ജനീവ – ഗാസയില്‍ കൊല്ലപ്പെട്ടവരില്‍ 70 ശതമാനവും സ്ത്രീകളും കുട്ടികളുമെന്ന് യു.എന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2023 നവംബര്‍ മുതല്‍ 2024 ഏപ്രില്‍ വരെ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ കണക്കുകള്‍ വിശദമായി അവലോകനം ചെയ്താണ് ഇതില്‍ 70 ശതമാനവും സ്ത്രീകളും കുട്ടികളുമാണെന്ന് യു.എന്‍ ഹൈക്കമ്മീഷനര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് വ്യക്തമാക്കിയത്. സിവിലിയന്മാരുടെ കൊലപാതകങ്ങളും അന്താരാഷ്ട്ര നിയമ ലംഘനങ്ങളും റിപ്പോര്‍ട്ട് വിശദമായി വിവരിക്കുന്നു.
യുദ്ധക്കുറ്റങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും വംശഹത്യയുമായി വിശേഷിപ്പിക്കാവുന്ന ആക്രമണങ്ങളാണ് പലപ്പോഴും ഇസ്രായില്‍ നടത്തുന്നത്. ആക്രമണത്തിന്റെ കെടുതികള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നവത് സിവിലിയന്മാരാണ്. റിലീഫ് വസ്തുക്കള്‍ ഗാസയില്‍ പ്രവേശിപ്പിക്കുന്നത് വിലക്കുന്ന നയം ഇസ്രായില്‍ ഗവണ്‍മെന്റ് തുടരുകയും സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കുകയും ഗാസ നിവാസികളെ കൂട്ടത്തോടെ ആവര്‍ത്തിച്ച് കുടിയൊഴിപ്പിക്കുകകയും ചെയ്യുന്നു. ഇസ്രായില്‍ സൈന്യം നടത്തുന്ന ഇത്തരം ചെയ്തികള്‍ അഭൂതപൂര്‍വമായ കൂട്ടക്കൊലകള്‍, മരണം, പരിക്കുകള്‍, പട്ടിണി, രോഗങ്ങള്‍, പകര്‍ച്ചവ്യാധി വ്യാപനം എന്നിവയിലേക്ക് നയിച്ചതായും യു.എന്‍ റിപ്പോര്‍ട്ട് പറഞ്ഞു.
398 ദിവസമായി ഗാസയില്‍ ഇസ്രായില്‍ സൈന്യം കൂട്ടക്കൊല തുടരുകയാണ്. ഇരുപത്തിനാലു മണിക്കൂറിനിടെ ഫലസ്തീന്‍ കുടുംബങ്ങളെ ലക്ഷ്യമിട്ട് ഇസ്രായില്‍ മൂന്നു കൂട്ടക്കുരുതികള്‍ നടത്തിയതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം പറഞ്ഞു. ഇരുപത്തിനാലു മണിക്കൂറിനിടെ ഗാസയില്‍ 39 പേര്‍ കൊല്ലപ്പെടുകയും 123 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2023 ഒക്‌ടോബര്‍ ഏഴു മുതല്‍ ഇതുവരെ ഇസ്രായില്‍ ആക്രമണങ്ങളില്‍ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 43,508 ആയി ഉയര്‍ന്നു. 1,02,684 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.