ടെഹ്റാൻ/ന്യൂയോർക്ക്- അമേരിക്കയും ഇറാനും തമ്മിൽ മാസങ്ങളായി നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യങ്ങൾക്ക് അന്ത്യം കുറിച്ചുകൊണ്ടുള്ള സമാധാന കരാർ അന്തിമഘട്ടത്തിലെത്തിയതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെളിപ്പെടുത്തി. കരാറിന്റെ വിശദാംശങ്ങൾ ഉടൻ തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വാഷിംഗ്ടണിൽ നിന്നുള്ള വിവരങ്ങൾ വ്യക്തമാക്കുന്നത്. അടുത്ത ഞായറാഴ്ചയോടെ ഇറാൻ ഈ കരാർ അംഗീകരിക്കാൻ സാധ്യതയുണ്ടെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും പ്രത്യാശ പ്രകടിപ്പിച്ചു.
സമാധാന കരാറിലേക്ക് എത്തുന്നതിന്റെ ഭാഗമായി ഗൾഫ് മേഖലയിലെയും മറ്റ് അന്താരാഷ്ട്ര തലത്തിലെയും പ്രമുഖ നേതാക്കളുമായി ട്രംപ് ടെലിഫോണിൽ വിശദമായ ചർച്ചകൾ നടത്തി. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ, യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ്, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ്, പാകിസ്ഥാൻ സൈനിക മേധാവി ജനറൽ ആസിം മുനീർ, തുർക്കി പ്രസിഡന്റ് ഉർദുഗാൻ, ഈജിപ്ഷ്യൻ പ്രസിഡന്റ് അൽസീസി, ജോർദാൻ, ബഹ്‌റൈൻ രാജാക്കന്മാർ എന്നിവരുമായാണ് ട്രംപ് ആശയവിനിമയം നടത്തിയത്. ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും ട്രംപ് പ്രത്യേകം സംസാരിച്ചു. നിലവിലെ തർക്കങ്ങൾ പരിഹരിക്കുന്നതിലും വെടിനിർത്തൽ യാഥാർത്ഥ്യമാക്കുന്നതിലും ഖത്തർ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളുടെ മധ്യസ്ഥശ്രമം വലിയ പങ്കുവഹിച്ചിട്ടുണ്ട്.
ലോകത്തിലെ ആകെ എണ്ണവ്യാപാരത്തിന്റെ 20 ശതമാനത്തോളം കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതം യാതൊരുവിധ നിരോധനങ്ങളോ ടോളുകളോ ഇല്ലാതെ പൂർണ്ണമായി പുനരാരംഭിക്കുക എന്നതാണ് ഈ കരാറിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസ്ഥ. എന്നാൽ, ഹോർമുസ് കടലിടുക്ക് ഇറാന്റെ നിയന്ത്രണത്തിൽ തന്നെ തുടരുമെന്നും, കടലിടുക്ക് പൂർണ്ണമായി തുറക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനം യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാത്തതാണെന്നും ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മേഖലയിലെ സൈനിക നടപടികളും സംഘർഷങ്ങളും അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സുരക്ഷാ-സാമ്പത്തിക പാക്കേജുകൾ അടങ്ങുന്നതാണ് പുതിയ കരാർ. ഇതനുസരിച്ച് യുറേനിയം സമ്പുഷ്ടീകരണം സംബന്ധിച്ച നിർണായക കാര്യങ്ങൾ വരും ദിവസങ്ങളിൽ ചർച്ച ചെയ്യും. കരാറിന്റെ ഭാഗമായി ഇറാൻ തുറമുഖങ്ങൾക്കെതിരെയുള്ള ഉപരോധങ്ങൾ നീക്കുകയും വ്യാപാര ബന്ധങ്ങൾ പുനരാരംഭിക്കുകയും ചെയ്യും. കൂടാതെ, നിലവിൽ അമേരിക്ക മരവിപ്പിച്ചു നിർത്തിയിരിക്കുന്ന ഇറാന്റെ ഫണ്ടുകളിൽ നിന്ന് ഏകദേശം 2,000 കോടി ഡോളർ (20 ബില്യൺ ഡോളർ) ഇറാനു വിട്ടുനൽകാനും ഈ സമാധാന കരാറിൽ ധാരണയായിട്ടുണ്ട്.



