- ഗാസ യുദ്ധത്തില്‍ കൊല്ലപ്പെട്ടവര്‍ 42,409 ആയി
ജിദ്ദ – ഗാസയില്‍ സാധാരണക്കാരായ ഫലസ്തീനികളെ മനുഷ്യക്കവചങ്ങളായി ഉപയോഗിച്ചതില്‍ ഇസ്രായില്‍ സൈനികര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഇസ്രായിലിനോട് അമേരിക്ക ആവശ്യപ്പെട്ടു. ഗാസ യുദ്ധത്തില്‍ സാധാരണക്കാരായ ഫലസ്തീനികളെ ഇസ്രായില്‍ സൈനികര്‍ മനുഷ്യക്കവചങ്ങളായി ഉപയോഗിക്കുന്നതിനെ കുറിച്ച റിപ്പോര്‍ട്ട് ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ചിരുന്നു. ഗാസയിലെ അഞ്ചു നഗരങ്ങളില്‍ ചുരുങ്ങിയത് 11 സൈനിക യൂനിറ്റുകള്‍ സൈനികരുടെ സുരക്ഷ മുന്‍നിര്‍ത്തി സ്‌ഫോടക വസ്തുക്കള്‍ക്കു വേണ്ടി തിരച്ചിലുകള്‍ നടത്തല്‍, ടണലുകള്‍ പരിശോധിക്കല്‍ എന്നിവ പോലുള്ള ദൗത്യങ്ങള്‍ക്ക് സാധാരണക്കാരായ ഫലസ്തീനികളെ നിര്‍ബന്ധിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഈ റിപ്പോര്‍ട്ട് വലിയ ആശങ്കയുണ്ടാക്കുന്നതായി യു.എസ് വിദേശ മന്ത്രാലയ വക്താവ് മാത്യു മില്ലര്‍ പറഞ്ഞു. ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന വസ്തുതകള്‍ ശരിയാണെങ്കില്‍, അവ പൂര്‍ണമായും അസ്വീകാര്യമാണ്. സിവിലിയന്മാരെ മനുഷ്യകവചമായി ഉപയോഗിക്കുന്നതിന് ഒരു ന്യായീകരണവുമില്ല. ഇത് അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ മാത്രമല്ല, ഇസ്രായില്‍ സൈന്യത്തിന്റെ പെരുമാറ്റച്ചട്ടത്തിന്റെയും ലംഘനമാണ്. ഇക്കാര്യത്തില്‍ ഇസ്രായില്‍ സൈന്യം അന്വേഷണം നടത്തിയിട്ടുണ്ട്. ഇതിലുപരിയായി നിയമ ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണം. ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ ഇസ്രായില്‍ സൈന്യം സ്വീകരിക്കണമെന്നും അമേരിക്കന്‍ വിദേശ മന്ത്രാലയ വക്താവ് പറഞ്ഞു.
കുടുംബത്തില്‍ നിന്ന് ബലംപ്രയോഗിച്ച് പിടിച്ചുകൊണ്ടുപോയി കൈകളില്‍ വിലങ്ങുവെച്ച് സ്‌ഫോടക വസ്തുക്കള്‍ക്കു വേണ്ടി തിരച്ചില്‍ നടത്തി മുന്നില്‍ നടക്കാന്‍ ഇസ്രായില്‍ സൈന്യം തന്നെ നിര്‍ബന്ധിച്ചതായും പിന്നീട് യാതൊരുവിധ ആരോപണവും ഉന്നയിക്കാതെ വിട്ടയച്ചതായും പതിനേഴുകാരനായ ഫലസ്തീനി കൗമാരക്കാരനെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഒരു വര്‍ഷമായി തുടരുന്ന ഗാസ യുദ്ധത്തില്‍ സാധാരണക്കാരോട് ഇസ്രായില്‍ കാണിക്കുന്ന സമീപനത്തെ കുറിച്ച് അമേരിക്ക ആവര്‍ത്തിച്ച് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരം പ്രസ്താവനകള്‍ക്കപ്പും അത്യപൂര്‍വമായി മാത്രമേ നടപടികള്‍ സ്വീകരിക്കാറുള്ളൂ. ഒരു തവണ ഇസ്രായിലിലേക്കുള്ള ബില്യണ്‍ കണക്കിന് ഡോളറിന്റെ ആയുധ കയറ്റുമതി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ മരവിപ്പിച്ചിരുന്നു. ഹമാസ് സാധാരണക്കാരെ മനുഷ്യക്കവചമായി ഉപയോഗിക്കുന്നതായി ഇസ്രായിലും അമേരിക്കയും പലതവണ ആരോപിച്ചിട്ടുണ്ട്.
376 ദിവസമായി തുടരുന്ന ഗാസ യുദ്ധത്തില്‍ ഇതുവരെ 42,409 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 99,135 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇരുപത്തിനാലു മണിക്കൂറിനിടെ ഗാസയില്‍ 65 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 140 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം പറഞ്ഞു. ഇരുപത്തിനാലു മണിക്കൂറിനിടെ ഫലസ്തീന്‍ കുടുംബങ്ങളെ ലക്ഷ്യമിട്ട് ഇസ്രായില്‍ ആറു കൂട്ടക്കൊലകള്‍ നടത്തിയതായും തകര്‍ക്കപ്പെട്ട വീടുകളുടെ അവശിഷ്ടങ്ങള്‍ക്കടിയില്‍ നിരവധി പേരുടെ മൃതദേഹങ്ങള്‍ കുടുങ്ങിക്കിടക്കുന്നതായും ഇവ പുറത്തെടുക്കാന്‍ ആവശ്യമായ സംവിധാനങ്ങളും, ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ ഇന്ധനവും ലഭ്യമല്ലെന്നും ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം പറഞ്ഞു.
ലെബനോനില്‍ ഇസ്രായില്‍ നടത്തിയ ആക്രമണങ്ങളില്‍ ഇതുവരെ 2,367 പേര്‍ കൊല്ലപ്പെടുകയും 11,088 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇന്നലെ മാത്രം 17 പേര്‍ കൊല്ലപ്പെടുകയും 182 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലെബനീസ് ആരോഗ്യ മന്ത്രാലയം പറഞ്ഞു. അഭയാര്‍ഥി ക്യാമ്പുകളായി ഉപയോഗിക്കുന്നതിനാലോ ഇസ്രായില്‍ ആക്രമണങ്ങള്‍ നടത്തുന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്നതിനാലോ ലെബനോനിലെ 77 ശതമാനം സ്‌കൂളുകളും പ്രവര്‍ത്തിക്കുന്നില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം പറഞ്ഞു.