ന്യൂയോർക്ക്- വെനസ്വേലയിലെ 6,500 കോടി (65 ബില്യൺ) ബാരലിലധികം വരുന്ന എണ്ണ ശേഖരത്തിന്റെ നിയന്ത്രണം അമേരിക്ക കൈക്കലാക്കി. വെനസ്വേലയുമായി കരാറിലെത്തിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഈ കരാർ അമേരിക്കയുടെ എണ്ണ ശേഖരം ഇരട്ടിയിലധികമാക്കുമെന്നും എല്ലാ അമേരിക്കക്കാർക്കും പെട്രോൾ വില ഗണ്യമായി കുറയുമെന്നും യു.എസ് പ്രസിഡന്റ് കുറിച്ചു.
ഈ കരാർ തന്റെ രാജ്യത്തിന്റെ സാമ്പത്തിക പുനരുജ്ജീവനത്തെ സഹായിക്കുമെന്ന് വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് പറഞ്ഞു. എന്നാൽ, വെനസ്വേലയുടെ എണ്ണമേഖലയിലെ നിക്ഷേപത്തിന് തടസ്സമായി നിൽക്കുന്ന ദീർഘകാല പ്രശ്നങ്ങൾ പരിഹരിക്കാൻ ഈ കരാറിന് സാധിക്കുമോ എന്ന ചോദ്യം ചില നിരീക്ഷകർ ഉയർത്തുകയും ചെയ്തു.
ഇറാൻ യുദ്ധം കാരണം പെട്രോൾ വില വർദ്ധിച്ചതിനെ തുടർന്ന് ആഭ്യന്തരമായി ട്രംപിന് വലിയ സമ്മർദ്ദം നേരിടേണ്ടി വന്നിരുന്നു. മയക്കുമരുന്ന് കേസുകളിൽ ന്യൂയോർക്കിൽ വിചാരണ നേരിടാനായി വെനസ്വേലയുടെ അന്നത്തെ പ്രസിഡന്റ് നികോളാസ് മഡുറോയെ ജനുവരിയിൽ യു.എസ് കസ്റ്റഡിയിലെടുത്തതിന് ശേഷമാണ്, ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശേഖരമുള്ള വെനസ്വേലയുടെ വിഭവങ്ങൾ പ്രയോജനപ്പെടുത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്.
ഈ എണ്ണ കരാർ “അമേരിക്കൻ, വെനസ്വേലൻ ജനതയ്ക്ക് വലിയൊരു വിജയമാണ്” എന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വിശേഷിപ്പിച്ചു. എന്നാൽ കരാറിന്റെ കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
“വെനസ്വേലയിലെ ജനങ്ങൾക്ക് ഈ കരാർ ഏകദേശം 10,000 കോടി (100 ബില്യൺ) ഡോളറിന്റെ സ്വകാര്യ നിക്ഷേപം കൊണ്ടുവരികയും, ആയിരക്കണക്കിന് ഉയർന്ന ശമ്പളമുള്ള ജോലികൾ സൃഷ്ടിക്കുകയും, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ പുനർനിർമ്മാണത്തിന് വഴിയൊരുക്കുകയും ചെയ്യും,”- അദ്ദേഹം പറഞ്ഞു.
സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തത്തിലൂടെയാണ് റൂബിയോയും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും വെനസ്വേലൻ നേതൃത്വവുമായി കരാറിലെത്തിയതെന്ന് ട്രംപ് വ്യക്തമാക്കി. ഈ പങ്കാളിത്തത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകാനോ അമേരിക്കയുടെ പങ്കിനെക്കുറിച്ച് വിശദീകരിക്കാനോ അദ്ദേഹം തയ്യാറായില്ലെങ്കിലും, “അമേരിക്കൻ നികുതിദായകർക്ക് യാതൊരു ചെലവുമില്ലാതെ” ആണ് ഈ കരാർ സാധ്യമാക്കിയതെന്ന് അദ്ദേഹം അവകാശപ്പെട്ടു.
ഈ കരാർ പ്രകാരം വെനസ്വേലയിലെ “പരിചയസമ്പന്നരായ സ്വകാര്യ ഓപ്പറേറ്റർമാരുമായുള്ള” സംയുക്ത സംരംഭത്തിന്റെ 55% നിയന്ത്രണം യു.എസ് സർക്കാരിനായിരിക്കുമെന്ന് ഒരു യു.എസ് ഉദ്യോഗസ്ഥൻ സി.ബി.എസ് ന്യൂസിനോട് പറഞ്ഞു. വികസനം നടക്കാത്ത വെനസ്വേലയിലെ പല എണ്ണപ്പാടങ്ങളിലെയും അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിനായി കോടിക്കണക്കിന് ഡോളർ നിക്ഷേപിക്കാൻ യു.എസ് ഊർജ്ജ കമ്പനികളായ ഷെവ്റോണും ഹാലിബർട്ടണും രംഗത്തുവരികയും ചെയ്തു.
6,500 കോടി ബാരൽ ശേഷിയുള്ള 17 തന്ത്രപ്രധാനമായ എണ്ണപ്പാടങ്ങളുടെ വികസനവും വെനസ്വേലയ്ക്കായി “10,000 കോടി ഡോളറിലധികം നിക്ഷേപവും 20,900 കോടി (209 ബില്യൺ) ഡോളറിലധികം നികുതി വരുമാനവും” കരാർ ലക്ഷ്യമിടുന്നുവെന്ന് വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റ് റോഡ്രിഗസ് പറഞ്ഞു.
“ഈ നിക്ഷേപങ്ങൾ ഞങ്ങളുടെ വ്യവസായത്തിന്റെ വീണ്ടെടുക്കലിനും നവീകരണത്തിനും മാത്രമല്ല, രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും നമ്മുടെ ഊർജ്ജ സുരക്ഷയ്ക്കും അന്താരാഷ്ട്ര വിപണിയിലെ മികച്ച സന്തുലിതാവസ്ഥയ്ക്കും സംഭാവന നൽകും,” അവർ കൂട്ടിച്ചേർത്തു.







