തെഹ്‌റാന്‍ – തെക്കന്‍ ഇറാനിലെ ഖെഷം തുറമുഖത്തും ബന്ദര്‍ അബ്ബാസ് തുറമുഖത്തും യു.എസ് സൈന്യം ആക്രമണങ്ങള്‍ നടത്തിയതായി മുതിര്‍ന്ന യു.എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇറാനിലെ ബന്ദര്‍ അബ്ബാസ് നഗരം, ഖെഷം ദ്വീപ്, മിനാബ് മേഖല എന്നിവിടങ്ങളിലാണ് ആക്രമണങ്ങള്‍ നടത്തിയത്. ആക്രമണങ്ങളെ കുറിച്ച് തങ്ങള്‍ക്ക് യാതൊരു അറിവുമില്ലെന്ന് ഇസ്രായില്‍ സൈന്യം വ്യക്തമാക്കി. ഞങ്ങള്‍ ഇറാനില്‍ ആക്രമണം നടത്തി, പക്ഷേ ഇതിനര്‍ഥം യുദ്ധം പുനരാരംഭിക്കുകയോ ഏപ്രില്‍ 7 ന് പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ അവസാനിപ്പിക്കുകയോ അല്ല എന്ന് യു.എസ് ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.
ഖെഷം ദ്വീപിലെ ബഹ്‌മന്‍ പാസഞ്ചര്‍ തുറമുഖത്ത് സ്‌ഫോടനം നടന്നതായി ഇറാന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന്റെ ഫലമായി ഡോക്കിന്റെ വാണിജ്യ വിഭാഗങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി ഇറാന്‍ ടി.വി അറിയിച്ചു. ഒരു ഇറാന്‍ എണ്ണ ടാങ്കറിനു നേരെ യു.എസ് സൈന്യം നടത്തിയ ആക്രമണത്തെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്കിലെ ശത്രു യൂണിറ്റുകള്‍ക്കു നേരെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതായി സൈനിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇറാന്‍ സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. ഖെഷമില്‍ കേട്ട സ്‌ഫോടനങ്ങള്‍ രണ്ട് ചെറിയ വിമാനങ്ങളുമായുള്ള പ്രതിരോധ ഇടപെടലുമായി ബന്ധപ്പെട്ടതാണെന്ന് തസ്‌നീം വാര്‍ത്താ ഏജന്‍സിയും വ്യക്തമാക്കി.
ഖെഷമിലെ ബഹ്‌മന്‍ തുറമുഖത്തിന്റെ വാണിജ്യ വിഭാഗങ്ങളെ ലക്ഷ്യമിട്ട് ആക്രമണമുണ്ടായതായി ഫാര്‍സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഖെഷമിലെ ബഹ്‌മന്‍ തുറമുഖത്ത് ഇറാന്‍ സൈന്യം ശത്രുവുമായി ഏറ്റുമുട്ടിയതായും റിപ്പോര്‍ട്ട് പറയുന്നു. തെക്കന്‍ ഇറാനിലെ ഖെഷം ദ്വീപില്‍ സ്ഥിതിചെയ്യുന്ന സുപ്രധാന അടിസ്ഥാന സൗകര്യമാണ് ബഹ്‌മന്‍ തുറമുഖം. ഇത് വാണിജ്യ, വിനോദസഞ്ചാര ഗതാഗതത്തിന്റെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നു. ഹോര്‍മുസ് കടലിടുക്കിനടുത്ത് തന്ത്രപ്രധാനമായ സ്ഥാനത്താണ് ഖെഷം തുറമുഖം സ്ഥിതി ചെയ്യുന്നത്. തുറമുഖത്തിന്റെ പ്രാധാന്യവും ഇതാണ്. ഇറാന്റെ ആണവ പദ്ധതി പോലുള്ള കൂടുതല്‍ വിവാദപരമായ വിഷയങ്ങള്‍ തല്‍ക്കാലം പരിഹരിക്കാതെ നിലനിര്‍ത്തി, ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള അമേരിക്കന്‍ നിര്‍ദ്ദേശത്തോടുള്ള ഇറാന്റെ പ്രതികരണത്തിനായി അമേരിക്ക കാത്തിരിക്കുന്ന സമയത്താണ് പുതിയ ആക്രമണങ്ങള്‍.



