഉള്‍പ്പെടുത്തിട്ടുണ്ട്. കൂടുതല്‍ വിശദമായ ആണവ ചര്‍ച്ചകള്‍ക്കുള്ള ഒരു ചട്ടക്കൂട് സ്ഥാപിക്കാനും ഈ ധാരണാപത്രം സഹായിക്കും. കാരണം കരാര്‍ പ്രകാരം ഇറാന്‍ മെച്ചപ്പെട്ട പരിശോധനാ സംവിധാനത്തിന് പ്രതിജ്ഞാബദ്ധമാകും. ആണവായുധങ്ങള്‍ സ്വന്തമാക്കാന്‍ ശ്രമിക്കില്ലെന്ന് ഇറാന്‍ ഉറപ്പ് നല്‍കും. തങ്ങളുടെ പക്കലുള്ള ഉയര്‍ന്ന തോതില്‍ സമ്പുഷ്ടീകരിച്ച യുറേനിയം നീക്കം ചെയ്യാന്‍ ഇറാന്‍ സമ്മതിച്ചതായി അഭിജ്ഞ വൃത്തങ്ങള്‍ പറഞ്ഞു. സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കയിലേക്ക് മാറ്റുന്നത് പരിഗണിക്കപ്പെടുന്ന ഓപ്ഷനുകളില്‍ ഒന്നാണെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.
യു.എസ്-ഇറാന്‍ പ്രതിസന്ധി ഇപ്പോഴും അതേപോലെ തുടരുകയാണ്. വിവിധ കോണുകളില്‍ നിന്നുള്ള പ്രസ്താവനകള്‍ അനിശ്ചിതത്വത്തിന് ആക്കം കൂട്ടുന്നതോടൊപ്പം ഇരുപക്ഷവും തമ്മില്‍ ആസന്നമായ കരാറിനെ സൂചിപ്പിക്കുകയും ചെയ്യുന്നു. ഇറാനും അമേരിക്കയും തമ്മില്‍ സമാധാന ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന് സഹായിക്കാന്‍ ചൈന സന്നദ്ധത പ്രകടിപ്പിച്ചു. സംഘര്‍ഷം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങള്‍ ഇതുവരെ വിജയിച്ചിട്ടില്ല. യു.എസ്, ഇറാന്‍ ഉദ്യോഗസ്ഥര്‍ ഇസ്ലാമാബാദില്‍ ഒരു റൗണ്ട് നേരിട്ടുള്ള സമാധാന ചര്‍ച്ചകള്‍ മാത്രമേ നടത്തിയിട്ടുള്ളൂ. കൂടുതല്‍ മീറ്റിംഗുകള്‍ സംഘടിപ്പിക്കാനുള്ള പാകിസ്ഥാന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടു.



