വാഷിംഗ്ടണ്‍: ഇറാനിലെ റെവല്യൂഷണറി ഗാര്‍ഡിലെ അഞ്ച് മുതിര്‍ന്ന കമാന്‍ഡര്‍മാരെ കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഒരു കോടി ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചു. റെവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍ അഹ്മദ് വഹീദിയുടെയും മറ്റ് നാല് മുതിര്‍ന്ന കമാന്‍ഡര്‍മാരുടെയും കൊലപാതകത്തിലേക്ക് നയിക്കുന്ന വിവരങ്ങള്‍ നല്കുന്നവര്ക്കാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ റിവാര്‍ഡ്സ് ഫോര്‍ ജസ്റ്റിസ് പ്രോഗ്രാം ഒരു കോടി ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചത്.
റിവാര്‍ഡ്സ് ഫോര്‍ ജസ്റ്റിസ് പ്രോഗ്രാമിന്റെ ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ച പട്ടികയില്‍ വഹീദിയെ കൂടാതെ, റെവല്യൂഷണറി ഗാര്‍ഡിന്റെ ഖാതം അല്‍അന്‍ബിയ സെന്‍ട്രല്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് മേധാവി അലി അബ്ദുല്ലാഹി, എയ്റോസ്പേസ് ഫോഴ്സിന്റെയും ഡ്രോണ്‍ യൂണിറ്റിന്റെയും കമാന്‍ഡര്‍ സഈദ് അഗാജാനി, സൈബര്‍ വാര്‍ഫെയര്‍ കമാന്‍ഡ് തലവന്‍ ഹമീദ് റെസ ലഷ്ഗരിയാന്, റെവല്യൂഷണറി ഗാര്‍ഡ് ഇന്റലിജന്‍സ് ഓഫീസ് മേധാവി മാജിദ് ഖാദിമി എന്നിവരും ഉള്‍പ്പെടുന്നു.
ലോകമെമ്പാടും ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയും സംഘടിപ്പിക്കുകയും നടപ്പാക്കുകയും ചെയ്യുന്ന റെവല്യൂഷണറി ഗാര്‍ഡ് അംഗങ്ങളെ ഈ നേതാക്കള്‍ നയിക്കുന്നതായി റിവാര്‍ഡ്സ് ഫോര്‍ ജസ്റ്റിസ് പ്രോഗ്രാം പറഞ്ഞു. ഇവര്‍ സായുധ ആക്രമണങ്ങളിലൂടെ അമേരിക്കന്‍ ഉദ്യോഗസ്ഥരെ ലക്ഷ്യമിടുകയും ദ്രോഹകരമായ സൈബര്‍ പ്രവര്‍ത്തനങ്ങളിലൂടെ യു.എസിലെ നിര്‍ണായകമായ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിടുന്നതായും പ്രസ്താവന പറയുന്നു. ഈ നേതാക്കളെയും ഇറാന് റെവല്യൂഷണറി ഗാര്‍ഡിലോ അതിന്റെ വിവിധ ശാഖകളിലോ ഉള്ള മറ്റ് പ്രധാന നേതാക്കളെയും കുറിച്ച് അംഗീകൃത റിപ്പോര്‍ട്ടിംഗ് ചാനലുകള്‍ വഴി വിവരങ്ങള്‍ നല്‍കിക്കൊണ്ട് അവരുടെ ഭീഷണികള്‍ നേരിടാനും തടസ്സപ്പെടുത്താനും റിവാര്‍ഡ്സ് ഫോര്‍ ജസ്റ്റിസ് പ്രോഗ്രാം സഹായം അഭ്യര്‍ഥിച്ചു. ഫലപ്രദമായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പാരിതോഷികവും പുനരധിവാസവും ലഭിക്കുമെന്നും പ്രോഗ്രാം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







