ന്യൂയോർക്ക്- അമേരിക്കയിലെ പ്രമുഖ സർവകലാശാലകളിൽ ഫലസ്തീൻ അനുകൂല പ്രതിഷേധം ശക്തമാകുന്നതിനിടെ യു.എസ് പ്രൊഫസർക്ക് നേരെ പോലീസ് കയ്യേറ്റം. അറ്റ്ലാൻ്റയിലെ എമോറി യൂണിവേഴ്സിറ്റിയിൽ ഫലസ്തീൻ അനുകൂല പ്രതിഷേധത്തിനിടെയാണ് സംഭവം. പ്രതിഷേധം നടത്തുകയായിരുന്ന വിദ്യാർഥികളെ പോലീസ് അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നത് തടഞ്ഞ വനിത പ്രൊഫസർ കരോലിൻ ഫോഹ്ലിനെയാണ് പോലീസ് അക്രമിച്ചത്.
വിദ്യാർത്ഥികളെ വിടാൻ പോലീസ് ഉദ്യോഗസ്ഥരോട് വനിതാ പ്രൊഫസർ ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെ, ഒരു ഉദ്യോഗസ്ഥൻ പ്രൊഫസറെ നിലത്തേക്ക് തള്ളിവീഴ്ത്തി. മറ്റൊരു പോലീസ് ഉദ്യോഗസ്ഥൻ കൈവിലങ്ങ് അണിയിക്കുകയും ചെയ്തു. “ഞാനൊരു പ്രൊഫസറാണ്” എന്ന് അവർ ആവർത്തിച്ച് പറയുന്നതിനിടെ രണ്ടു പോലീസ് ഉദ്യോഗസ്ഥർ ചേർന്ന് പ്രൊഫസറെ അറസ്റ്റ് ചെയ്തു.
വിദ്യാർത്ഥി പ്രതിഷേധങ്ങളുടെ പ്രഭവകേന്ദ്രമായ കൊളംബിയ സർവകലാശാലയിലാണ് പ്രതിഷേധം വ്യാപിക്കുന്നത്. ലോസ് ഏഞ്ചൽസ്, ബോസ്റ്റൺ, ടെക്സാസിലെ ഓസ്റ്റിൻ എന്നിവിടങ്ങളിലെ സർവകലാശാലകളിൽ ബുധനാഴ്ചയും വ്യാഴാഴ്ചയും പുലർച്ചെ ഗാസ യുദ്ധത്തിൽ പ്രതിഷേധിച്ച 200-ലധികം പേരെ അറസ്റ്റ് ചെയ്തു. അവിടെ വ്യാഴാഴ്ച 2,000 ത്തോളം ആളുകൾ വീണ്ടും ഒത്തുകൂടി.
രാജ്യത്തുടനീളമുള്ള സർവ്വകലാശാലകളിൽ വൻ പ്രതിഷേധമാണ് അരങ്ങേറുന്നത്. ഗാസക്കാരോടുളള ഐക്യദാർഢ്യം തുടരുകയാണെന്ന് വിദ്യാർത്ഥികൾ വ്യക്തമാക്കി.