വാഷിംഗ്ടൺ: ഇറാൻ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിലെ (IRGC) പത്ത് പ്രമുഖ കമാൻഡർമാരെക്കുറിച്ച് വിവരം നൽകുന്നവർക്ക് 10 ദശലക്ഷം ഡോളർ (ഏകദേശം 83 കോടിയിലധികം രൂപ) പാരിതോഷികം പ്രഖ്യാപിച്ച് യുഎസ് വിദേശകാര്യ മന്ത്രാലയം. മന്ത്രാലയത്തിന് കീഴിലുള്ള ‘റിവാർഡ്‌സ് ഫോർ ജസ്റ്റിസ്’ പ്രോഗ്രാമിലൂടെയാണ് പ്രഖ്യാപനം നടത്തിയത്.
ഇറാന്റെ പുതിയ പരമോന്നത നേതാവായി നിയമിതനായ ആയത്തുള്ള മുജ്തബ ഖാംനഇയിയും യുഎസ് ലക്ഷ്യമിടുന്നവരുടെ പട്ടികയിലുണ്ട് എന്നത് ശ്രദ്ധേയമാണ്. കൊല്ലപ്പെട്ട മുൻ പരമോന്നത നേതാവ് അലി ഖാംനഇയുടെ മകനാണ് മുജ്തബ. മുജ്തബയ്ക്ക് പുറമെ ഇറാന്റെ ആഭ്യന്തര മന്ത്രി ഇസ്കന്ദർ മൊമേനി, രഹസ്യാന്വേഷണ മന്ത്രി ഇസ്മായിൽ ഖത്തീബ്, നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി തുടങ്ങിയ ഉന്നത വ്യക്തികളും പട്ടികയിൽ ഉൾപ്പെടുന്നു.
പട്ടികയിലുള്ള മറ്റ് പ്രമുഖർ:
അലി അസ്ഗർ ഹെജാസി: പരമോന്നത നേതാവിന്റെ ഓഫീസിലെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ്.മേജർ ജനറൽ യഹ്‌യ റഹീം സഫാവി: സൈനിക ഉപദേഷ്ടാവ്.
അമേരിക്കൻ, ഇസ്രായേൽ സേനകൾ ഇറാനുനേരെ ആക്രമണം തുടരുന്നതിനിടെയാണ് ഈ നീക്കം. ഐആർജിസി കമാൻഡർമാരുടെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചോ പ്രവർത്തനങ്ങളെക്കുറിച്ചോ ഉള്ള വിവരങ്ങൾ എൻക്രിപ്റ്റഡ് ചാനലുകൾ വഴി അറിയിക്കാനാണ് നിർദ്ദേശം. കൃത്യമായ വിവരം നൽകുന്നവർക്ക് വൻ തുകയ്ക്ക് പുറമെ മറ്റൊരു രാജ്യത്തേക്ക് സുരക്ഷിതമായി താമസം മാറാനുള്ള സൗകര്യവും അമേരിക്ക വാഗ്ദാനം ചെയ്യുന്നുണ്ട്.



