ഗാസ – ഗാസയില്‍ കുട്ടികള്‍ അടക്കമുള്ളവരുടെ ജീവന് മാരക ഭീഷണിയായി പൊട്ടാത്ത ബോംബുകളും മിസൈലുകളും. രണ്ടു വര്‍ഷം നീണ്ട യുദ്ധത്തിനിടെ ഗാസയില്‍ ഇസ്രായില്‍ വര്‍ഷിച്ച ബോംബുകളിലും വെടിക്കോപ്പുകളിലും പത്തു ശതമാനത്തോളം പൊട്ടാതെ അവശേഷിക്കുന്നതായാണ് കണക്കാക്കുന്നത്.
ഗാസ മുനമ്പിലെ തന്റെ തകര്‍ന്ന വീട്ടില്‍ ഇപ്പോഴും ഒരു മിസൈല്‍ പൊട്ടാതെ കിടക്കുന്നതായി ഫലസ്തീനി മുഈന്‍ അല്‍ഹതു പറഞ്ഞു. വീടിന്റെ ഭിത്തികള്‍ തുളച്ചുകയറിയ മിസൈല്‍ പൊട്ടിത്തെറിച്ചില്ല. അത് ഏത് നിമിഷവും പൊട്ടിത്തെറിക്കുമെന്ന നിരന്തരമായ ഭയത്തിലാണ് മുഈന്‍ അല്‍ഹതു ജീവിക്കുന്നത്. അത് നീക്കം ചെയ്യാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്ന് ഫലസ്തീന്‍ അധികൃതര്‍ പറയുന്നു. യുദ്ധം കഴിഞ്ഞ് രണ്ട് വര്‍ഷത്തിന് ശേഷം ഇസ്രായില്‍ വ്യോക്രമണത്തില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ അവശേഷിച്ച ടണ്‍ കണക്കിന് പൊട്ടാത്ത വെടിക്കോപ്പുകള്‍ ഗാസ നിവാസികള്‍ക്ക് ഭീഷണി ഉയര്‍ത്തുന്നു.
ഗാസയില്‍ പൊട്ടാത്ത ഷെല്ലുകളുടെയും റോക്കറ്റുകളുടെയും സമീപം കുട്ടികള്‍ പുഞ്ചിരിച്ചുകൊണ്ട് കളിക്കുന്നു. ഈ ബോംബുകളില്‍ പലതും ഇപ്പോഴും ആളുകളെ കൊല്ലാനും ഗുരുതരമായ പരിക്കുകള്‍ വരുത്താനും കഴിവുള്ളവയാണ്. കുറച്ചു ദിവസങ്ങക്കു മുമ്പാണ് യുദ്ധത്തില്‍ അവശേഷിച്ച പൊട്ടാത്ത വെടിക്കോപ്പുകള്‍ മൂലം ഇരട്ട സഹോദരങ്ങളായ യഹ്‌യ്ക്കും നബീലയ്ക്കും ഗുരുതരമായ പരിക്കേറ്റത്. കുട്ടികള്‍ വിറക്, നൈലോണ്‍, കാര്‍ഡ്‌ബോര്‍ഡ് എന്നിവ ശേഖരിക്കുന്ന സമയത്താണ് സ്ഫോടനമുണ്ടായത്. ഒരു കൈ നഷ്ടമായി, കാൽ മിക്കവാറും മുറിച്ചുമാറ്റേണ്ടി വരും. അസ്ഥികൾ പലതും ഒടിഞ്ഞു, കുടലിന് സുഷിരമുണ്ട്’ -ബ്രിട്ടിഷുകാരനായ ഡോക്ടർ പറയുന്നതനുസരിച്ച് ഇതാണ് യഹ്‌യയുടെ സ്ഥിതി. നബീലയ്ക്ക് തലയ്ക്കാണ് പരുക്ക്. ഇരുവരുടെയും മുഖമാകെ വെടിച്ചില്ലുകൾ തുളഞ്ഞുകയറിരിക്കുകയാണ്.
യുദ്ധം ആരംഭിച്ച ശേഷം ഇസ്രായില്‍ ഗാസയില്‍ ഏകദേശം 70,000 ടണ്‍ സ്‌ഫോടകവസ്തുക്കള്‍ വര്‍ഷിച്ചു. ഇക്കൂട്ടത്തില്‍ പൊട്ടിത്തെറിക്കാത്ത വെടിക്കോപ്പുകള്‍ വലിയ അപകടസാധ്യത ഉയര്‍ത്തുന്നതായി ഹാന്‍ഡിക്യാപ്പ് ഇന്റര്‍നാഷണല്‍ എന്ന എന്‍.ജി.ഒ പറയുന്നു. വെടിക്കോപ്പുകൾ അഞ്ചു ശതമാനം മുതല്‍ പത്തു ശതമാനം വരെ പൊട്ടിത്തെറിച്ചിട്ടില്ലെന്ന് കണക്കാക്കുന്നതായി ഐക്യരാഷ്ട്രസഭയുടെ മൈന്‍ ആക്ഷന്‍ സര്‍വീസ് പറഞ്ഞിരുന്നു. ഐക്യരാഷ്ട്രസഭയുടെ ഈ കണക്ക് പുറത്തുവന്നതിനു ശേഷവും, ഒക്ടോബര്‍ 10 ന് ഹമാസുമായുള്ള വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനു ശേഷവും ഇസ്രായില്‍ സൈന്യം പുതിയ ബോംബുകള്‍ വര്‍ഷിച്ചു. ഇത്തരത്തിലുള്ള വെടിക്കോപ്പുകള്‍ കാരണം കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്ത കുട്ടികളുടെ എണ്ണത്തെ കുറിച്ച് കൃത്യമായ കണക്കുകള്‍ ലഭിക്കുക വളരെ ബുദ്ധിമുട്ടാണെന്ന് ഫലസ്തീന്‍ പ്രദേശങ്ങളിലെ യൂണിസെഫ് വക്താവ് ജോനാഥന്‍ ക്രിക്‌സ് പറയുന്നു. ഗാസയിലെ മൈനുകളും പൊട്ടിത്തെറിക്കാത്ത വെടിക്കോപ്പുകളും നീക്കം ചെയ്യാനുള്ള ശ്രമങ്ങളെ പിന്തുണക്കാനായി നാല്‍പതു ലക്ഷം പൗണ്ട് സ്റ്റെര്‍ലിംഗ് നല്‍കുമെന്ന് ബ്രിട്ടന്‍ വ്യാഴാഴ്ച പ്രഖ്യാപിച്ചു. എന്നാല്‍, ഇസ്രായില്‍ സൈന്യം ഇതുവരെ ഒരു സ്‌ഫോടകവസ്തു നിര്‍മാര്‍ജന ഉപകരണങ്ങളും ഗാസ മുനമ്പിലേക്ക് പ്രവേശിപ്പിക്കാന്‍ അനുവദിച്ചിട്ടില്ല.



