വാഷിംഗ്ടണ്‍ – അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ ഫലസ്തീന്‍ വംശജനായ അമേരിക്കന്‍ യുവാവ് സൈഫുദ്ദീന്‍ കാമില്‍ അബ്ദുല്‍കരീം മുസ്‌ലത്തിനെ തല്ലിക്കൊന്ന സംഭവം ഗൗരവമായി അന്വേഷിക്കാന്‍ ഇസ്രായിലിനോട് ആവശ്യപ്പെട്ടതായി ഇസ്രായിലിലെ യു.എസ് അംബാസഡര്‍ മൈക്ക് ഹക്കബി പറഞ്ഞു. ഈ ക്രിമിനല്‍, തീവ്രവാദ പ്രവര്‍ത്തനത്തിന് കുറ്റക്കാരായവര്‍ക്കെതിരെ നടപടിയെടുക്കണം. സൈഫിന് 20 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ – ഹക്കബി ട്വിറ്ററിലെ പോസ്റ്റില്‍ പറഞ്ഞു. സംഭവത്തില്‍ വാഷിംഗ്ടണിലെ ഇസ്രായില്‍ എംബസി ഇതുവരെ പ്രതികരിച്ചിട്ടില്ല. സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് ഇസ്രായില്‍ സൈന്യം നേരത്തെ പ്രസ്താവിച്ചിരുന്നു. റാമല്ലക്ക് വടക്കുള്ള സിന്‍ജില്‍ ഗ്രാമത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. അമേരിക്കന്‍ പൗരനായ സൈഫിനെ (20) ജൂതകുടിയേറ്റക്കാര്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അടിയന്തിര വൈദ്യപരിചരണങ്ങള്‍ നല്‍കി സൈഫിനെ ആശുപത്രിയിലേക്ക് നീക്കാന്‍ മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്താന്‍ മൂന്ന് മണിക്കൂര്‍ ശ്രമിച്ചെങ്കിലും ഇസ്രായില്‍ സൈന്യത്തിന്റെ നിയന്ത്രണങ്ങള്‍ മൂലം സാധിച്ചില്ല. അവസാനം സഹോദരനാണ് സൈഫിനെ ആംബുലന്‍സിലേക്ക് എത്തിച്ചത്. പക്ഷേ, ആശുപത്രിയില്‍ എത്തുന്നതിനുമുമ്പ് സൈഫ് അന്ത്യശ്വാസം വലിച്ചു – ഫ്‌ളോറിഡയിലെ ടാമ്പയില്‍ താമസിക്കുന്ന സൈഫിന്റെ കുടുംബം പ്രസ്താവനയില്‍ പറഞ്ഞു.
അക്രമത്തിനെതിരെ നിലകൊണ്ടും സമാധാനത്തിന്റെയും അന്തസ്സിന്റെയും ഭാവിക്കായി പ്രവര്‍ത്തിച്ചും നാം അദ്ദേഹത്തിന്റെ ഓര്‍മകളെ ആദരിക്കണം. വിദേശത്തുള്ള അമേരിക്കന്‍ പൗരന്മാരുടെ സംരക്ഷണം ഉറപ്പാക്കാന്‍ യു.എസ് ഭരണകൂടം അന്താരാഷ്ട്ര പങ്കാളികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണം – ടാമ്പയിലെ യു.എസ് പ്രതിനിധിസഭ അംഗം കാത്തി കാസ്റ്റര്‍ എക്‌സ് പ്ലാറ്റ്ഫോമിലെ പോസ്റ്റില്‍ പറഞ്ഞു. യു.എസ് പ്രതിനിധിസഭയിലെ ചില അംഗങ്ങള്‍ സൈഫിന്റെ കൊലപാതകത്തെ അപലപിച്ചു. മറ്റുള്ളവര്‍ സംഭവം അന്വേഷിക്കാന്‍ യു.എസ് വിദേശ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ഈ ആഹ്വാനങ്ങളോട് വിദേശ മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല. 2023 ഒക്ടോബര്‍ ഏഴിന് ഇസ്രായിലിനെതിരായ ഹമാസ് ആക്രമണത്തെയും ഗാസയില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെയും തുടര്‍ന്ന് 1967 മുതല്‍ ഇസ്രായില്‍ കൈവശപ്പെടുത്തിയിരിക്കുന്ന വെസ്റ്റ് ബാങ്കില്‍ ജൂതകുടിയേറ്റക്കാരുടെയും ഇസ്രായില്‍ സൈനികരുടെയും അക്രമം വലിയ തോതില്‍ വര്‍ധിച്ചതായി മനുഷ്യാവകാശ ഗ്രൂപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ ജൂണ്‍ ആദ്യത്തിലാണ് സൈഫുദ്ദീന്‍ വെസ്റ്റ് ബാങ്കിലെത്തിയത്.
