ബെയ്‌റൂത്ത് – ദക്ഷിണ ലെബനോനില്‍ പ്രൊജക്‌റ്റൈല്‍ സ്‌ഫോടനത്തില്‍ തങ്ങളുടെ ഒരു സൈനികന്‍ കൊല്ലപ്പെട്ടതായി ലെബനോനിലെ യു.എന്‍ ഇടക്കാല സമാധാന സേന ഇന്ന് പുലര്‍ച്ചെ അറിയിച്ചു. പ്രൊജക്‌റ്റൈലിന്റെ ഉറവിടം അജ്ഞാതമാണെന്ന് യു.എന്‍ സേന പറഞ്ഞു. ലെബനോനിലെ ഹിസ്ബുല്ലയുമായി ഒരു മാസത്തോളമായി രക്തരൂക്ഷിതമായ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇസ്രായിലിന്റെ അതിര്‍ത്തിയിലുള്ള ലെബനീസ് ഗ്രാമമായ അദ്ഷിത് അല്‍ഖുസൈറിനടുത്തുള്ള യു.എന്‍ സമാധാന സേനാ സ്ഥാനത്ത് ഇന്നലെ രാത്രി പ്രൊജക്‌റ്റൈല്‍ പൊട്ടിത്തെറിച്ച് സമാധാന സേനാംഗം ദാരുണമായി കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി യു.എന്‍ സമാധാന സേന പ്രസ്താവനയില്‍ വ്യക്തമാക്കി. പ്രൊജക്‌റ്റൈലിന്റെ ഉറവിടം ഞങ്ങള്‍ക്ക് ഇതുവരെ അറിയില്ല. സംഭവത്തിന്റെ സാഹചര്യങ്ങള്‍ നിര്‍ണ്ണയിക്കാന്‍ അന്വേഷണം ആരംഭിച്ചതായും യു.എന്‍ സേന കൂട്ടിചേർത്തു.
അതിനിടെ, തെക്കന്‍ ലെബനോനില്‍ നിലവിലുള്ള സുരക്ഷാ ബഫര്‍ സോണ്‍ വികസിപ്പിക്കാന്‍ ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇസ്രായില്‍ സൈന്യത്തിന് നിര്‍ദേശം നല്‍കി. ദക്ഷിണ ലെബനോനിലെ സുരക്ഷാ സാഹചര്യം അടിസ്ഥാനപരമായി മാറ്റാനുള്ള തന്റെ നിശ്ചയദാര്‍ഢ്യം നെതന്യാഹു വ്യക്തമാക്കി. തുടരുന്ന സംഘര്‍ഷം കാരണം മേഖലയില്‍ പിരിമുറുക്കം വര്‍ധിക്കുകയും സംഘര്‍ഷം വലിയ തോതില്‍ മൂര്‍ഛിക്കുകയും ചെയ്യുമെന്ന ഭയം കണക്കിലെടുത്ത് വടക്കന്‍ അതിര്‍ത്തിയില്‍ ഇസ്രായിലിന്റെ സുരക്ഷ ശക്തിപ്പെടുത്തുകയാണ് ഈ തീരുമാനത്തിന്റെ ലക്ഷ്യമെന്ന് ഇസ്രായില്‍ പ്രധാനമന്ത്രി വിശദീകരിച്ചു.



