വാഷിങ്ടണ്‍ – വടക്ക് പടിഞ്ഞാറൻ നൈജീരിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകര കേന്ദ്രങ്ങളിൽ ക്രിസ്മസ് ദിനത്തിൽ വ്യോമാക്രമണം നടത്തി യു.എസ് സൈന്യം. ആക്രമണം നടത്തിയ വിവരം യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് പുറത്തുവിട്ടത്. മേഖലയിലെ ക്രിസ്ത്യൻ വിഭാഗങ്ങളെ ലക്ഷ്യമിട്ട് ഭീകരർ നടത്തുന്ന ക്രൂരമായ കൊലപാതകങ്ങൾക്ക് മറുപടിയായാണ് ഈ നടപടിയെന്ന് അദ്ദേഹം വ്യക്തമാക്കി.
തന്റെ നിർദ്ദേശപ്രകാരം യു.എസ് സൈന്യം നിരവധി ആക്രമണങ്ങൾ നടത്തിയതായി ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. ഈ ഓപ്പറേഷനെ പെർഫെക്റ്റ് സ്‌ട്രൈക്കുകളെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. നൈജീരിയയിലെ ക്രിസ്ത്യാനികളെ കൊല്ലുന്നത് നിർത്തണമെന്ന് ഭീകരർക്ക് ട്രംപ് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ആക്രമണം.
നൈജീരിയൻ അധികൃതരുടെ അഭ്യർഥനപ്രകാരം നടത്തിയ ആക്രമണത്തിൽ നിരവധി ഐ.എസ് ഭീകരർ കൊല്ലപ്പെട്ടതായി പ്രതിരോധ വകുപ്പ് അറിയിച്ചു. ‘മരിച്ച ഭീകരർക്ക് ഉൾപ്പെടെ എല്ലാവർക്കും ക്രിസ്മസ് ആശംസകൾ’ എന്നാണ് ആക്രമണത്തെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവച്ച കുറിപ്പിൽ ട്രംപ് എഴുതിയത്. അടുത്തിടെ നൈജീരിയയിൽ ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് നേരെ ഭീകരവാദികൾ ആക്രമണം നടത്തുകയും നിരവധി ആളുകളെ തട്ടിക്കൊണ്ടുപോവുകയുമൊക്കെ ചെയ്തിരുന്നു.
ക്രിസ്ത്യൻ വിഭാഗങ്ങൾക്കെതിരായ ആക്രമണങ്ങളെ തുടർന്ന് നൈജീരിയയ്‌ക്കെതിരെ യു.എസ് വിസ നിയന്ത്രണങ്ങളുൾപ്പെടെ ഏർപ്പെടുത്തിയിരുന്നു. ക്രിസ്ത്യാനികൾക്കെതിരെയുള്ള അക്രമങ്ങളെ തുടർന്ന് നൈജീരിയയെ ‘പ്രത്യേക ആശങ്കയുള്ള രാജ്യം’ (Country of Particular Concern) ആയി യു.എസ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനെല്ലാം പുറമെയാണ് രാജ്യത്ത് സൈനികമായി യു.എസ് ഇടപെട്ടിരിക്കുന്നത്.



