ന്യൂയോർക്ക്- ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖാംനഇ കൊല്ലപ്പെട്ടതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ് ട്രംപ് ഈ വിവരം പുറത്തുവിട്ടത്. ചരിത്രത്തിലെ ഏറ്റവും ക്രൂരരായ വ്യക്തികളിൽ ഒരാളായ ഖാംനഇ കൊല്ലപ്പെട്ടുവെന്നും, ഇത് ഇറാനിലെ ജനങ്ങൾക്കും അമേരിക്കക്കാർക്കും ലോകമെമ്പാടുമുള്ള നിരപരാധികൾക്കും ലഭിച്ച നീതിയാണെന്നും ട്രംപ് കുറിച്ചു.
അമേരിക്കയുടെ അതിനൂതനമായ ഇന്റലിജൻസ് സംവിധാനങ്ങളും ട്രാക്കിംഗ് സംവിധാനങ്ങളും ഉപയോഗിച്ച് ഇസ്രായേലുമായി സഹകരിച്ചാണ് ഈ നീക്കം നടത്തിയതെന്ന് ട്രംപ് വ്യക്തമാക്കി. ഖാംനഇക്കൊപ്പം മറ്റ് പ്രധാന നേതാക്കളും കൊല്ലപ്പെട്ടിട്ടുണ്ട്. ഇറാനിലെ ജനങ്ങൾക്ക് തങ്ങളുടെ രാജ്യം തിരിച്ചുപിടിക്കാനുള്ള ഏറ്റവും വലിയ അവസരമാണിതെന്നും, ഇറാനിലെ സൈനികരും പോലീസും ഇനി പോരാടാൻ ആഗ്രഹിക്കുന്നില്ലെന്നും അവർ അമേരിക്കയോട് ഇളവുകൾ തേടുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
സമാധാനപരമായി ഇവിടുത്തെ സൈന്യം ഇറാാനിലെ ദേശസ്നേഹികളുമായി ചേർന്ന് രാജ്യത്തിന്റെ പുരോഗതിക്കായി പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇറാൻ എന്ന രാജ്യം ഒരു ദിവസം കൊണ്ട് തന്നെ ഏതാണ്ട് പൂർണ്ണമായും തകർക്കപ്പെട്ടു കഴിഞ്ഞു. എങ്കിലും, മിഡിൽ ഈസ്റ്റിലും ലോകത്തും സമാധാനം കൈവരിക്കുന്നത് വരെ കൃത്യമായ ലക്ഷ്യസ്ഥാനങ്ങൾ കണ്ടെത്തിയുള്ള ബോംബാക്രമണം ഒരാഴ്ചയോളം അല്ലെങ്കിൽ ആവശ്യമായ സമയം വരെ തുടരുമെന്നും ട്രംപ് തന്റെ പോസ്റ്റിലൂടെ മുന്നറിയിപ്പ് നൽകി.
അതേസമയം, ആയത്തുള്ള ഖാംനഇ കൊല്ലപ്പെട്ടതായി ഇറാൻ ഇതേവരെ സ്ഥിരീകരിച്ചിട്ടില്ല. ഇതുസംബന്ധിച്ച് ഒരു വിശദീകരണവും ഇറാനിൽനിന്ന് പുറത്തുവന്നിട്ടില്ല.



