ബാഗ്ദാദ്: വടക്കന്‍ ഇറാഖില്‍ ഡ്രോണ്‍ അവശിഷ്ടം നിര്‍വീര്യമാക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തില്‍ യു.എസ് സൈനികന്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ മറ്റൊരു സൈനികന് പരിക്കേറ്റിട്ടുണ്ട്. ജോര്‍ദാനില്‍ യു.എസ് സൈനികര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ കാണാതായ സൈനികന്റേതെന്ന് കരുതുന്ന മൃതദേഹാവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. യു.എസ് സെന്‍ട്രല്‍ കമാന്‍ഡാണ് ഇക്കാര്യം അറിയിച്ചത്.
വടക്കന്‍ ഇറാഖില്‍ തകര്‍ന്നുവീണ ഇറാനിയന്‍ ഡ്രോണില്‍ നിന്നുള്ള പൊട്ടാത്ത വെടിക്കോപ്പുകള്‍ നിയന്ത്രിതമായി നശിപ്പിക്കുന്നതിനിടെ ജൂലൈ 18-നാണ് സംഭവം. ഫെബ്രുവരി 28-ന് ഇറാന്‍, അമേരിക്ക, ഇസ്രായേല്‍ സംഘര്‍ഷം ആരംഭിച്ചതിനുശേഷം സ്ഥിരീകരിക്കപ്പെട്ട യു.എസ് സൈനികരുടെ മരണസംഖ്യ ഇതോടെ 17 ആയി ഉയര്‍ന്നു. യുദ്ധത്തില്‍ ഇതുവരെ 430-ലധികം യു.എസ് സൈനികര്‍ക്കാണ് പരിക്കേറ്റത്.
വടക്കന്‍ ഇറാഖിലെ കുര്‍ദിസ്ഥാന്‍ മേഖലയിലുള്ള ഹരീര്‍ വ്യോമതാവളത്തിലെ യു.എസ് കമാന്‍ഡ് സെന്റര്‍ ലക്ഷ്യമിട്ട് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് അഞ്ച് മിസൈലുകള്‍ തൊടുത്തുവിട്ടതായി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ജോര്‍ദാന്റെ ശക്തമായ പ്രതിഷേധം
ജോര്‍ദാനെ ലക്ഷ്യമിട്ട് ഇറാന്‍ തുടര്‍ച്ചയായി നടത്തുന്ന ആക്രമണങ്ങളിലും പ്രകോപനപരമായ പ്രസ്താവനകളിലും പ്രതിഷേധിച്ച് അമ്മാനിലെ ഇറാന്‍ ചാര്‍ജ് ഡി അഫയേഴ്സിനെ ജോര്‍ദാന്‍ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി. രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റം ഉടന്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധം അറിയിച്ചതായി വിദേശ മന്ത്രാലയ വക്താവ് അംബാസഡര്‍ ഫുവാദ് അല്‍മജാലി വ്യക്തമാക്കി.
“രാജ്യത്തിന്റെ സുരക്ഷയും പൗരന്മാരുടെ ജീവനും മറികടക്കാന്‍ പാടില്ലാത്ത ചുവപ്പുരേഖയാണ്. ഇറാന്‍ നടത്തുന്ന ക്രൂരമായ ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എന്‍ ചാര്‍ട്ടറിന്റെയും നഗ്‌നമായ ലംഘനമാണ്.” – അംബാസഡര്‍ ഫുവാദ് അല്‍മജാലി
ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെയും ജോര്‍ദാന്‍ അപലപിച്ചു. ഗള്‍ഫ് രാജ്യങ്ങളുടെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാന്‍ സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും ജോര്‍ദാന്‍ സമ്പൂര്‍ണ്ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.




