ഗാസ – ഒക്ടോബർ പത്തിന് വെടിനിർത്തൽ പ്രാബല്യത്തിൽവന്ന ശേഷം ഗാസ മുനമ്പിൽ 100ലേറെ കുട്ടികൾ കൊല്ലപ്പെട്ടതായി യൂനിസെഫ് അറിയിച്ചു. ഒക്ടോബർ തുടക്കത്തിൽ വെടിനിർത്തൽ പ്രഖ്യാപിച്ച ശേഷം ഗാസയിൽ 100ലധികം കുട്ടികൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നും വെടിനിർത്തൽ കാലയളവിൽ മിക്കവാറും എല്ലാ ദിവസവും ഒരു ആൺകുട്ടിയോ പെൺകുട്ടിയോ കൊല്ലപ്പെട്ടിട്ടുണ്ടെന്നും യൂനിസെഫ് വക്താവ് ജെയിംസ് എൽഡർ ഗാസയിൽ നിന്ന് വീഡിയോ ലിങ്ക് വഴി യു.എൻ മാധ്യമ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വ്യോമാക്രമണങ്ങൾ, ഡ്രോൺ ആക്രമണങ്ങൾ, ചാവേർ ഡ്രോൺ ആക്രമണങ്ങൾ, ടാങ്ക് ഷെല്ലിംഗ്, വെടിവെപ്പുകൾ എന്നിവയിലാണ് കുട്ടികൾ കൊല്ലപ്പെട്ടത്. ഗാസയിൽ അതിജീവനം ഇപ്പോഴും ഉറപ്പില്ല. വെടിനിർത്തൽ സമയത്ത് ബോംബാക്രമണവും ഷെല്ലാക്രമണവും മന്ദഗതിയിലായെങ്കിലും അവ പൂർണമായും അവസാനിച്ചിട്ടില്ല.
വ്യോമാക്രമണങ്ങൾ, ഡ്രോൺ ആക്രമണങ്ങൾ, ടാങ്ക് ഷെല്ലിംഗ്, വെടിവെപ്പ്, ക്വാഡ്കോപ്റ്റർ ഡ്രോൺ ആക്രമണങ്ങൾ എന്നിവയുൾപ്പെടെയുള്ള സൈനിക ആക്രമണങ്ങളിലാണ് മിക്കവാറും എല്ലാ മരണങ്ങളും സംഭവിച്ചത്. യുദ്ധത്തിലെ അവശിഷ്ടങ്ങൾ പൊട്ടിത്തെറിച്ചാണ് ചിലർ മരണപ്പെട്ടത്. വെടിനിർത്തൽ നിലവിൽവന്ന ശേഷം കുറഞ്ഞത് 60 ആൺകുട്ടികളും 40 പെൺകുട്ടികളും കൊല്ലപ്പെട്ടിട്ടുണ്ട്. മതിയായ വിവരങ്ങൾ ലഭ്യമായ മരണങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ള കണക്കായതിനാൽ കൊല്ലപ്പെട്ട കുട്ടികളുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്തുവിട്ട കണക്ക് യഥാർഥ മരണ സംഖ്യയെക്കാൾ കുറവായിരിക്കുമെന്ന് ജെയിംസ് എൽഡർ കൂട്ടിച്ചേർത്തു.



