ഗാസ – കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ എട്ട് പേര്‍ പോഷകാഹാരക്കുറവും പട്ടിണിയും മൂലം മരിച്ചതായി ഗാസ ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തതായി യു.എന്‍ വക്താവ് സ്റ്റെഫാന്‍ ഡുജാറിക് പറഞ്ഞു. ഇത്തരം റിപ്പോര്‍ട്ടുകള്‍ ദിവസവും വരുന്നുണ്ട്. ഇത് വഷളാകുന്ന മാനുഷിക പ്രതിസന്ധിയെയും സ്ഥിരമായ സഹായം എത്തിക്കേണ്ടതിന്റെ അടിയന്തര ആവശ്യകതയെയും പ്രതിഫലിപ്പിക്കുന്നു. ഗാസയിലേക്ക് പ്രവേശിക്കുന്ന സഹായത്തിന്റെയും സാധനങ്ങളുടെയും അളവ് പട്ടിണി കിടക്കുന്നവരുടെ ഏറ്റവും കുറഞ്ഞ ആവശ്യങ്ങള്‍ നിറവേറ്റുന്നില്ല. വെടിനിര്‍ത്തല്‍ കരാറില്‍ എത്തിച്ചേരേണ്ടത് പ്രധാനമാണ്. ആവശ്യമുള്ള എല്ലാവരിലേക്കും എത്തിച്ചേരുന്നതിന് സഹായത്തിന്റെ സുസ്ഥിരവും വ്യാപകവുമായ ഒഴുക്കുണ്ടാകണമെന്നും സ്റ്റെഫാന്‍ ഡുജാറിക് പറഞ്ഞു.
ഗാസയില്‍ പട്ടിണി മൂലം മരണപ്പെട്ടവരുടെ എണ്ണം 239 ആയി ഉയര്‍ന്നതായും ഇതില്‍ 106 പേര്‍ കുട്ടികളാണെന്നും ഗാസ ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഗാസയിലെ പട്ടിണിയും പോഷകാഹാരക്കുറവും ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതായി ഐക്യരാഷ്ട്രസഭയുടെ വേള്‍ഡ് ഫുഡ് പ്രോഗ്രാം വ്യക്തമാക്കി. ഗാസയിലെ എല്ലായിടത്തും മാനുഷിക സഹായം വ്യാപകമായി എത്തിക്കാന്‍ അനുവദിക്കണമെന്ന് ഐക്യരാഷ്ട്രസഭ ഇസ്രായിലിനോട് ആവശ്യപ്പെട്ടു.