ലണ്ടന്‍– യു.കെയിൽ ഹോംകെയര്‍ കേന്ദ്രത്തില്‍ മലയാളികളടക്കമുള്ള വിദേശ ജീവനക്കാരെ ചൂഷണം ചെയ്യുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമമായ ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. പത്തോളം ശുശ്രൂഷ കേന്ദ്രങ്ങള്‍ നടത്തുന്ന ലോട്ടസ് ഹോംകെയറിലെ ജീവനക്കാരാണ് സ്ഥാപനത്തിലെ ചൂഷണവും ദുരിതവും വെളിപ്പെടുത്തിയത്. ജീവനക്കാരുടെ എണ്ണത്തില്‍ കുറവുള്ളതിനാല്‍ നിയമവിരുദ്ധമായി പലപ്പോഴും ദിവസം രണ്ട് ഷിഫ്റ്റുകളില്‍ ജോലി ചെയ്യാന്‍ വരെ നിര്‍ബന്ധിതരാകുന്നുവെന്ന് അവര്‍ പറഞ്ഞു. സിക്ക് ലീവ് പോലും അനുവദിക്കാതെ കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യുന്ന ഇവരെ സ്ഥാപനത്തിനെതിരെ പരാതിപ്പെട്ടാല്‍ നാടുകടത്തുമെന്നാണ് ഭീഷണിപ്പെടുത്തിയാണ് ജോലിചെയ്യിക്കുന്നത്. വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ വന്ന ഭീഷണി മെസേജും ജോലിക്കാർ പങ്കുവെച്ചു.


സൗജന്യ വിസയുള്ള ജോലിക്കായി മേഴ്‌സിസൈഡിലെ ഒരു ഏജന്‍സി ഇവരില്‍ നിന്ന് 10 ലക്ഷത്തില്‍ കൂടുതല്‍ രൂപ ഈടാക്കിയതായും ജീവനക്കാര്‍ പറയുന്നു. എന്നാല്‍ ജീവനക്കാരുടെ ആരോപണങ്ങളെ മുഴുവന്‍ തള്ളിപറഞ്ഞിരിക്കുകയാണ് ലോട്ടസ് കെയര്‍. നിയമപരമായ മാനദണ്ഡങ്ങള്‍ പാലിച്ചാണ് എല്ലാ റിക്രൂട്ട്‌മെന്റുകളും തങ്ങള്‍ നടത്തിയതെന്നും അവര്‍ അവകാശപ്പെട്ടു. 2022ല്‍ ലോട്ടസ് പരിചരണ കേന്ദ്രത്തില്‍ ഒരു അന്തേവാസിയെ നാല് ആഴ്ചകളോളം കുളിപ്പിച്ചില്ലെന്നും മറ്റൊരാള്‍ക്ക് ആറുമാസം കൊണ്ട് 38 കിലോ ഭാരം കുറഞ്ഞതായും സി.ക്യു.സി (പരിചരണ ഗുണനിലവാര കമ്മിഷന്‍) കണ്ടെത്തിയിരുന്നു. ലോട്ടസ് കെയറിന്റെ അഞ്ച് ഹോം കെയര്‍ കേന്ദ്രങ്ങള്‍ക്ക് മതിയായ സൗകര്യമില്ല, മെച്ചപ്പെടുത്തണമെന്ന് റാങ്കിങും സി.ക്യു.സി നല്‍കി.
കഴിഞ്ഞ വര്‍ഷം തുടര്‍ച്ചയായി ആറ് തവണ നടത്തിയ സി.ക്യു.സി നിരീക്ഷണം നടത്തിയപ്പോള്‍ ശ്രദ്ധയില്‍പ്പെടുത്തിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്ന് കെയര്‍ ഹോമുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചിരുന്നു. ഇതില്‍ തന്നെ രണ്ട് ശുശ്രൂഷ കേന്ദ്രങ്ങള്‍ സ്ഥിതി മെച്ചപ്പെടുത്തിയെന്ന് ഇന്‍സ്‌പെക്ടര്‍ രേഖപ്പെടുത്തിയതായും ഇവര്‍ വ്യക്തമാക്കി. നൂറിലേറെ മലയാളികളാണ് ലോട്ടസ് കെയറില്‍ മാത്രമായി ജോലി ചെയ്യുന്നത്. തൊഴിലിടത്തെ ചൂഷണത്തിനു പുറമെ ഇവിടെ ജോലി ചെയ്യുന്ന വിദേശ ജീവനക്കാരെല്ലാം വിസ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന വാര്‍ത്തയും പുറത്ത് വന്നതിനാല്‍ സ്ഥാപനത്തിന്റെ ലൈസന്‍സ് വരെ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ഇതും ബാധിക്കുന്നത് വിദേശ ജീവനക്കാരെ തന്നെയാണ്.
മലയാളി ഏജന്റായ ശ്യാം കുമാര്‍ അടക്കമുള്ളവര്‍ക്കെതിരെ ഫ്രീ വിസക്ക് പതിനായിരം പൗണ്ട് ( ഏകദേശം 11 ലക്ഷം ഇന്ത്യന്‍ രൂപ) ചാര്‍ജ് ഈടാക്കിയെന്ന ഗുരുതര ആരോപണമാണ് ജീവനക്കാര്‍ ഉന്നയിച്ചിരിക്കുന്നത്. ലിവര്‍പൂളില്‍ മലയാളികള്‍ക്കിടയില്‍ സജീവമായ പത്തോളം ഏജന്‍സികള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവരിലൂടെ ആയിരക്കണക്കിന് മലയാളികള്‍ യു.കെയില്‍ എത്തിയിട്ടുണ്ട്. വിസ കച്ചവക്കാര്‍ക്കെതിരെ പരാതിപ്പെട്ട എഫ്.ഐ.ആര്‍ കോപ്പികള്‍ അടക്കം ദേശീയ മാധ്യമങ്ങള്‍ക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. ബ്രിട്ടന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കര്‍ശന നടപടികളേക്ക് കടന്നിരിക്കുകയാണ്.