വാഷിംഗ്ടണ്‍ – തന്ത്രപ്രധാനമായ ഹുര്‍മുസ് കടലിടുക്ക് അടക്കാന്‍ കഴിഞ്ഞ മാസം ഇറാന്‍ ഒരുക്കങ്ങള്‍ നടത്തിയിരുന്നതായി രണ്ട് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കടലിടുക്ക് അടക്കാനുള്ള തയാറെടുപ്പിന്റെ ഭാഗമായി കപ്പലുകളില്‍ ഇറാന്‍ സൈന്യം സമുദ്ര മൈനുകള്‍ കയറ്റിയിരുന്നു. ഇറാനിലുടനീളമുള്ള കേന്ദ്രങ്ങളില്‍ ഇസ്രായില്‍ നടത്തിയ ആക്രമണങ്ങളെ തുടര്‍ന്ന് ഹുര്‍മുസ് കടലിടുക്ക് അടക്കാന്‍ ഇറാന്‍ തയാറെടുക്കുകയാണെന്ന അമേരിക്കയുടെ ആശങ്ക ഇത് വര്‍ധിപ്പിച്ചു.
ജൂണ്‍ 13 ന് ഇസ്രായില്‍ ഇറാനില്‍ പ്രാരംഭ ആക്രമണം നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഹുര്‍മുസ് കടലിടുക്ക് അടക്കാനുള്ള ഇറാന്റെ തയാറെടുപ്പ് യു.എസ് ഇന്റലിജന്‍സ് കണ്ടെത്തിയതത്. കടലിടുക്കില്‍ പാകാനുള്ള മൈനുകള്‍ കപ്പലുകളില്‍ കയറ്റുന്നത് ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പല്‍ പാതകളില്‍ ഒന്നായ ഹുര്‍മുസ് കടലിടുക്ക് അടക്കുന്ന കാര്യത്തില്‍ ഇറാന്റെ ഉറച്ച നിലപാട് സൂചിപ്പിക്കുന്നു.
ഈ നീക്കം സംഘര്‍ഷം കൂടുതല്‍ മൂര്‍ഛിക്കാന്‍ കാരണമാവുകയും ആഗോള വ്യാപാരത്തെ സാരമായി തടസ്സപ്പെടുത്തുകയും ചെയ്യുമായിരുന്നു. ലോകത്തിലെ എണ്ണ, വാതക കയറ്റുമതിയുടെ അഞ്ചിലൊന്നും ഹുര്‍മുസ് കടലിടുക്ക് വഴിയാണ് കടന്നുപോകുന്നത്. ഇത് അടക്കുന്നത് ആഗോള വിപണിയില്‍ എണ്ണ, ഗ്യാസ് വില കുത്തനെ വര്‍ധിക്കാന്‍ കാരണമാകും.