സൈഫുദ്ദീന്റെ കൊലപാതകം അന്വേഷിക്കണമെന്ന് കുടുംബം യു.എസ് വിദേശ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ഫ്‌ളോറിഡയില്‍ ജനിച്ചുവളര്‍ന്ന സൈഫുദ്ദീന്‍ ബന്ധുക്കള്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍ ജൂണ്‍ ആദ്യത്തില്‍ വെസ്റ്റ് ബാങ്ക് സന്ദര്‍ശിക്കുകയായിരുന്നുവെന്ന് കുടുംബ പ്രതിനിധി ഡയാന ഹലൂം പ്രസ്താവനയില്‍ പറഞ്ഞു. സൈഫുദ്ദീന്റെ കൊലപാതകം സങ്കല്‍പ്പിക്കാനാവാത്ത പേടിസ്വപ്നവും ഒരു കുടുംബവും ഒരിക്കലും അനുഭവിക്കേണ്ടാത്ത അനീതിയുമാണ്. യു.എസ് വിദേശ മന്ത്രാലയം അടിയന്തര അന്വേഷണം നടത്തണമെന്നും സൈഫിനെ കൊലപ്പെടുത്തിയ ഇസ്രായിലി കുടിയേറ്റക്കാര്‍ക്കെതിരെ നടപടികളെടുക്കണണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു – ഡയാന ഹലൂം പറഞ്ഞു.
സൈഫുദ്ദീന്റെ ശരീരമാസകലം മര്‍ദനമേറ്റിരുന്നെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. തന്റെ കുടുംബത്തിന്റെ ഭൂമി തട്ടിയെടുക്കാനുള്ള ജൂതകുടിയേറ്റക്കാരുടെ ശ്രമം തടയുന്നതിനിടെയാണ് സൈഫിനെ ക്രൂരമായി മര്‍ദിച്ചു കൊന്നതെന്ന് കുടുംബം പറഞ്ഞു. രണ്ടാമത്തെ ഫലസ്തീന്‍ യുവാവായ മുഹമ്മദ് രിസ്‌ക് ഹുസൈന്‍ അല്‍ശലബി (23) ഇതേ ആക്രമണത്തില്‍ നെഞ്ചിന് വെടിയേറ്റ് കൊല്ലപ്പെട്ടതായി ഫലസ്തീന്‍ അധികൃതര്‍ പിന്നീട് റിപ്പോര്‍ട്ട് ചെയ്തു. റാമല്ലയുടെ വടക്കുള്ള സിന്‍ജില്‍ ഗ്രാമത്തില്‍ വെള്ളിയാഴ്ച നടന്ന ഏറ്റുമുട്ടലില്‍ പത്തു ഫലസ്തീനകള്‍ക്ക് പരിക്കേറ്റതായും ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.


ഫലസ്തീനികളുടെ ഭൂമി തട്ടിയെടുത്ത് അനധികൃത ജൂതകുടിയേറ്റ കോളനി നിര്‍മിക്കുന്നതിനെതിരെ ഫലസ്തീനികള്‍ പ്രകടനം നടത്തിയപ്പോഴാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ഇതിനിടെയാണ് സൈഫുദ്ദീനെ ജൂതകുടിയേറ്റക്കാര്‍ ക്രൂരമായി തല്ലിക്കൊന്നത്. തുടക്കത്തില്‍ കാണാതായെന്ന് കരുതിയ 23 വയസ്സുള്ള മറ്റൊരു യുവാവിന്റെ മൃതദേഹം മണിക്കൂറുകള്‍ക്ക് ശേഷം കണ്ടെത്തി. ഈ യുവാവ് നെഞ്ചില്‍ വെടിയേറ്റ് രക്തം വാര്‍ന്ന് മരിച്ചതായി ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു.
അന്താരാഷ്ട്ര നിയമം ലംഘിച്ച്, ഇസ്രായില്‍ രാഷ്ട്രത്തില്‍ കൂട്ടിച്ചേര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി വെസ്റ്റ് ബാങ്കില്‍ ഇസ്രായില്‍ ജൂതകുടിയേറ്റ കോളനികള്‍ വികസിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തതായി ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസ് മാര്‍ച്ചില്‍ പറഞ്ഞു. ഫലസ്തീന്‍-അമേരിക്കന്‍ മാധ്യമപ്രവര്‍ത്തക ഷിറീന്‍ അബൂആഖ്‌ല, ഫലസ്തീന്‍-അമേരിക്കന്‍ യുവാവ് ഉമര്‍ മുഹമ്മദ് റബീഅ്, തുര്‍ക്കി-അമേരിക്കന്‍ ആക്ടിവിസ്റ്റ് ഐഷ നൂര്‍ ഇസ്ഗി ഈജി എന്നിവര്‍ അടക്കം ഏതാനും അമേരിക്കന്‍ പൗരന്മാരെ വെസ്റ്റ് ബാങ്കില്‍ വെച്ച് സമീപ വര്‍ഷങ്ങളില്‍ ഇസ്രായില്‍ കൊലപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം യു.എന്നിന്റെ പരമോന്നത കോടതി ഫലസ്തീന്‍ പ്രദേശത്തെ ഇസ്രായില്‍ അധിനിവേശവും ജൂതകുടിയേറ്റ കോളനി നിര്‍മാണവും നിയമവിരുദ്ധമാണെന്നും എത്രയും വേഗം അവസാനിപ്പിക്കണമെന്നും പറഞ്ഞു.