ബെയ്‌റൂത്ത് – ദക്ഷിണ ലെബനനില്‍ യു.എന്‍ ഇടക്കാല സേനാ കേന്ദ്രത്തിനു സമീപം ഇസ്രായില്‍ നടത്തിയ ആക്രമണത്തില്‍ ഒരു സൈനികന് പരിക്കേറ്റതായി ലെബനനിലെ ഐക്യരാഷ്ട്രസഭ ഇടക്കാല സേന (യൂണിഫില്‍) അറിയിച്ചു. ഇസ്രായില്‍ ആക്രമണം നിര്‍ത്തണമെന്ന് യു.എന്‍ സേന ആഹ്വാനം ചെയ്തു. ഇസ്രായിലിനും ലെബനനും ഇടയിലുള്ള ബഫറിംഗ് ഫോഴ്‌സ് ആയി പ്രവര്‍ത്തിക്കുന്ന യു.എന്‍ ഇടക്കാല സേന, ഇസ്രായിലും ഹിസ്ബുല്ലയും തമ്മില്‍ ഒരു വര്‍ഷമായി നിലനില്‍ക്കുന്ന വെടിനിര്‍ത്തലിനെ പിന്തുണക്കാനായി ലെബനീസ് സൈന്യവുമായി സഹകരിക്കുന്നു. ബ്ലൂ ലൈനിന് തെക്ക് ബസ്ത്ര ഗ്രാമത്തിലെ റോഡ് തടസ്സം പരിശോധിക്കുകയായിരുന്ന യു.എന്‍ ഇടക്കാല സേനാ പട്രോളിംഗിന് സമീപം ഇസ്രായിലി സൈനിക സ്ഥാനങ്ങളില്‍ നിന്ന് മെഷീന്‍ ഗണ്‍ ഉപയോഗിച്ച് കനത്ത വെടിവെപ്പുണ്ടായി. സമീപത്തായി കൈബോംബ് പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് ഇസ്രായില്‍ സൈന്യം വെടിവെപ്പ് നടത്തിയത്.
യു.എന്‍ സേനയുടെ സ്വത്തുവകകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചില്ലെങ്കിലും വെടിവെപ്പും സ്‌ഫോടനവും സമാധാന സേനാംഗങ്ങളില്‍ ഒരാള്‍ക്ക് പരിക്കുണ്ടാക്കി. ദക്ഷിണ ലെബനന്‍ ഗ്രാമമായ കഫര്‍ശൂബയില്‍ യു.എന്‍ സൈനികര്‍ക്കു നേരെയും ആക്രമണമുണ്ടായി. പതിവ് ദൗത്യം നടത്തുന്നതിനിടെ സമാധാന സേനാ പട്രോളിംഗ് വാഹനത്തിനു സമീപം ഇസ്രായില്‍ ഭാഗത്തുനിന്ന് വെടിവെപ്പുണ്ടാവുകയായിരുന്നു. തെക്കന്‍ ലെബനനില്‍ ഇസ്രായില്‍ സൈന്യം തങ്ങളുടെ സമാധാന സേനക്ക് നേരെ വെടിയുതിര്‍ത്തതായി ഈ മാസാദ്യവും യൂണിഫില്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ മാസവും ദക്ഷിണ ലെബനനില്‍ യു.എന്‍ സമാധാന സേനക്ക് നേരെ ഇസ്രായില്‍ സൈനികര്‍ വെടിയുതിര്‍ത്തിരുന്നു. സമാധാന സേനാംഗങ്ങളെ സംശയിക്കുന്നവരായി തെറ്റിദ്ധരിച്ചാണ് അവര്‍ക്ക് നേരെ മുന്നറിയിപ്പ് എന്നോണം വെടിയുതിര്‍ത്തതെന്ന് ഇസ്രായില്‍ സൈന്യം വ്യക്തമാക്കുന്നത്.
ബ്ലൂ ലൈനിലും സമീപ പ്രദേശങ്ങളിലും സമാധാനത്തിനും സ്ഥിരതക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സമാധാനപാലകര്‍ക്കെതിരായ ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ ഇസ്രായില്‍ സൈന്യത്തോട് യൂണിഫില്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നുണ്ട്. വെടിനിര്‍ത്തല്‍ നിലവിലുണ്ടായിരുന്നിട്ടും ലെബനനില്‍ ഇസ്രായില്‍ പതിവായി ആക്രമണങ്ങള്‍ നടത്തുന്നു. ഹിസ്ബുല്ല സ്ഥാനങ്ങളെയും പ്രവര്‍ത്തകരെയും ലക്ഷ്യമിട്ടാണ് ആക്രമണങ്ങള്‍ നടത്തുന്നതെന്നാണ് ഇസ്രായില്‍ അവകാശപ്പെടുന്നത്. ഹിസ്ബുല്ല വീണ്ടും ആയുധം ശേഖരിക്കുന്നതായി ഇസ്രായില്‍ ആരോപിക്കുന്നു. തെക്കന്‍ ലെബനോനിലെ തന്ത്രപരമായി പ്രധാനപ്പെട്ട അഞ്ച് മേഖലകളില്‍ ഇസ്രായില്‍ സൈനിക സാന്നിധ്യം നിലനിര്‍ത്തുന്നുമുണ്ട്



