ന്യൂയോർക്ക്- അന്ത്യശാസനം അംഗീകരിച്ചില്ലെങ്കിൽ ഇറാനെ ഇന്ന് രാത്രിയോടെ പൂർണ്ണമായും നശിപ്പിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണി മുഴക്കി തന്റെ സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്തിലൂടെയാണ് ട്രംപിന്റെ പരാമർശം.
“ഒരു സമ്പൂർണ്ണ നാഗരികത തന്നെ ഇന്ന് രാത്രി മരിക്കും, അത് ഒരിക്കലും തിരിച്ചുപിടിക്കാനാകാത്ത വിധം ഇല്ലാതാകും. അങ്ങനെ സംഭവിക്കണമെന്ന് എനിക്ക് ആഗ്രഹമില്ല, പക്ഷേ മിക്കവാറും അത് സംഭവിച്ചേക്കാം. എങ്കിലും, വ്യത്യസ്തരും ബുദ്ധിമാന്മാരും തീവ്രവാദ ചിന്താഗതികൾ ഇല്ലാത്തവരുമായ ആളുകൾ അധികാരം ഏൽക്കുന്ന ഒരു സമ്പൂർണ്ണ ഭരണമാറ്റം (Regime Change) അവിടെ ഉണ്ടായ സ്ഥിതിക്ക്, വിപ്ലവകരമായ എന്തെങ്കിലും നല്ല കാര്യങ്ങൾ സംഭവിച്ചേക്കാം, ആർക്കറിയാം?
ലോകത്തിന്റെ സുദീർഘവും സങ്കീർണ്ണവുമായ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിലൊന്നിന് ഇന്ന് രാത്രി നാം സാക്ഷ്യം വഹിക്കും. 47 വർഷം നീണ്ടുനിന്ന ചൂഷണങ്ങൾക്കും അഴിമതിക്കും മരണങ്ങൾക്കും ഒടുവിൽ അന്ത്യമാകും. ഇറാനിലെ മഹാനായ ജനതയെ ദൈവം അനുഗ്രഹിക്കട്ടെ!” എന്നുമാണ് ട്രംപിന്റെ ഭീഷണി.
ഹോർമുസ് ഇടുക്ക് തുറന്നു കൊടുക്കണമെന്ന ട്രംപിന്റെ അന്ത്യശാസനം ഇന്ന് രാത്രിയോടെ അവസാനിക്കാനിരിക്കെയാണ് പോസ്റ്റ് പുറത്തുവന്നിരിക്കുന്നത്. ഇറാനിലെ 47 വർഷം നീണ്ടുനിന്ന ഭരണസംവിധാനത്തിന്റെ അന്ത്യം കുറിക്കുമെന്നും പകരം തീവ്രവാദ ചിന്തകളില്ലാത്ത പുതിയ നേതൃത്വം വരുമെന്നും ട്രംപ് സൂചിപ്പിച്ചു. “47 വർഷത്തെ അഴിമതിക്കും ചൂഷണത്തിനും ഇന്ന് അന്ത്യമാകും” ട്രംപ് കുറിച്ചു.
ഇറാനിലെ വൈദ്യുതി നിലയങ്ങളും പാലങ്ങളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ആക്രമിക്കുമെന്ന് ട്രംപ് നേരത്തെ ഭീഷണി മുഴക്കിയിരുന്നു. എന്നാൽ ഇറാനിലെ പുതിയ നേതൃത്വത്തിന് കീഴിൽ ശുഭകരമായ മാറ്റങ്ങൾ ഉണ്ടായേക്കാമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെക്കുന്നുണ്ട്. ലോകചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങൾക്കായി കാത്തിരിക്കാനാണ് ട്രംപ് ആഹ്വാനം ചെയ്തിരിക്കുന്നത്.



