ന്യൂയോർക്ക്– ഗാസയെ പട്ടിണി ബാധിത പ്രദേശമായി ഐക്യരാഷ്ട്ര സഭ ഇന്ന് പ്രഖ്യാപിച്ചു. അഞ്ചു ലക്ഷത്തോളം ആളുകൾ ഗാസയിൽ പട്ടിണിയിലാണെന്നും യു.എൻ വിദഗ്ധർ പറഞ്ഞു. മിഡിൽ ഈസ്റ്റിൽ ആദ്യമായാണ് ഇത്തരമൊരു പ്രഖ്യാപനം നടത്തുന്നത്. ഗാസയിലെ മാനുഷിക സാഹചര്യത്തെയും വ്യാപകമായ പട്ടിണിയെ കുറിച്ചും മാസങ്ങളായി യു.എൻ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ഏജൻസികളും മുന്നറിയിപ്പ് നൽകിയിരുന്നു. ഗാസ മുനമ്പിന്റെ ഏകദേശം 20 ശതമാനം വരുന്ന ഗാസ സിറ്റിയിൽ പട്ടിണി അനുഭവിക്കുന്നതായി റോം ആസ്ഥാനമായുള്ള യു.എന്നിനു കീഴിലെ ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷൻ സ്ഥിരീകരിച്ചു.
ഗാസയിലെ പട്ടിണി നമ്മളെയെല്ലാം ആശങ്കപ്പെടുത്തണമെന്നും ഭക്ഷ്യസഹായം കൊണ്ടുവരുന്നതിൽ നിന്ന് ഐക്യരാഷ്ട്രസഭയെ ഇസ്രായിൽ തടഞ്ഞില്ലായിരുന്നുവെങ്കിൽ ഇത് പൂർണമായും ഒഴിവാക്കാമായിരുന്നുവെന്നും ജനീവയിൽ നടന്ന മാധ്യമ സമ്മേളനത്തിൽ മാനുഷിക കാര്യങ്ങൾക്കുള്ള യു.എൻ അണ്ടർ സെക്രട്ടറി ജനറൽ ടോം ഫ്ലെച്ചർ പറഞ്ഞു. എന്നാൽ ഇസ്രായിലിന്റെ ആസൂത്രിതമായ തടസ്സങ്ങൾ കാരണം ഗാസയിൽ പ്രവേശിപ്പിക്കാൻ കഴിയാതെ അതിർത്തിയിൽ ഭക്ഷ്യസഹായം കുന്നുകൂടിക്കിടക്കുന്നു. ഈ പട്ടിണി നമ്മളെയെല്ലാം ആശങ്കപ്പെടുത്തണം. ഭക്ഷണവും മറ്റ് സാധനങ്ങളും തടസ്സമില്ലാതെ ഗാസയിൽ പ്രവേശിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. പട്ടിണിയെ ആയുധമായി ഉപയോഗിക്കുന്നത് യുദ്ധക്കുറ്റമാണെന്നും ടോം ഫ്ലെച്ചർ പറഞ്ഞു.
സഹായ ഏജൻസികൾ, ഐക്യരാഷ്ട്രസഭ എന്നിവരുൾപ്പെടെ ഗാസയിലെ പട്ടിണി പ്രതിസന്ധി നിർണായക ഘട്ടത്തിലെത്തിയെന്നും പോഷകസമൃദ്ധമായ പാലിന്റെയും മറ്റ് ഭക്ഷണങ്ങളുടെയും വിതരണം കുറഞ്ഞുവരുന്നുവെന്നും പട്ടിണി നേരിടുന്ന കുട്ടികളുടെ എണ്ണം വർധിക്കുന്നതായും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രതിസന്ധി വിലയിരുത്തുന്നതിന് ആവശ്യമായ ഡാറ്റ ലഭിക്കാൻ ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷൻ ബുദ്ധിമുട്ടുകയാണെന്ന് റോയിട്ടേഴ്‌സ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
റിലീഫ് വസ്തുക്കൾ പ്രവേശിപ്പിക്കുന്നതിന് മാർച്ച് മുതൽ ഇസ്രായിൽ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾക്കെതിരെ ഉയർന്ന ആഗോള പ്രതിഷേധങ്ങളെ തുടർന്ന്, ജൂലൈ അവസാനത്തോടെ ഗാസയിലേക്ക് കൂടുതൽ ഭക്ഷണം അനുവദിച്ചു തുടങ്ങിയിരുന്നു. എന്നാൽ, ഭക്ഷണത്തിന്റെ അളവ് വളരെ കുറവാണെന്നും വിതരണ രീതി അരാജകത്വം നിറഞ്ഞതാണെന്നും എയ്ഡ് ഏജൻസി ഉദ്യോഗസ്ഥർ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ആളുകൾ പോഷകാഹാരക്കുറവിലേക്ക് വീഴുന്നത് തടയാൻ ഇതിലൂടെ സാധിക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു. ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ച ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, പോഷകാഹാരക്കുറവും പട്ടിണിയും മൂലമുള്ള മരണങ്ങൾ ഗാസയിൽ വർധിച്ചുകൊണ്ടിരിക്കുകയാണ്. ആഗസ്ത് മാസത്തിലെ ആദ്യ 20 ദിവസങ്ങളിൽ മാത്രം 18 വയസ്സിന് താഴെയുള്ള 25 കുട്ടികൾ ഉൾപ്പെടെ 133 പേർ പട്ടിണി മൂലം മരണപ്പെട്ടതായി ഗാസ മന്ത്രാലയം ബുധനാഴ്ച അറിയിച്ചു.