വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചരിത്രപരമായ കരാർ ഞായറാഴ്ച ഒപ്പുവെക്കാൻ നിശ്ചയിച്ചിട്ടുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രസ്താവിച്ചു. കരാർ യാഥാർത്ഥ്യമാകുന്നതോടെ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കപ്പൽ ഗതാഗത പാതകളിലൊന്നായ ഹോർമുസ് കടലിടുക്ക് (Strait of Hormuz) എല്ലാവർക്കുമായി തുറന്നുകൊടുക്കുമെന്നും ട്രംപ് വ്യക്തമാക്കി. എന്നാൽ ഒപ്പുവെക്കുന്ന സമയത്തിന്റെ കാര്യത്തിൽ ഇറാൻ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.
മധ്യസ്ഥതയുമായി പാകിസ്താൻ; ഒരുക്കങ്ങൾ പൂർത്തിയായി
കരാറിൽ പ്രധാന മധ്യസ്ഥനായി പ്രവർത്തിക്കുന്ന പാകിസ്താനും ശുഭപ്രതീക്ഷയിലാണ്. അടുത്ത 24 മണിക്കൂറിനുള്ളിൽ കരാർ അന്തിമമാകുമെന്ന് പ്രതീക്ഷിക്കുന്നതായി പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അറിയിച്ചു. “നാം ഒരു സമാധാന കരാറിലേക്ക് എന്നത്തേക്കാളും അടുത്തിരിക്കുകയാണ്. തൊട്ടുപിന്നാലെ സമാധാന കരാറിന്റെ ഇലക്ട്രോണിക് ഒപ്പുവെക്കലിനായി പാകിസ്താൻ തയ്യാറെടുക്കുകയാണ്. അടുത്ത ആഴ്ച സാങ്കേതിക തലത്തിലുള്ള ചർച്ചകൾ നടക്കും,” ഷെരീഫ് എക്സിൽ (X) കുറിച്ചു. ഇറാന്റെ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അരാഗ്ചിയും അമേരിക്കയുമായുള്ള കരാർ ഉടനെയുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇസ്രായേലും ലെബനനിലെ ഹിസ്ബുള്ളയും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കുന്നത് ഉൾപ്പെടുന്നതാണ് ഈ കരാറെന്നാണ് ഇറാന്റെ പക്ഷം.
ജാഗ്രതയോടെ ഇറാൻ; മുന്നറിയിപ്പുമായി ട്രംപ്
ട്രംപിന്റെ പെട്ടെന്നുള്ള പ്രതികരണത്തിന് മുൻപ് ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായിൽ ബഗായ് വളരെ ജാഗ്രതയോടെയാണ് പ്രതികരിച്ചത്. ധാരണാപത്രം ഒപ്പുവെക്കുന്ന കൃത്യമായ തീയതിയെക്കുറിച്ച് നമുക്ക് കാത്തിരുന്ന് കാണേണ്ടിവരുമെന്നും, എങ്കിലും അത് നാളെ (ഞായറാഴ്ച) ആയിരിക്കില്ലെന്നുമാണ് ഇറാൻ വ്യക്തമാക്കുന്നത്.
ഇതിനിടെ ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരത്തെ പരാമർശിച്ചുകൊണ്ട് ട്രംപ് നടത്തിയ പ്രസ്താവന ചർച്ചയായിട്ടുണ്ട്. അനുയോജ്യമായ സമയത്ത്, എല്ലാം ശാന്തമാകുമ്പോൾ തങ്ങൾ അതെല്ലാം കൈക്കലാക്കി നശിപ്പിക്കുമെന്നാണ് ട്രംപ് പറഞ്ഞത്. കാര്യങ്ങൾ പെട്ടെന്നും എളുപ്പത്തിലും സുഗമമായും നടന്നിട്ടില്ലെങ്കിൽ, വാഷിംഗ്ടണിന്റെ പക്കൽ “അവസാനത്തെ ബദൽ മാർഗ്ഗമുണ്ടെന്നും”, അത് ഇനി ഒരിക്കലും ഉപയോഗിക്കേണ്ടി വരില്ലെന്ന് പ്രത്യാശിക്കുന്നതായും ട്രംപ് ഇറാനിന് ശക്തമായ മുന്നറിയിപ്പും നൽകി.



